Friday, 26 April 2019

രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തരുത്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

(അറബ് ലോകത്തെ പ്രശസ്ത ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസ്  പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായുള്ള അഭിമുഖത്തിന്റ വിവര്‍ത്തനം)
-ആശ്വാനി കുമാര്‍ ഖലീജ് ടൈംസ് 

ഇന്ത്യയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാന്‍ഡ് മുഫ്തി സാമുദായിക സംഘര്‍ഷങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നതില്‍ ഏറെ വേദനിക്കുന്നയാളാണ്. വൈജ്ഞാനികമായി തലമുറകളെ വികസിപ്പിക്കുകയാണ് ഭിന്നതകള്‍ അവസാനിപ്പിക്കാനുള്ള വഴിയെന്ന് അദ്ദേഹം കരുതുന്നു. വിദ്യാഭ്യാസത്തിനു കേന്ദ്രസ്ഥാനം നല്‍കിയാണ് കേരളത്തിലിരുന്ന് ശൈഖ് അബൂബക്കര്‍ അഹ്മദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിച്ഛായ മാറ്റാന്‍ ശ്രമിക്കുന്നത്. 80 വയസ്സായ ഈ പണ്ഡിതന്‍ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തനങ്ങളുള്ള ജാമിഅ മര്‍കസ് സ്ഥാപകനാണ്.

കേരളത്തിലെ ചില മര്‍കസ് സ്‌കൂളുകളില്‍ പഠിക്കുന്നവരില്‍ അന്‍പത് ശതമാനവും മുസ്‌ലിമേതരരാണ്. ഈ മാതൃക ഇതരസംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശൈഖ് അബൂബക്കര്‍ ഗ്രാന്‍ഡ് മുഫ്തിയായി നിയമിതനായത്. ഇന്ത്യയിലെ ഇസ്‌ലാമിക കാര്യങ്ങളില്‍ ഫത്‌വകള്‍ നല്‍കാനുള്ള ഉയര്‍ന്ന പദവിയാണിത്. രാജ്യത്താകെയുള്ള മുഫ്തിമാരെ ഒരുമിപ്പിച്ചു, അവര്‍ക്ക് അവബോധം നല്‍കാനും , സ്ത്രീ പള്ളിപ്രവേശം പോലെയുള്ള കാര്യങ്ങളില്‍ നിലപാട് രൂപപ്പെടുത്താനും അദ്ദേഹം ലക്ഷ്യമാക്കുന്നു.

രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കലര്‍ത്തുന്നതിനോട് ഈ നേതാവ് വിയോജിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഇന്ത്യയിലെ മതേതരത്വത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അബുദാബിയില്‍ നല്‍കിയ ഗ്രാന്‍ഡ് സ്വീകരണത്തിനിടെ നടത്തിയ ഈ അഭിമുഖത്തില്‍ , ശൈഖ് അബൂബക്കര്‍ അഹ്മദ് വ്യക്തമാക്കുന്നത്, ഇന്ത്യക്കാര്‍ക്കിടയില്‍ സാഹോദര്യം പുനഃസ്ഥാപിക്കാന്‍ അദ്ദേഹം ശക്തമായ ശ്രമങ്ങള്‍ നടത്തുമെന്നാണ്.

ചോദ്യം: ഗ്രാന്‍ഡ് മുഫ്തിയെന്ന നിലയില്‍ നിങ്ങളുടെ റോള്‍ എന്താണ്? എന്തെല്ലാം മാറ്റങ്ങളാണ് താങ്കള്‍ ആരംഭിക്കാനിരിക്കുന്നത്?

ഉത്തരം: ഇതൊരു വലിയ ഉത്തരവാദിത്തമാണ്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ വരുമ്പോള്‍ ഇന്ത്യയിലെ മുഫ്തിമാരെ ഏകോപിപ്പിച്ചു കൂട്ടമായെടുത്ത തീരുമാനം രൂപപ്പെടുത്തും. ഉദാഹരണത്തിന് മുത്തലാഖ് പോലെയൊരു വിഷയം പാര്‍ലമെന്റില്‍ വരുമ്പോള്‍ മുഫ്തിമാര്‍ക്കിടയില്‍ അതുമായി ബന്ധപ്പെട്ടു ചര്‍ച്ച സംഘടിപ്പിക്കും. നേരത്തെയുണ്ടായിരുന്ന ഗ്രാന്‍ഡ് മുഫ്തി കഴിഞ്ഞവര്‍ഷം മരണപ്പെട്ടതിനാല്‍ അത്തരം ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. വളരെ പ്രാധാന്യമുള്ള ഫത്‌വകള്‍ ഗ്രാന്‍ഡ് മുഫ്തി പുറപ്പെടുവിക്കുന്നു. ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ മുസ്ലിംകള്‍ പിന്തുടരുന്നത് മുസ്‌ലിം വ്യക്തിനിയമമാണ് അത് സുന്നികള്‍ക്കും ശിയാക്കള്‍ക്കും വെവ്വേറെയാണ്. പാര്‍ലമെന്റില്‍ ഏതെങ്കിലും മുസ്‌ലിം വിഷയങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ തീരുമാനമെടുക്കുന്നതില്‍ മുഫ്തിയുടെ ഫത്‌വ നിര്‍ണ്ണായകമാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കും. മുസ്‌ലിം സമുദായത്തില്‍ ഐക്യവും വിവിധ (സുന്നി)വിഭാഗങ്ങള്‍ക്കിടയില്‍ ഹൃദ്യമായ ബന്ധവും കൊണ്ടുവരാന്‍ ശ്രമിക്കും. രാജ്യത്തെ വികസിപ്പിക്കുന്ന പ്രക്രിയയില്‍ മുസ്‌ലിംകളുടെ പങ്കു വലിയരീതിയില്‍ ഉണ്ടാവുന്നത് കാണാന്‍ ഞാനാഗ്രഹിക്കുന്നു.

ചോദ്യം: ഇന്ത്യയിലെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്താണ്? എന്തെല്ലാമാണ് അതിന് പരിഹാരമായി നിര്‍ദേശിക്കാനുള്ളത് ?

ഉത്തരം: വിദ്വേഷങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കും പ്രധാന കാരണം വിദ്യാഭ്യാസമില്ലായ്മയാണ്. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തരുത്; കാരണം അത് സമൂഹത്തില്‍ വിള്ളലുകളും ചേരിതിരിവും ഉണ്ടാക്കും. മുസ്‌ലിംകള്‍ക്ക് ഒറ്റപ്പെട്ടുനില്‍ക്കാന് പാടില്ല. എല്ലാ മുഖ്യധാരാ സംഘടനകളുടെയും ഭാഗമാവണം അവര്‍. തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍നിന്ന് മുസ്‌ലിം സ്ഥാനാര്‍ത്ഥികളും ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ നിന്ന് ഹിന്ദു സ്ഥാനാര്‍ത്ഥികളും നിശ്ചയിക്കപെപ്പടുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഒരു മുസ്‌ലിം ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്നും, ഒരു ഹിന്ദു മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ നിന്നും വിജയിക്കുമ്പോഴാണ് മതേതരത്വത്തിന് തിളക്കം കൂടുന്നത്. കേരളത്തില്‍ കാണുന്നത് പോലെ, ഇന്ത്യയിലെ എല്ലായിടത്തും എല്ലാ വൈവിധ്യങ്ങളും നിറഞ്ഞുനില്‍ക്കുമ്പോഴും എല്ലാവര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ സാധിക്കണം. സമാധാനവും സൗഹാര്‍ദ്ധവും ഇന്ത്യയില്‍ വികസിപ്പിക്കുന്നതില്‍ വിദ്യഭ്യസത്തിനു പ്രധാന പങ്കുവഹിക്കാനാവും.



ഇന്ത്യയിലെ നേതാക്കള്‍ക്കും യു.എ.ഇയുടെ നേതൃത്വത്തില്‍ നിന്ന് പഠിക്കാനുള്ളത് എന്തെല്ലാമാണ്?

ഇരുനൂറു രാജ്യങ്ങളിലെ പൗരന്മാര്‍ ഒരുമയോടെ ജീവിക്കുന്ന ഇസ്‌ലാമിക രാജ്യമാണ് യു.എ.ഇ. അവിടെ കുടിയേറി ജീവിക്കുന്ന ഹൈന്ദവവിശ്വാസികളുടെ ആരാധനകള്‍ക്കു പുതിയ അമ്പലം പണിതു നല്‍കിയത്, യു.എ.ഇ നേതൃത്വം കാണിക്കുന്ന സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാണ്. സ്‌നേഹവും സമാധാനവും ഇസ്‌ലാം എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ച ആശയങ്ങളാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്; വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരാളെയും നിര്‍ബന്ധിപ്പിച്ചു കൊണ്ടുവരരുത് എന്നും, സ്വമേധയാ സ്വീകരിക്കപ്പെടേണ്ട ഒന്നാണതെന്നുമാണ്.


SHARE THIS

Author:

0 التعليقات: