Wednesday, 15 May 2019

മഅ്ദിന്‍ ആത്മീയ സംഗമം 31ന്; ജനലക്ഷങ്ങളെത്തും

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ പ്രാര്‍ത്ഥനാസംഗമം ഈ മാസം 31 ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും.  

വിശ്വാസികള്‍ ഏറ്റവും പുണ്യം കല്‍പ്പിക്കുന്ന റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാല്‍ ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഭീകരതക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടനവിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണവും ചടങ്ങില്‍ നടക്കും.

മഅ്ദിന്‍ കാമ്പസില്‍ എല്ലാ മാസവും സംഘടിപ്പിച്ച് വരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് പ്രാര്‍ത്ഥനാ സമ്മേളനം. റമസാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ ആത്മീയവൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിന്‍ റമസാന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.
ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.

പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാത്രി ഒമ്പത് മണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടെയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.

സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഒരുക്കുന്നുണ്ട്. സ്വലാത്ത് നഗര്‍ മുഖ്യഗ്രൗണ്ടിലെ പ്രധാന പന്തലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

പോലീസ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്.
സ്വലാത്ത് നഗറിലെ പ്രധാന നഗരിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദവെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. മഅ്ദിന്‍ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളും ഒരുക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും. 

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, വര്‍ക്കിംഗ് കണ്‍വീനര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, കോ ഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: