Monday, 13 May 2019

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: സഅദിയ്യ റമളാന്‍ പ്രഭാഷണം ബുധനാഴ്ച

ദുബൈ: ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി പ്രമുഖ പണ്ഡിതനും എസ്. വൈ. എസ് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മെയ് പതിനഞ്ച് ബുധനാഴ്ച രാത്രി  ഒമ്പതര മണിക്ക്  ഊദ് മേത്ത ലത്തീഫ ഹോസ്പിറ്റലിന്ന് സമീപമുള്ള അല്‍ വസല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും. ഇസ്ലാം സഹിഷ്ണുതയുടെ മതം എന്നതാണ് വിഷയം. ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം. 

ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമായ വിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിന്നും പഠനം പ്രോല്‍സാഹിപ്പിക്കുന്നതിന്നുമായി ദുബൈ ഗവണ്‍മെന്റ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍. കഴിഞ്ഞ ആറ് വര്‍ഷമായി ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ പങ്കാളിത്തം ഹോളി ഖുര്‍ആന്‍ മലയാള പ്രഭാഷണ വേദിയില്‍ സജീവമാണ്. ഇത്തവണ പ്രഭാഷണം നിര്‍വഹിക്കാന്‍ എത്തുന്ന ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മികച്ച വാഗ്മിയും സംഘാടകനുമാണ്. കര്‍ണാകയിലെയും കേരളത്തിലെയും മുസ്ലിം  ആത്മീയ നേതാക്കളില്‍ പ്രമുഖനും വൈജ്ഞാനിക സാമൂഹിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രാര്‍ത്ഥനാ സദസ്സിന്ന് നേതൃത്വം നല്‍കും. സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം പരിപാടിയില്‍ സംബന്ധിക്കും. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സാരഥികളായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ സ്ഥാപിതമായ, കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. സ്ഥാപനത്തിന്റെ കീഴില്‍ ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ നാല്‍പത് വര്‍ഷത്തോളമായി  പ്രവര്‍ത്തിക്കുന്ന മത വൈജ്ഞാനിക സാംസ്‌കാരിക സ്ഥാപനമാണ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്റര്‍. 

ദുബൈ ഖിസൈസിലെ വിശാലമായ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പ്രൈമറി സെക്കന്‍ഡറി തലങ്ങളിലുള്ള മദ്‌റസകള്‍, മതപഠന ക്ലാസുകള്‍, ഫാമിലി ഗൈഡന്‍സ്, ഖുര്‍ആന്‍ പാരായണ വിശദീകരണ ക്ലാസുകള്‍, ഉംറ സര്‍വീസ്, ഹദീസ് പഠന കോഴ്‌സുകള്‍, അറബീ ഇംഗ്ലീഷ് ഭാഷാ ക്ലാസുകള്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 

ദുബൈയിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് ഔഖാഫിന്റെ പ്രത്യേക അനുമതിയോടെ ഖുതുബാ പ്രഭാഷണങ്ങളും മത പഠന ക്ലാസുകളും സഅദിയ്യയുടെ കീഴില്‍ നടന്ന് വരുന്നു. കൂടാതെ റമളാനില്‍ വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ നൂറ് കണക്കിന്നാളുകള്‍ പങ്കെടുക്കുന്നു.

ഹോളി ഖുര്‍ആന്‍ പരിപാടി ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. .സഅദിയ്യ, ഐ സി എഫ്. രിസാല, കെ സി എഫ് ഘടകങ്ങളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 

പരിപാടിയില്‍ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ക്ക് പുറമെ യു എ ഇ ഗവര്‍മെന്റ് പ്രതിനിധികള്‍, സാദാത്തുക്കള്‍, പണ്ഡിതന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും. സഅദിയ്യ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന മെഗാ ഇഫ്താറും  നടക്കുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ത്വാഹാ ബാഫഖി അസ്സഖാഫി, സഅദിയ്യ സെന്റര്‍ മാനേജര്‍ അഹ്മദ് മുസ്ലിയാര്‍ മേല്‍പറമ്പ്, സഅദിയ്യ സെക്രട്ടറി അമീര്‍ ഹസ്സന്‍ ഉള്ളാള്‍, സ്വാഗത സംഘം കണ്‍വീനര്‍ നജീം തിരുവനന്തപുരം,  എസ്.വൈ.എസ്. കാസറഗോഡ് ജില്ലാ പ്രസിഡണ്ട് മുനീര്‍ ബാഖവി തുരുത്തി ശുകൂര്‍ മനില, മൂസ ബസ്വറ, അനീസ് തലശ്ശേരി, നാസര്‍ സഅദി കൊടക് എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: