Monday, 27 May 2019

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടിയുണ്ടായി; തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് സി.പി.ഐ.എം

ന്യൂദല്‍ഹി: പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വലിയതോതില്‍ വോട്ടുചര്‍ച്ചയുണ്ടായതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റികള്‍ തെരഞ്ഞെടുപ്പിലെ പ്രകടനം സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയ ശക്തി വീണ്ടെടുക്കുന്നതിന് ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.


'ആത്മപരിശോധന നടത്തി തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകും.'

കേരളത്തില്‍ ശബരിമല വിഷയം ബാധിച്ചോയെന്ന് പരിശോധിക്കും. ബംഗാളിലും ത്രിപുരയിലും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായില്ലെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്കുണ്ടായത്. തമിഴ്‌നാട്, ആന്ധ്ര എന്നിങ്ങനെ ചില സംസ്ഥാനങ്ങളില്‍ ഒഴികെ മിക്കയിടത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത നഷ്ടമാണ് നേരിട്ടത്. സി.പി.ഐ.എമ്മിനും ഇടതു പാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. 

ജൂണ്‍ ഏഴു മുതല്‍ ഒന്‍പതു വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗവും തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ചാവിഷയമാക്കും. അഞ്ചു വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തിലൂടെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചാണ് ബി.ജെ.പി വിജയം നേടിയതെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അതിദേശീയതാ വാദങ്ങളും ഭീകരതയ്‌ക്കെതിരായ പോരാട്ടവും ഉയര്‍ത്തിക്കാട്ടി ദൈനംദിന ജീവിത പ്രശ്‌നങ്ങളെ മറച്ചുപിടിക്കുകയാണ് ബി.ജെ.പി ചെയ്തത്. ഇതിന് സാങ്കേതിക വിദ്യയും സൂക്ഷ്മ തലത്തിലുള്ള സോഷ്യല്‍ എന്‍ജിനിയറിങ്ങും മാധ്യമ സഹായവും വന്‍തോതിലുള്ള ധനശക്തിയുമെല്ലാം അവര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തി.



SHARE THIS

Author:

0 التعليقات: