Thursday, 4 April 2019

സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ രാഹുല്‍, വയനാടിന്റെ സുല്‍ത്താനെന്ന് പ്രവര്‍ത്തകര്‍

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

എസ്.ജി.എം കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ താല്‍ക്കാലിക ഹെലിപാഡ!ില്‍ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരോടൊപ്പം കളക്‌ട്രേറ്റിലേക്ക് പുറപ്പട്ടു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ഇസഡ് പ്‌ളസ് കാറ്റഗറിയിലാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കേന്തിയ 36 കമാന്‍ഡോകള്‍ ഫുള്‍ടൈം കൂടെയുണ്ടാകും. പത്രിക സമര്‍പ്പിക്കുന്ന വയനാട് കളക്‌ട്രേറ്റിലും വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പതിനൊന്ന് മണിക്ക് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കും. രാഹുലിനൊപ്പം നാലുപേര്‍ക്ക് മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ കളക്ടറുടെ ചേമ്ബറിലേക്ക് കയറാന്‍ അനുവാദമുള്ളൂ. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ട്. 10 മിനിറ്റിനകം പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കും. ഇതിന് ശേഷം റോഡ് ഷോ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 

ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായി പ്രവര്‍ത്തകര്‍ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു.


SHARE THIS

Author:

0 التعليقات: