Friday, 26 April 2019

പള്ളി ഇമാമിനെ ആക്രമിച്ചവരെ ഉടന്‍ പിടികൂടും, ജമാഅത്ത് കമ്മിറ്റിക്ക് എസ്.പി.യുടെ ഉറപ്പ്

കാസര്‍കോട്: നെല്ലിക്കുന്ന് ജംഗ്ഷന്‍ പള്ളി ഇമാം അബ്ദുല്‍ നാസര്‍ സഖാഫിയെ ആക്രമിച്ചവരെ ഉടന്‍ പിടിക്കൂടുമെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ജില്ലാ പോലീസ് മേധാവി ജോര്‍ജ് ജോസഫ് അറിയിച്ചു. കേസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇന്നലെ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ എസ് പി യെ നേരില്‍ കണ്ട് അറിയിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. 

കഴിഞ്ഞ മാസം 21 ന് നടന്ന സംഭവത്തില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് പോലീസ് സഖാഫിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ലോക് സഭ തിരഞ്ഞെടുപ്പ് വന്നതോടെ കേസിന്റെ അന്വേഷണം മന്ദഗതിയിലായി. ഊര്‍ജിതമായ അന്വേഷണം നടത്തി ആക്രമിച്ചവരേ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കമ്മിറ്റി ഭാരവാഹികള്‍ക്ക് എസ്.പി.ഉറപ്പ് നല്‍കി. 

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍ എയ്‌ക്കൊപ്പമാണ് ഭാരവാഹികള്‍ എസ്.പി.യെ കണ്ടത്. കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി ബി.കെ.ഖാദര്‍, ട്രഷറര്‍ ടി.എ.മഹ്മൂദ് ഹാജി ബങ്കരക്കുന്ന് എന്നിവരും സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: