Monday, 13 May 2019

മംഗളൂരുവില്‍ യുവതിയെ കൊന്ന് കഷണങ്ങളാക്കി ചാക്കില്‍ കെട്ടി റോഡില്‍ തള്ളി

മംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി  ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. ഞായറാഴ്ച രാവിലെയാണ് മംഗളൂരു  കദ്രി പാര്‍ക്കിനടുത്തുള്ള കടയുടെ മുന്നില്‍ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. കടയുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് കദ്രി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. 

മംഗളൂരു പൊളച്ചി മൊഗറു സ്വദേശി ശ്രീമതി ഷെട്ടി (35) യാണ് കൊല്ലപ്പെട്ടത്. കൊലപാതകികളാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദഹേം കഷണങ്ങളാക്കി പല സ്ഥലത്തും നിക്ഷേപിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് കരുതുന്നത്. 

മംഗളൂരു അത്താവറില്‍ ഹോം അപ്ലയന്‍സ് റിപ്പയര്‍ കട നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ശ്രീമതി ഷെട്ടി. നഗരത്തിലെ അല്‍വാ ലൈനിലാണ് താമസം. ഇവര്‍ രണ്ടുവര്‍ഷം മുമ്പ് വീട്ടുകാരുടെ എതിര്‍പ്പുണ്ടായിട്ടും മടിക്കേരിയിലെ സന്ദീപ് എന്നയാളെ വിവാഹം കഴിച്ചു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഈ ബന്ധം ഒഴിയാനായി കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്കുശേഷം കടയിലെത്താത്തതിനെ തുടര്‍ന്ന് കടയിലെ ജീവനക്കാര്‍ ഫോണ്‍ ചെയ്‌തെങ്കിലും ഇവരെ കിട്ടിയില്ല. തുടര്‍ന്ന് ബന്ധുക്കളെ അന്വേഷിച്ചെങ്കിലും ബന്ധപ്പെടാനായില്ലത്രെ.

കദ്രിയില്‍ മൃതദേഹം കാണപ്പെട്ട സ്ഥലത്തെ ഒരു സി സി ടിവി ദൃശ്യം പരിശോധിച്ചതില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരാള്‍ ഒരു ആക്ടീയിലെത്തി ചാക്കില്‍ പൊതിഞ്ഞ നിലയില്‍ എന്തോ കടവരാന്തയിലേക്ക് എറിഞ്ഞ് സ്ഥലംവിടുന്നത് കണ്ടതായി പോലീസ് അറിയിച്ചു.


SHARE THIS

Author:

0 التعليقات: