Monday, 22 April 2019

ആത്മവിശ്വാസം പങ്കുവെച്ച് ഇരുമുന്നണികളും; മുന്നേറ്റമുണ്ടാക്കുമെന്ന് എന്‍ ഡി എ

തിരുവനന്തപുരം: ആവേശം കൊട്ടിക്കയറിയ പരിസമാപ്തി കഴിയുമ്പോള്‍ കേരളത്തില്‍ ആത്മവിശ്വാസം പങ്കുവച്ചു യുഡിഎഫും എല്‍ഡിഎഫും. മുമ്പില്ലാത്ത മുന്നേറ്റമായിരിക്കുമെന്ന് എന്‍ഡിഎ. പോളിങ് ശതമാനം ഉയരുമെന്ന വിലയിരുത്തലിലാണു മൂന്നു മുന്നണികളും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ദേശീയ നേതൃനിരയാകെ കേരളത്തെ ഇളക്കിമറിച്ച ഒന്നരമാസത്തിലധികം നീണ്ട പ്രചാരണത്തിനാണ് ഇന്നലെ കൊടിയിറങ്ങിയത്. സമീപകാലത്ത് ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും പ്രചാരണ കാലയളവ് ഇത്രയും നീണ്ടിട്ടില്ല. അതുകൊണ്ടു തന്നെ തങ്ങള്‍ക്കു പറയാനുള്ളത് ഓരോ വോട്ടര്‍മാരിലുമെത്തിച്ചുവെന്ന വിശ്വാസത്തിലാണു മൂന്നു മുന്നണികളും.


ദേശീയരാഷ്ട്രീയം മുതല്‍ ശബരിമലയടക്കമുള്ള വിവാദപര്‍വങ്ങള്‍ വരെ കളം നിറഞ്ഞാടിയ പ്രചാരണദിനങ്ങളുടെ ആവേശം വോട്ടര്‍മാരും ഏറ്റുവാങ്ങിയിട്ടുണ്ടെന്നു കക്ഷിഭേദമന്യേ നേതാക്കള്‍ വിലയിരുത്തുന്നു. തങ്ങളുടെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ അവര്‍ കൈമെയ് മറന്നു നാളെ അധ്വാനിക്കുക കൂടി ചെയ്യുമ്പോള്‍ പോളിങ് ശതമാനം 2014 ലെ 74.04 ശതമാനത്തില്‍ നിന്നും ഉയരുമെന്നാണു കരുതുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പു പ്രക്രിയയോടുള്ള താല്‍പര്യം കൂട്ടാന്‍ യുവാക്കളടക്കമുള്ളവരെ പ്രേരിപ്പിക്കുമെന്ന വിശകലനവുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35% എന്ന മികച്ച പോളിങ്ങായിരുന്നു കേരളത്തില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിലേക്കു വരാമെന്ന പ്രതീക്ഷ ശക്തം. കഴിഞ്ഞ തവണ ദേശീയ ശരാശരി 66.40% ആയിരുന്നു. 2009 ല്‍ കേരളത്തില്‍ 73.36 ശതമാനവും. രാഷ്ട്രീയം തിളച്ചു മറിയുന്നതിനാല്‍ 'നോട്ട'യുടെ അരാഷ്ട്രീയതയോടു വോട്ടര്‍മാര്‍ മുഖം തിരിക്കുമെന്ന വിശ്വാസവും പാര്‍ട്ടികള്‍ക്കുണ്ട്. 2014 ല്‍ രണ്ടുലക്ഷത്തിലേറെപ്പേര്‍ 'നോട്ട'യില്‍ കുത്തിയിരുന്നു. ഇത്തവണ 2,88,191 കന്നി വോട്ടര്‍മാര്‍ വോട്ടിടും. ഇവരുടെ നിലപാട് ചില മണ്ഡലങ്ങളില്‍ നിര്‍ണായകമാകും.

രാജ്യത്താകെ കോണ്‍ഗ്രസിനു പ്രതികൂല സാഹചര്യമുണ്ടായിരുന്ന 2014 ല്‍ കേരളം 12 സീറ്റോടെ യുഡിഎഫിന് അനൂകുലമായി നിന്നുവെങ്കില്‍ ഇത്തവണ വന്‍കുതിപ്പാണ് മുന്നണി പ്രതീക്ഷിക്കുന്നത്. കുറഞ്ഞതു 16 സീറ്റെങ്കിലും നേതാക്കള്‍ എണ്ണുന്നു. കോണ്‍ഗ്രസ് തരംഗം തന്നെയാണു കേരളത്തിലെന്ന് അവകാശപ്പെടുന്ന അവര്‍ ഇരുപതും പിടിച്ചാലും അത്ഭുതപ്പെടാനില്ലെന്നു പറയുന്നു.

ന്യൂനപക്ഷ ഏകീകരണം തുണയാകുമെന്നു തന്നെ വിശ്വാസം. 'ശബരിമല' സര്‍ക്കാര്‍വിരുദ്ധ ഭൂരിപക്ഷ വോട്ടുകള്‍ യുഡിഎഫ് പെട്ടിയില്‍ വീഴ്ത്തുമെന്നും രാഹുല്‍ ഫാക്ടര്‍ വടക്കന്‍ കേരളത്തിലെ സിപിഎം കോട്ടകള്‍ വരെ കുലുക്കുമെന്നുമുള്ള ആവേശത്തിലാണു യുഡിഎഫ്.

ഈ പ്രതീക്ഷകളെല്ലാം പാളുമെന്ന വിശ്വാസമാണ് ഇടതുമുന്നണി നേതൃത്വം പങ്കുവയ്ക്കുന്നത്. 2004 ല്‍ വാജ്‌പേയി സര്‍ക്കാരിനെ താഴെയിറക്കിയപ്പോള്‍ കേരളത്തിലെ 18 സീറ്റിലും എല്‍ഡിഎഫ് ജയിച്ചുവെങ്കില്‍ മോദി സര്‍ക്കാരിനെ വീഴ്ത്തണമെന്ന വികാരവും അതേ പ്രതികരണം കേരളത്തിലുണ്ടാക്കുമെന്നു മുന്നണി വിലയിരുത്തുന്നു. സര്‍ക്കാരിനെതിരെ എവിടെയും വികാരമില്ലെന്നും നേതാക്കള്‍ പറയുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

മുന്‍കാലങ്ങളില്‍ കേരളത്തില്‍ ത്രികോണ മത്സരങ്ങള്‍ പേരിനായിരുന്നുവെങ്കില്‍ ഇക്കുറി ഭൂരിപക്ഷം മണ്ഡലങ്ങളിലും മുന്നണികള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നുവെന്ന അവകാശവാദമാണ് എന്‍ഡിഎയുടേത്. വിജയം മണക്കുന്ന അവര്‍ വോട്ടു വിഹിതവും കൂടുമെന്ന ആത്മവിശ്വാസത്തിലാണ്. ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തനവും കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന പ്രതിച്ഛായയും കേരളത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നു ബിജെപി കരുതുന്നു.


SHARE THIS

Author:

0 التعليقات: