Thursday, 4 April 2019

ആവേശത്തിരയില്‍ രാഹുല്‍ വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11.30 ഓടെ വയനാട് കലക്ടറേറ്റിലെത്തി കലക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. 

കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. നാലു സെറ്റ് നാമനിര്‍ദേശപത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകളെല്ലാം തന്നെ രാഹുല്‍ വരാണാധികാരിയായ കലക്ടര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു. സഹോദരിയും എഐസിസി ജനറല്‍ സിക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

രാവിലെ 10.45 ഓടെയാണ് കോഴിക്കോട്ടുനിന്ന് രാഹുല്‍ വയനാട്ടിലേക്കു പുറപ്പെട്ടത്. 11.06 ഓടെ ഇരുവരെയും വഹിച്ചെത്തിയ ഹെലിക്കോപ്റ്റര്‍ വയനാട്ടിലെത്തി. രാഹുലിനെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവര്‍ത്തകരാണ് ഇവിടെ എത്തിയിരുന്നത്. റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചിരിക്കുകയാണ്.
പത്രിക സമര്‍പ്പിച്ചതിന് ശേഷം കല്‍പ്പറ്റയില്‍ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു. സുരക്ഷാ കാണങ്ങളെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പ്രദേശത്ത് നിന്ന് മാറിയാണ് റോഡ് ഷോ നടത്തിയത്. 

കല്‍പ്പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ നടത്തിയത്. തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡല്‍ഹിയിലേക്കാകും മടങ്ങുക.

കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുല്‍ എത്തുന്നതിന് മുമ്പേ വയനാട്ടിലെത്തി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 10.45 ഓടെയാണ് കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്ന് അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചത്.

വൈത്തിരി വെടിവെപ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല. അതേസമയം, സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി.


SHARE THIS

Author:

0 التعليقات: