Tuesday, 28 May 2019

തേനീച്ചയെപ്പോലെയാവുക

ചിലയാളുകള്‍ അവരുടെ സുഹൃത്തിന്റെ കാറില്‍ കയറിയ ഉടനെ പറയും: ' എത്ര പഴകിയ കാറാണിത്. വീട്ടില്‍ ചെന്നാല്‍ ഉടനെ പറയും. ഈ ഫര്‍ണിച്ചറുകള്‍ മാറ്റിക്കൂടെ...., ഭാര്യ ഭക്ഷണം പാകം ചെയ്ത് കൊണ്ടുവന്നാല്‍ ഇതില്‍ ഉപ്പില്ല, രുചിയില്ല, എനിക്ക് വേണ്ട.... ഈ രൂപത്തില്‍ വിമര്‍ശനങ്ങള്‍ കൊണ്ട് സമീപിക്കുന്നവര്‍ ഒരാളിലും നന്മ കാണാത്തവര്‍.... ഇരുപത്തിനാലുമണിക്കൂറും വീട്ടുജോലി ചെയ്ത് മക്കളെ പോറ്റുന്ന ഭാര്യയോട് ചില ആളുകളുടെ സമീപനം ഇതുതന്നെ. യഥാര്‍ത്ഥത്തില്‍ ആത്മീയ പീഡനമാണ് ഇത്തരത്തില്‍ നടത്തുന്നത്. ഏറ്റവും അടുപ്പമുള്ളവര്‍ വരെ വെറുക്കുന്നു.
ആഇശാ ബീവി പറയുന്നു: നബി തങ്ങള്‍ ഒരു ആഹാരത്തെയും കുറ്റം പറഞ്ഞിട്ടില്ല. ഇഷ്ടപ്പെട്ടാല്‍ കഴിക്കും. അല്ലെങ്കില്‍ കഴിക്കില്ല. 
അമിത വിമര്‍ശനം ആരും വെറുക്കും. എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ നിര്‍ദ്ദേശ രൂപത്തില്‍ സൗമ്യമായ ഒരു ആവരണം കൊണ്ട് അഴകാക്കിക്കൊണ്ട് ഒരിക്കല്‍ ആരാധനയില്‍ ആവേശം മൂത്ത് മൂന്ന് യുവാക്കള്‍ മദീനയിലെത്തി. പ്രവാചകന്റെ ആരാധനാകര്‍മ്മങ്ങള്‍ എങ്ങനെയാണെന്നറിയാനായിരുന്നു അവര്‍ വന്നത്. നബി(സ) സ്വകാര്യമായി ചെയ്യുന്ന ആരാധനകളെ പറ്റി പ്രവാചക പത്‌നിമാരോട് അവര്‍ ചോദിച്ചറിഞ്ഞു. അവിടുന്ന് ചില ദിവസങ്ങളില്‍ നോമ്പെടുക്കും. മറ്റു ദിവസങ്ങളില്‍ നോമ്പെടുക്കില്ല. രാത്രി കുറേ നിസ്‌കരിക്കും. പിന്നീട് കിടന്നുറങ്ങും എന്നൊക്കെ അവര്‍ വിശദീകരിച്ചുകൊടുത്തു.

'നബി(സ) തങ്ങള്‍ പ്രവാചകരാണ്. അല്ലാഹു പാപങ്ങള്‍ പൊറുത്തുകൊടുത്തവരാണ്...' അവസാനം അവര്‍ മൂന്നുപേരും ഒരു പ്രതിജ്ഞയെടുത്തു.
ഒരാള്‍: ഞാന്‍ വിവാഹം കഴിക്കാതെ ആരാധനയില്‍ മുഴുകും. 
അപരന്‍: ഞാന്‍ എന്നും നോമ്പെടുക്കും. 
മൂന്നാമന്‍: ഞാന്‍ ഉറങ്ങാതെ നിസ്‌കാരം നിര്‍വഹിക്കും.

ഇവരുടെ പ്രതിജ്ഞയെക്കുറിച്ച് നബിതങ്ങള്‍ പ്രസംഗവേളയില്‍ പറഞ്ഞു: 
'ആളുകള്‍ക്കൊക്കെ എന്തുപറ്റി? ( ഇന്ന വ്യക്തികള്‍ എന്നുപറഞ്ഞില്ല). എന്നാല്‍ ഞാന്‍ നിസ്‌കരിക്കും. ഉറങ്ങുന്നു. നോമ്പെടുക്കുന്നു. ഞാന്‍ വൈവാഹിക ജീവിതം നയിക്കുന്നു. എന്റെ ചര്യ ഇഷ്ടപ്പെടാത്തവര്‍ എന്നില്‍ പെട്ടവരല്ല...'


* നല്ലതില്‍ മാത്രം ചെന്നിരിക്കുന്ന തേനീച്ചയെ പോലെയാവുക. വ്രണങ്ങള്‍ തിരഞ്ഞെടുക്കുന്ന ഈച്ചയാവരുത്...

-അബ്ബാസ് സഖാഫി കാവുംപുറം


SHARE THIS

Author:

0 التعليقات: