Friday, 26 April 2019

'പുതിയ വര്‍ത്തമാനങ്ങളില്‍ പ്രവാസത്തിനും ആധിയുണ്ട്' ഐ സി എഫ് പ്രവാസി സഭ ഇന്ന്

അബുദാബി: പുതിയ കാലത്തെ വെല്ലുവിളികളില്‍ സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പര്യാപ്തമാകുന്നതിന്നായി ഐ സി എഫ് യൂണിറ്റ് തലത്തില്‍ ഇന്ന് പ്രവാസി സഭ സംഘടിപ്പിക്കും. പുതിയ വാര്‍ത്തകളില്‍ പ്രവാസത്തിനും ആധിയുണ്ട് എന്നതാണ് പരിപാടികളുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ആയിരത്തോളം കേന്ദ്രങ്ങളിലായി നടന്ന സമഗ്ര ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും  സമാപനമായാണു പ്രവാസി സഭ നടക്കുന്നുത്.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ രാജ്യത്ത് നിന്ന് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അശുഭ സൂചനകളാണ്. ഇന്ത്യയുടെ പ്രത്യേകതയായ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുകയും അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും ഭീതിപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്ന കാലഘട്ടത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളും സംവാദങ്ങള്‍ക്കും പ്രവാസി സഭയുടെ അനുബന്ധമായി നടന്ന പരിപാടികള്‍ സാക്ഷിയായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആരോഗ്യമേഖലക്ക് വെല്ലുവിളി തീര്‍ത്തുകൊണ്ട് കാന്‍സര്‍ എന്ന മഹാമാരി മുന്നേറുകയാണു. കാന്‍സര്‍ കാരണമായുള്ള മരണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനവും പ്രതിവിധികളെക്കുറിച്ചുള്ള ബോധ്യവും സമൂഹത്തിന് അനിവാര്യമാണ്. അതനുസരിച്ചുള്ള പാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്ന കാന്‍സര്‍ ബോധവത്കരണ പരിപാടികളും പ്രവാസി സഭയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പരിപാടികള്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
നാഷനല്‍, പ്രൊവിന്‍സ്, സെന്‍ട്രല്‍, സെക്ടര്‍ ഘടകങ്ങളില്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്നു. സെന്‍ട്രല്‍ തലത്തില്‍ പ്രബന്ധ, കവിതാ മത്സരം, പ്രമേയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സെമിനാര്‍ തുടങ്ങിയവയും പ്രമേയ സന്ദേശ പ്രചാരണങ്ങളും നടന്നു.

ഹാദിയ അംഗങ്ങളെ ഉള്‍പെടുത്തിയുള്ള കുടുംബ മജ്‌ലിസ്, കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം, വനിതകള്‍ക്ക് പ്രബന്ധ രചനാ മത്സരം, ജനസമ്പര്‍ക്കം എന്നിവക്കും ശേഷമാണ് ഇന്ന് പ്രവാസിസഭ ചേരുന്നത്. പ്രമേയവും പ്രാസ്ഥാനിക പഠനവും ചര്‍ച്ച ചെയ്യുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രവാസി സഭയില്‍ നടക്കുക. 

ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷമായ വിശ്വപൗരത്വ ബോധത്തിലൂടെ ഉയര്‍ന്നുവന്ന പ്രവാസലോകം സമീപ കാലഘട്ടത്തില്‍ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുകയും പുതിയ സാങ്കേതിക വിദ്യയുടെ ഉയര്‍ച്ചയും സ്വദേശിവത്കരണവും പ്രവാസത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യുമ്പോള്‍ ബദലുകള്‍ അന്വേഷിക്കാനുള്ള വേദിയാവും പ്രവാസി സഭ. കുടിയേറിയവരുടെ അറിവും അനുഭവ സമ്പത്തും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പദ്ധതികള്‍ രൂപപ്പെടേണ്ടതിനെക്കുറിച്ചും സഭ ചര്‍ച്ച ചെയ്യും.
വിവിധ മേഖലയില്‍ മികച്ച പ്രകടനം നടത്തിയ പ്രമുഖരെയും വിദ്യാര്‍ഥികളെയും മറ്റും സഭയില്‍ ആദരിക്കും. 

കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി അവബോധ സംഗമങ്ങള്‍, ലഘുലേഖ വിതരണം, കൊളാഷ് പ്രദര്‍ശനം, ഡോക്യുമെന്ററി, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടക്കും.


SHARE THIS

Author:

0 التعليقات: