Tuesday, 14 May 2019

പെരിയ കൊലപാതകം: അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം


കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്കും ജാമ്യം ലഭിച്ചു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നല്‍കിയത്. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

SHARE THIS

Author:

0 التعليقات: