Thursday, 4 April 2019

കൂടുതല്‍ കേസുകളില്‍ കുരുങ്ങി; കെ സുരേന്ദ്രനെ കൂടാതെ ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും ഇന്ന് വീണ്ടും പത്രിക നല്‍കും

തിരുവനന്തപുരം: കെ സുരേന്ദ്രന് പിന്നാലെ ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും കൂടുതല്‍ കേസുകളില്‍ കുരുങ്ങി. ഇതോടെ ഇവരും ഇന്ന് വീണ്ടും പുതുക്കിയ നാമനിര്‍ദേശ പത്രിക നല്‍കും. 

ശബരിമല ഹര്‍ത്താലും പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് 40 കേസുകളാണ് ബിജെപ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സോഭ സുരേന്ദ്രന്‍ പുതിയ കേസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കുക.

ചാലക്കുടിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എഎന്‍ രാധാകൃഷ്ണനും ഇന്ന് വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. 

രാധാകൃഷ്ണനെതിരേ 146 കേസുകള്‍കൂടിയാണ് ചുമത്തിയിട്ടുള്ളത്. നിലവില്‍ ഏഴു കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്. ഈ വിവരം ആദ്യം നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ കേസുകളുടെ വിവരം ബുധനാഴ്ചയാണ് അറിഞ്ഞതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല സമരവുമായി ബന്ധപ്പെട്ടാണ് കേസുകള്‍. എല്ലാ കേസുകളിലുംകൂടി ആയിരത്തിലധികം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനും ഇന്ന് പുതിയ നാമനിര്‍ദേശ പത്രിക നല്‍കും. 20 കേസുകള്‍ ഉണ്ടെന്നായിരുന്നു ആദ്യ പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ കൂടി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പത്രിക നല്‍കുന്നത്. 

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇന്ന് പത്രിക നല്‍കും. ഗുരുവായൂരില്‍ തൊഴുതശേഷമാകും അദ്ദേഹം പത്രിക സമര്‍പ്പിക്കുക. ജയിലിലായ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി കെ.പി. പ്രകാശ് ബാബുവിനായി അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റാണ് ഇന്ന് പത്രിക സമര്‍പ്പിക്കുക.


SHARE THIS

Author:

0 التعليقات: