Wednesday, 15 May 2019

പൊലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് നല്‍കിയില്ല: രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

കാസര്‍കോട്: ബേക്കലില്‍ യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന ആരോപണത്തില്‍ രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. എഎസ്‌ഐ റാങ്കിലുള്ള റൈറ്റര്‍ ശശി, സിപിഒ സുരേഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സിപിഒയായ സുരേഷ് പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമാണ്. 

അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. മെയ് 12നാണ് പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയത്. 16നാണ് അപേക്ഷ പോസ്റ്റ് ഓഫീസില്‍ എത്തിയത്. പക്ഷേ, 24ന് മാത്രമേ കളക്ടറേറ്റിലെ സെക്ഷനില്‍ അപേക്ഷ എത്തിയുള്ളൂ. അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഇത് പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. 

44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്ന പരാതിയിലാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 33 പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇമെയിലായാണ് പരാതി നല്‍കിയത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്. 

ഇതേത്തുടര്‍ന്നാണ് പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയത് അന്വേഷിക്കുന്ന അതേ ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസിന്റെ അന്വേഷണവും ഡിജിപി കൈമാറിയത്. 

SHARE THIS

Author:

0 التعليقات: