Tuesday, 16 April 2019

അഞ്ചര മണിക്കൂറിനുള്ളില്‍ 400 കിലോമീറ്റര്‍; കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്ന 15 ദിവസം പ്രായമായ കുട്ടിയെയുമായി ആംബുലന്‍സ് എറണാകുളം അമൃത ആശുപത്രിയിലെത്തി. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അമൃതയിലേക്ക് തിരിച്ചത്. കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രക്ക് പകരം എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഇടപെട്ട് വഴിയൊരുക്കുകയായിരുന്നു. ബന്ധുക്കള്‍ സമ്മതിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. സംസ്ഥാന സര്‍ക്കാറിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി ബന്ധുക്കളെ അറിയിച്ചു. 

രാവിലെ 11.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കെ എല്‍ 60 ജെ 7739 നമ്പര്‍ ആംബുലന്‍സ് 400 കിലോമീറ്റര്‍ പിന്നിട്ട് വൈകീട്ട് നാലരയോടെയാണ് അമൃത ആശുപത്രിയില്‍ എത്തിച്ചത്. അഞ്ചര  മണിക്കൂര്‍ കൊണ്ടാണ് ഇത്രയും ദൂരം ആംബുലന്‍സ് താണ്ടിയത്. ഇതിനിടെ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും അര മണിക്കൂര്‍ ഇടവേള എടുത്തത് ഒഴിച്ചാല്‍ മറ്റൊരിടത്തും ഒരു തടസ്സവും ഉണ്ടായിരുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ സ്വദേശി ഹസന്‍ പറഞ്ഞു. വഴിയിലുടനീളം ആളുകള്‍ വലിയ സഹകരണമാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

12 മണിക്കൂറിനകം ആംബുലന്‍സ് തിരുനന്തപുരത്ത് എത്തണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചികിത്സ അമൃതയിലേക്ക് മാറ്റിയതോടെ ഏഴ് മണിക്കൂറിനം വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. ആംബുലന്‍സ് തൃശൂര്‍ പിന്നിട്ടപ്പോഴാണ് കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ആരാേഗ്യ മന്ത്രി നേരിട്ട് ആശുപത്രി അധികൃതരെയും കുഞ്ഞിന്റെ ബന്ധുക്കളെയും വിളിച്ച് ഇതിനായി വഴിയൊരുക്കുകയായിരുന്നു.  



കാസര്‍കോട് സ്വദേശികളായ മിത്താഹ് സാനിയ ദമ്പതികളുടെ കുഞ്ഞിനെയാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോകുന്നത്. കുഞ്ഞിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനാണ് യാത്ര പകല്‍ സമയത്താക്കിയത്.

SHARE THIS

Author:

0 التعليقات: