Wednesday, 22 May 2019

ബദ്‌റിലെ പാഠങ്ങള്‍


ഏറ്റവും മഹത്വം നിറഞ്ഞ നോമ്പ് ആരുടേതാണ് ?  ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) വിനോട്  ഒരിക്കല്‍   ഒരാള്‍   ചോദിച്ചു. സംശയമെന്ത്? ഏറ്റവും വലിയ വ്രതം ബദരീങ്ങളുടേതല്ലാതെ മറ്റാരുടേത്?  ചരിത്രത്തില്‍ ബദ് രീങ്ങളുടെ നോമ്പിനെക്കാള്‍ നല്ല  നോമ്പ്  ആരും നോറ്റിറ്റില്ല. അവരുടെ നോമ്പിന് ഇത്രത്തോളം മഹത്വം കിട്ടാന്‍ കാരണമെന്താണ്? റമളാനില്‍  അവര്‍ ചെയ്ത ആരാധനയാണ് അവരുടെ കര്‍മത്തിന് മഹത്വമേകിയത്.ആ കര്‍മത്തിന്റെ പേരാണ് ബദര്‍ യുദ്ധം.
     

     ഈ യുദ്ധമാണ് ഇസ് ലാമിക മുന്നേറ്റത്തിന് വഴിയൊരുക്കിയത്.ഇന്ന് കാണുന്ന  ഇസ് ലാമിക സുകൃതങ്ങളെല്ലാം  ബദരീങ്ങള്‍ കാരണമാണ്. അത് കൊണ്ട് തന്നെ മുസ് ലിമിന് ബദരീങ്ങളോട് വലിയ കടപ്പാടാണുള്ളത്. 

ബദറിന്റെ ഓര്‍മകള്‍ മുസ്ലിംകള്‍ക്ക് കേവലം പാടിപ്പറയാന്‍ മാത്രമുള്ളതല്ല.രോമാഞ്ചം കൊള്ളാനുള്ളതുമല്ല. ചാവേറുകള്‍ക്ക് തെളിവ് പറയാനുള്ള ചരിത്രമല്ല ബദ്‌റിന്റേത്. മദ്ഹുകളുടെ മന്ത്രണങ്ങള്‍ക്കൊപ്പം നമ്മുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.ബദ് ര്‍ ക്വിസ്സ പ്പാട്ടുകള്‍ക്കൊപ്പം ത്യാഗത്തിന്റെ പാരമ്പര്യത്തിലേക്കും സഞ്ചരിക്കേണ്ടതുണ്ട്.  ബദരീങ്ങള്‍ കൈമാറിയ ത്യാഗത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും മാതൃകകള്‍ നിന്ന് പാഠങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്.
       
        സര്‍വായുധങ്ങളുമായി എത്തിയ   ആയിരക്കണക്കിന് ഇരുട്ടിന്റെ ശക്തികള്‍ക്കെതിരേ ബദറിന്റെ രണാങ്കണത്തില്‍ അണിനിരന്നത് 313  പോരാളികള്‍. അവരുടെ മുഖത്ത് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെ ക്ഷീണമുണ്ടായിരുന്നു.പക്ഷേ ഹൃദയത്തില്‍  വിശ്വാസ നിശ്ചയദാര്‍ഢ്യത്താല്‍ ശക്തിപ്പെട്ട  വിശ്വാസമുണ്ടായിരുന്നു. അതായിരുന്നു അവരുടെ ആയുധം. പ്രവാചകന്‍  നബി(സ)ക്കൊപ്പം ഏത് കൊടുംപ്രതിസന്ധിയിലും ഉറച്ച് നില്‍ക്കാന്‍ അവര്‍ തയാറായിരുന്നു. അതിശക്തമായ ആയുധവും അംഗബലവുമുള്ള അവിശ്വാസികളുടെ സൈന്യവുമായി തങ്ങളുടെ ഈ ചെറിയ സാര്‍ഥവാഹക സംഘം പരാജയപ്പെട്ടാല്‍ നശിക്കാന്‍ പോകുന്നത് തങ്ങള്‍ മാത്രമല്ല, ഇത്രയും കാലം പൊന്നുപോലെ കൊണ്ടുനടന്ന വിശുദ്ധ ആദര്‍ശം കൂടിയാണെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.എന്നിട്ടും  അവര്‍ തീ തുപ്പുന്ന പ്രതിസന്ധിയിലേക്ക് എടുത്തു ചാടി.

      എന്തിനും തയ്യാറായിരുന്നു അവര്‍.യുദ്ധത്തിന് മുമ്പ് സഅദ് (റ ) പുണ്യനബിയോട് (സ) സംസാരിക്കുന്ന വികാരഭരിതമായ ഒരുരംഗമുണ്ട്. വിദൂര പ്രദേശത്ത് ബര്‍ദുല്‍ ഇമാദ് എന്ന മലയിലേക്ക് ഈ പട്ടിണി കിടന്ന ഒട്ടകങ്ങളുമായി പോകാന്‍ പറഞ്ഞാലും കടലിന്റെ ആഴങ്ങളിലേക്ക് അങ്ങ് ഞങ്ങളോട് മുങ്ങിത്താഴാന്‍ പറഞ്ഞാലും ഞങ്ങള്‍ അത് ചെയ്യും.
ഈ സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രൗഢമായ അടയാളപ്പെടുത്തലാണ് ബദര്‍പൈശാചിനെതിരെ പടനയിച്ച്  സ്വന്തം ശരീരത്തെ ശുദ്ധിയാക്കുകയാണ് നാം വേണ്ടത്. ബദര്‍ നമ്മെ വിളിക്കുന്നത് ആത്മീയ ജഹാദിന്റെ  ആഴങ്ങളിലേക്കാണ്.
     
    നീതിയുടെ നിസ്തുലമായ മാതൃകകളാണ് യുദ്ധ വേളയില്‍ പോലും ഇസ്ലാം വരച്ചുകാട്ടിയത്. ബദറിന്റെ പോരാട്ട ഭൂമികയില്‍ പോലും മനുഷ്യസ്‌നേഹത്തിന്റെ അതുല്യമായ ഇതിഹാസം തീര്‍ത്തനായകനായിരുന്നു വിശ്വ പ്രവാചകന്‍. അതിജീവനത്തിന്റെ ബദര്‍യുദ്ധ വേളയില്‍ വെച്ച് പോലും അവിടുന്ന് അനുചരന്‍മാരോട് പറഞ്ഞു.'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, കൂടെയുള്ളവരുമായി നന്മയില്‍ വര്‍ത്തിക്കുക. അല്ലാഹുവിന്റെ നാമത്തില്‍ അവന്റെ മാര്‍ഗത്തില്‍ മാത്രം പോരാടുക. വഞ്ചന ചെയ്യരുത്, പരിധി വിടരുത്, മുറിവേറ്റവനെ ആക്രമിക്കരുത്. ആശ്രമത്തില്‍ ആരാധിക്കുന്നവരെയും മത പുരോഹിതരെയും തൊടരുത്. ഫല വൃക്ഷങ്ങള്‍ നശിപ്പിക്കരുത്, മരം മുറിക്കരുത്, കെട്ടിടങ്ങള്‍ തകര്‍ക്കരുത്, ദേവാലയങ്ങള്‍ തകര്‍ക്കരുത്, വെള്ളം വൃത്തികേടാക്കരുത്…'

ചുരുക്കത്തില്‍ ബദര്‍ വെറുമൊരു യുദ്ധമായിരുന്നില്ല. സത്യത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. മനുഷ്യന്റെ അവകാശങ്ങളെ ഹനിക്കുന്നവര്‍ക്കെതിരേയുള്ള ഉജ്ജ്വല പോരാട്ടമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശസമരം.  ഭൗതികമായ സാഹചര്യങ്ങളെല്ലാം തടസമായിട്ടും വിശ്വാസത്തിന്റെ പൊന്‍  പ്രഭ കൊണ്ട് വിശ്വം ജയിച്ചടക്കിയവരാണ് ബദ്‌രീങ്ങള്‍. 
ജീവന്‍ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിഷ്‌കളങ്കമായി മുന്നേറിയത്  കൊണ്ടാണ് ചരിത്രം  ബദരീങ്ങള്‍ക്ക് ചാര്‍ത്തിയെഴുതിയത്. അത് കൊണ്ടാണ് ബദരീങ്ങളുടെ നോമ്പിന്  ഉമറുബ്‌നു അബ്ദുല്‍ അസീസ് മൂല്യം കല്‍പിച്ചത്.യുഗാന്തരങ്ങള്‍ പലത് കഴിഞ്ഞിട്ടും വിശ്വാസികളുടെ ഹൃദയത്തില്‍ ബദ്ര്‍  തങ്ങി നില്‍ക്കുകയാണിന്നും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എങ്ങനെ ത്യാഗം ചെയ്യണമെന്നും പ്രവാചകരെ എത്രത്തോളം അംഗീകരിക്കണമെന്നും ലോക ജനതയെ  പഠിപ്പിച്ച്  കൊണ്ടാണ് ബദരീങ്ങള്‍ മാതൃക കാട്ടിയത്.   -ഹാരിസ് സഖാഫി കൊമ്പോട്SHARE THIS

Author:

0 التعليقات: