Tuesday, 7 May 2019

പട്ടിണി കിടന്ന കുടുംബം

വിശപ്പടക്കണം, ആവശ്യത്തിന് ഭക്ഷണമില്ല. വാങ്ങാന്‍ കാശുമില്ല. അലി (റ) വീട്ടില്‍ നിന്നും ഇറങ്ങി ഒരു ജൂതന്റെ തോട്ടത്തില്‍ അല്‍പം ബാര്‍ളിക്കുവേണ്ടി ജോലി ചെയ്തു. ജോലി കഴിഞ്ഞ് ബാര്‍ളിയുടെ മുന്നില്‍ ഇരുന്നു. ഭക്ഷണം തയ്യാര്‍ ചെയ്യാന്‍ മാറ്റിവെച്ച് പൊടിച്ച് വെച്ചപ്പോള്‍ ഒരു അഗതി കടന്നുവന്നു. വല്ലതും തരാന്‍ ആവശ്യപ്പെടുന്നു. അലി (റ) അത് അയാള്‍ക്ക് നല്‍കി.

പിന്നെ ബാക്കി മൂന്നില്‍ രണ്ടിലെ ഒരു ഭാഗം എടുത്തുപൊടിച്ച് ഭക്ഷണം പാകം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ഒരു അനാഥന്‍ കടന്നുവന്ന് വല്ലതും തരുമോ?  എന്ന് ചോദിച്ചു. അത് അനാഥന് നല്‍കി. ശേഷിക്കുന്ന അവസാന ബാര്‍ളി പൊടിച്ച് ഭക്ഷണം റെഡിയാക്കുമ്പോള്‍ അവിശ്വാസിയായ ഒരു യാചകന്‍ കടന്നുവന്നു. അത് അയാള്‍ക്കും നല്‍കി. അന്നത്തെ കൂലിയായി ലഭിച്ച ബാര്‍ളി മുഴുവന്‍ തീര്‍ന്നു. അന്ന് അലി(റ) യും കുടുംബവും പട്ടിണി കിടന്നു. ഹസനുബ്‌നു അലി (റ) യാണ് ഈ സംഭവം വിവരിച്ചത്. 
പട്ടിണി കിടക്കേണ്ടിവന്നിട്ടും മറ്റുള്ളവരുടെ വിശപ്പടക്കി അലി (റ) നെ കുറിച്ചാണ് ഖുര്‍ആനിലെ 76-ാം അധ്യായത്തിലെ 8-9 ആയത്തുകള്‍ ഇറങ്ങിയത്. 
ദാനധര്‍മ്മങ്ങള്‍ക്ക് വലിയ പുണ്യം ലഭിക്കുന്ന മാസമാണ് റമസാന്‍. പുണ്യനബി (സ) റമസാനില്‍ കൂടുതല്‍ ധര്‍മ്മം ചെയ്യുമായിരുന്നു. 
ധര്‍മ്മത്തിന്റെ പ്രതിഫലം അഞ്ചു വിധമുണ്ട്.
1. ഒന്നിന് പത്ത് മടങ്ങ് പ്രതിഫലം. അത് ആരോഗ്യവാന് നല്‍കുന്ന ധര്‍മ്മമാണ്
2. ഒന്നിന് തൊണ്ണൂറ് മടങ്ങ്. അത് അന്ധനും ആപത്തിലകപ്പെട്ടവനും നല്‍കുന്ന ധര്‍മ്മം
3. ഒന്നിന് തൊള്ളായിരം മടങ്ങ്. അത് ആവശ്യക്കാരനായ കുടുംബക്കാര്‍ക്ക് നല്‍കുന്ന ധര്‍മ്മം
4. ഒന്നിന് ഒരു ലക്ഷം മടങ്ങ്. അത് മാതാപിതാക്കള്‍ക്ക് നല്‍കുന്ന് ധര്‍മ്മം.
5. ഒന്നിന് ഒമ്പത് ലക്ഷം മടങ്ങ്. അത് പണ്ഡിതനു നല്‍കുന്ന ധര്‍മ്മം.

റമളാനിലെ ദാനധര്‍മ്മങ്ങള്‍ വളരെ ഉത്തമമാണ്. വിശിഷ്യാ അവസാന പത്തില്‍ ശ്രേഷ്ഠമായ ധര്‍മ്മം റമളാനിലെ ധര്‍മ്മമാണെന്നാണ് പുണ്യനബി (സ) പറഞ്ഞിട്ടുണ്ട്. 
റമളാനിലെ ദാനധര്‍മ്മം പുണ്യമാണെങ്കിലും റമളാനില്‍ കൊടുക്കാന്‍ വേണ്ടി പിന്തിപ്പിക്കല്‍ സുന്നത്തില്ല.  അടുത്ത ബന്ധുക്കള്‍ക്ക് കൊടുക്കലാണ് ഏറ്റവും ഉത്തമം. മക്ക, മദീന എന്നീ ശ്രേഷ്മായ സ്ഥലങ്ങളില്‍ ദാനധര്‍മ്മം അത്യുത്തമമാണ്.

-അബ്ബാസ് സഖാഫി കാവുംപുറം


ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം അഗതിക്കും അനാഥക്കും തടവുകാരനും അവരത് നല്‍കുകയും ചെയ്യും. അവര്‍ പറയും: അല്ലാഹുവിന്റെ പ്രീതിക്ക് മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
(സൂറ: അല്‍ ഇന്‍സാന്‍ 8-9)






SHARE THIS

Author:

0 التعليقات: