കാഞ്ഞങ്ങാട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യഹര്‍ജി ബുധനാഴ്ച ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഒന്‍പതുപേരാണ് ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.
സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന എ.പീതാംബരനാണ് കേസിലെ മുഖ്യപ്രതി. മറ്റൊരു സി.പി.എം. പ്രവര്ത്തകന് സജി സി.ജോര്‍ജ് രണ്ടാംപ്രതിയാണ്. കല്യോട്ട് ഏച്ചിലടുക്കത്തെ കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍, കുണ്ടാംകുഴി സ്വദേശിയും കല്യോട്ട് താമസക്കാരനുമായ അശ്വിന്, ഏച്ചിലടുക്കം പിലാക്കത്തൊട്ടിലെ ശ്രീരാഗ്,.കല്യോട്ട് കൂരാങ്കര റോഡിലെ ഗിജിന്‍, എ.മുരളി, കണ്ണോത്തെ രഞ്ജിത്ത് എന്നിവരാണ് മറ്റുള്ളവര്‍. പത്തുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ സി.ഐ.ടി.യു.
പ്രവര്‍ത്തകനായ വെളുത്തോളി ചാല് സ്വദേശിയെ പിടിക്കാനായില്ല. ഇയാള്‍ സംഭവത്തിനുശേഷം വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പേരും പോലീസ് പുറത്തുവിട്ടിട്ടില്ല.
കൊലപാതകം നടന്നിട്ട് 52 ദിവസം പിന്നിട്ടു. വേഗത്തില്‍ കുറ്റപത്രം നല്‍കാനാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനിടയിലാണ് പ്രതികള്‍ക്കുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതേസമയം കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്കിയ ഹര്‍ജി 12ന് ഹൈക്കോടതി പരിഗണിക്കും.
0 التعليقات: