Tuesday, 21 May 2019

'എല്ലാ മെഷീനുകളും സുരക്ഷിതം'; ഇ.വി.എം അട്ടിമറി ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി: ഇ.വി.എം അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. യാതൊരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചരിച്ചത്. ഇന്ന് രാവിലെയാണ് എസ്.പി ബി.എസ്.പി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടത്.

ഇ.വി.എം കൈകാര്യം ചെയ്തതില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

പല ബൂത്തുകളില്‍ നിന്നും ഇ.വി.എം മെഷീനുകള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്നായിരുന്നു പ്രതിപക്ഷം പരാതിയില്‍ പറഞ്ഞത്.

യു.പിയിലും ബീഹാറിലും ഹരിയാനയിലും സ്‌ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം പരാതിയുമായി രംഗത്തെത്തിയത്.

പല സ്‌ട്രോങ് റൂമുകളില്‍ നിന്നും ഇ.വി.എമ്മുകള്‍ മാറ്റിയെന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വോട്ടെടുപ്പ് ദിവസം വരെ പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമുകള്‍ക്ക് മുന്‍പില്‍ നിലയുറപ്പിക്കണമെന്നും വി.വിപാറ്റിലെ എണ്ണവും ഇ.വി.എമ്മിലെ എണ്ണവും കൃത്യമാണെന്നും ഓരോ ബൂത്തിലേയും പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷം പാര്‍ട്ടിപ്രവര്‍ത്തകരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.


SHARE THIS

Author:

0 التعليقات: