Friday, 10 May 2019

ഞാനൊരു മുസ്ലിമാണ്

തന്റെ ദൗത്യം നിര്‍വഹിക്കാന്‍ മര്‍സദ് വീട്ടില്‍ നിന്നിറങ്ങി. പതിനാലാം രാവായിരുന്നു അന്ന്. ഇരുട്ടില്‍ അലയണ്ട. ധൃതിയില്‍ നടക്കുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് ഒരാള്‍ വരുന്നു. പെട്ടെന്ന് അദ്ദേഹം ഒരിടത്തേക്ക് മാറിനിന്നു. അടുത്തെത്തിയപ്പോള്‍ അതൊരു സ്ത്രീയാണെന്ന് മനസിലായി. രൂപവും ഭാവവും കണ്ടപ്പോള്‍ അവളെ പിടികിട്ടി. മക്കയിലെ സൗന്ദര്യറാണി അനാഖ.

ഒളിഞ്ഞുനിന്ന് തോട്ടത്തില്‍ നിന്നു വഴിയിലേക്ക് കയറിയ അവള്‍ക്കും തന്റെ പഴയ തോഴനെ മനസിലായി. അവള്‍ അടുത്തു. സുഖവിവരങ്ങള്‍ ചോദിച്ചു. പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു; 
വരൂ, ഞാന്‍ ഒരാളെ തേടിയിറങ്ങിയതായിരുന്നു. കണ്ടത് താങ്കളെ.
മര്‍സദ് പറഞ്ഞു: അരുത്, ഇനി നിന്നെ പ്രാപിക്കാന്‍ എന്നെ കിട്ടില്ല. അത് മഹാപാപമായി കാണുന്ന ഒരു മതാനുയായായിയാണ് ഞാന്‍. ഞാനൊരു മുസ്ലിമാണ്. നിന്നെ സുഖിപ്പിക്കാന്‍ ഇനി എന്നെ കിട്ടില്ല. 

അനാഖ അണ്ഡാളിച്ചു. പല രാത്രികളും സുഖം പങ്കിട്ട ഇയാള്‍ എന്നോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയോ? അവള്‍ വീണ്ടും കിന്നരിച്ചു. ദയവായി ഈ രാത്രി കൂടി.....
ഇല്ല.... പോയകാല ജീവിതം എന്റെ ദൗര്‍ബല്യമായിരുന്നു. ഇത് പഴയ ആളല്ല... ഇന്ന് ഞാന്‍ റസൂലിന്റെ സഹചാരിയാണ്. അവിടുത്തെ ശിക്ഷണം എന്നെ സംസ്‌കാരമുള്ളവനാക്കി. അനാഖ എന്നില്‍ നിന്നും പോകണം. 

അവള്‍ക്കത് രസിച്ചില്ല. അവളുടെ ഭാവം മാറി. ഉറക്കെ വിളിച്ചുപറഞ്ഞു. 
ഇതാ.... കള്ളന്‍.... ഓടിവരൂ... ബന്ധനസ്ഥരെ മോചിപ്പിച്ച് മക്കക്കാരെ കബളിപ്പിക്കാന്‍ വന്ന മനുഷ്യക്കടത്തുകാരന്‍.....
അവളുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടി. അദ്ദേഹം ജീവനും കൊണ്ടോടി. ഗുഹയില്‍ ഒളിച്ചു. വന്നവര്‍ കള്ളനെ തേടി അരിച്ചുപെറുക്കി. ഗുഹക്കുമുന്നിലൂടെ അവര്‍ പലവട്ടം നടന്നു. ഗുഹാമുഖത്തേക്ക് അവര്‍ മൂത്രമൊഴിച്ചു. മൂത്രത്തുള്ളികള്‍ തലയില്‍ വര്‍ഷിച്ചു. അദ്ദേഹം അനങ്ങിയില്ല. ഓടിക്കൂടിയവര്‍ നിരാശരായി മടങ്ങി. ശത്രുക്കള്‍ പോയപ്പോള്‍ അദ്ദേഹം ഗുഹയില്‍ നിന്നിറങ്ങി. തന്റെ ദൗത്യ നിര്‍വഹണം നടത്തി. മക്കയിലെ ബന്ധികളായ മുസ്ലിംകളെ മദീനത്തെത്തിക്കലാണ് മര്‍സിനു ജോലി. 

ജാഹിലിയത്തില്‍ മര്‍സദിന്റെ മനസ് കീഴടക്കിയവളാണ് അനാഖ. മുസ്ലിമായിട്ടും അവളെ ജീവിതപങ്കാളിയാക്കാന്‍ മര്‍സദ് ചിന്തിച്ചു. ആഗ്രഹം നബിയോട് പറഞ്ഞു. ആ ആഗ്രഹം നിരസിക്കപ്പെട്ട് വഹ്‌യ് വന്നു.


-അബ്ബാസ് സഖാഫി കാവുംപുറം


സൂറത്തുന്നൂറിലെ മൂന്നാം ആയത്ത് ഇറങ്ങി.

വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ, ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (നൂര്‍ - 3)


SHARE THIS

Author:

0 التعليقات: