Tuesday, 28 May 2019

ബിജെപി നേതൃയോഗത്തില്‍ ശ്രീധരന്‍ പിള്ളയ്ക്ക് രൂക്ഷ വിമര്‍ശനം; പോരാട്ടം തുടരുമെന്ന് പിള്ള

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചു. പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ലെന്നും ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

അതേസമയം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ക്രൂശിക്കപ്പെട്ടുവെന്നും തെറ്റായ കാര്യമാണ് തനിക്കെതിരെ പ്രചരിപ്പിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പോരാടാന്‍ തന്നെയാണ് തന്റെ തീരുമാനം. സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരായി വന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ 12 കേസുകള്‍ കൊടുത്തുകഴിഞ്ഞെന്നും അദ്ദേഹം നേതൃയോഗത്തില്‍ അറിയിച്ചു. വിമര്‍ശിച്ചോളൂ പക്ഷേ കള്ളപ്രചാരണം നടത്തരുതെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി കോര്‍കമ്മറ്റിയും ഭാരവാഹി യോഗവുമാണ് ആലപ്പുഴയില്‍ നടക്കുന്നത്. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതില്‍ ബിജെപിയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കേരളത്തില്‍ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാണ്. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്.

നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍  നേതൃമാറ്റം വേണ്ടെന്നാണ് കെ സുരേന്ദ്രന്റെ നിലപാട്. പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഗണ്യമായി കൂടാന്‍ ശബരിമല വിഷയം സഹായിച്ചുവെന്നും കെ സുരേന്ദ്രന്റെ വിലയിരുത്തി. ശബരിമല ഗുണം ചെയ്‌തെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം കാരണം ആനുകൂല്യം കിട്ടിയില്ലെന്ന വിമര്‍ശനവുമായി ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശബരിമല തരംഗം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതും യുഡിഎഫ് തരംഗവും തിരച്ചടിയായെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ അനുമാനം

ഒരു തോല്‍വിയുടെ പേരില്‍ നേതൃത്വം മാറേണ്ട സാഹചര്യമില്ലെന്ന് കെ സുരേന്ദ്രന്‍ നിലപാടെടുത്തു. നേതൃമാറ്റത്തിന് ഒരു സമയമുണ്ടെന്നും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പറ്റാത്തത്  എന്തുകൊണ്ടെന്ന് യോഗം ചര്‍ച്ച ചെയ്യുമെന്നും നേരത്തേ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് മോദി വിരുദ്ധ പ്രവര്‍ത്തനം സംഘടിതമായുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല പ്രശ്‌നം മുതലെടുക്കനാകാതെ പോയതിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡന്റിന്റെ നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീധര പക്ഷം വിരല്‍ ചൂണ്ടുന്നത്.



SHARE THIS

Author:

0 التعليقات: