Tuesday, 14 May 2019

വിവരം പറയാമായിരുന്നില്ലേ?

അവള്‍ ഒരു പാവം സ്ത്രീയാണ്. ഉറ്റവരും ഉടയവരുമില്ല. പള്ളി വൃത്തിയാക്കലാണ് ജോലി. അതും പുണ്യനബിയുടെ മസ്ജിദുന്നബവി. അവള്‍ പാരത്രികലോകത്തേക്ക് യാത്രയായി. മരണം സംഭവിച്ചത് രാത്രിയാണ്. പിന്തിപ്പിക്കാതെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ച് രാത്രിതന്നെ മറവ് ചെയ്തു.
പിറ്റേദിവസം പുണ്യനബി പള്ളിയില്‍ വന്നു. ആ സ്ത്രീയെ കണ്ടില്ല. വിവരം തിരക്കിയ പ്രവാചകരോട് സ്വഹാബികള്‍ പറഞ്ഞു. അവര്‍ മരണപ്പെട്ടു. ആരോടും പറയാതെ പെട്ടെന്ന് ഖബറടക്കി. 
വിഷമത്തോടെ നബിതങ്ങള്‍ പറഞ്ഞു. എന്തേ നിങ്ങള്‍ക്ക് എന്നോടൊന്ന് വിവരം പറയാമായിരുന്നില്ലേ?

ഏതായാലും അവരുടെ ഖബര്‍ എനിക്കൊന്ന് കാണിച്ചുതരൂ.... അവര്‍ നബിക്ക് ഖബര്‍ കാണിച്ചുകൊടുത്തു. നബി അവിടെചെന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

പാവപ്പെട്ടവനെയും പണക്കാരനെയും ഒരേ കണ്ണുകൊണ്ട് കാണുന്നത് വിനയത്തിന്റെ ലക്ഷണമാണ്. അതാണ് പ്രവാചക മാതൃക. വിവേകിയുടെ അടയാളമാണ് വിനയം. അല്ലാഹു വിനയാന്വിതനാണ്. എല്ലാ കാര്യങ്ങളിലും അവന്‍ വിനയത്തെ ഇഷ്ടപ്പെടുന്നു (ബുഖാരി).  
നബി(സ) പറഞ്ഞു: ഒരു ദാനവും സമ്പത്തിനെ ചുരുക്കിയിട്ടില്ല. വിട്ടുവീഴ്ച നല്‍കിയവന് അല്ലാഹു പ്രതാപത്തെയല്ലാതെ വര്‍ധിപ്പിച്ചിട്ടില്ല. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി വിനയം കാണിച്ചവനെ അല്ലാഹു ഉയര്‍ത്തിയിട്ടില്ലാതെയില്ല. പുണ്യനബി ഏത് ഘട്ടത്തിലും വിനയാന്വിതനായിരുന്നു.

മക്കാ വിജയദിനത്തില്‍ പേടിച്ചുനിന്ന മനുഷ്യനോട് നബിതങ്ങള്‍ പറഞ്ഞു. ഉണക്കമാംസം ഭക്ഷിച്ച് നിങ്ങളുടെ കൂട്ടത്തില്‍ ജീവിച്ച ഒരു സ്ത്രീയുടെ മകനാണ് ഞാന്‍. 
പരുഷ പെരുമാറ്റം എതിരാളിയെ വെറുപ്പിക്കും. വിനയം, സൗമ്യത തുടങ്ങിയവ കൂടുതല്‍ ഇഷ്ടമുണ്ടാക്കും. വിനയം കാണിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം.



-അബ്ബാസ് സഖാഫി കാവുംപുറം



SHARE THIS

Author:

0 التعليقات: