Tuesday, 21 May 2019

തലസ്ഥാനത്ത് റെയില്‍വേ ട്രാക്കിലൂടെ പെണ്‍കുട്ടിയുമൊത്ത് ബൈക്കില്‍ പാഞ്ഞ് യുവാവ്, ലക്ഷ്യം ആത്മഹത്യയോ അട്ടിമറിയോ ?

തിരുവനന്തപുരം : പരിഭ്രാന്തി ഉയര്‍ത്തി അര്‍ദ്ധരാത്രി റെയില്‍വേ ട്രാക്കിലൂടെ യുവാവും യുവതിയും ബൈക്കില്‍ സവാരിചെയ്തു. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരം പാറശാലയ്ക്കടുത്ത് ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പാണ് പെണ്‍കുട്ടിയേയും കൂട്ടി യുവാവ് ട്രാക്കിലൂടെ ബൈക്കില്‍ പായുന്നത് കണ്ടെത്തിയത്. 

ഗേറ്റ് കീപ്പര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടാന്‍ വയര്‍ലസ്സിലൂടെ സ്റ്റേഷനില്‍ നിന്നും ലോക്കോ പൈലറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ട്രാക്കിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ആത്മഹത്യ ചെയ്യുവാനാണോ എന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. അതേ സമയം അട്ടിമറി ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.

പരിശോധനയ്ക്ക് ശേഷം ഇരുപത് മിനിട്ട് കഴിഞ്ഞാണ് ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസിന് യാത്ര തുടരാനായത്. യാത്രയ്ക്കിടെ ട്രാക്കിനരികെ നിന്നും ബൈക്ക് ലോക്കോ പൈലറ്റ് കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്ബര്‍ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണത്തില്‍ ഇത് വ്യാജ നമ്ബരാണെന്ന് തെളിഞ്ഞു. ഇതാണ് സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവാന്‍ കാരണമായത്. ട്രയിന്‍ കടന്ന് വരുന്നതിന് തൊട്ട് മുന്‍പായി ലവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ട് മുന്‍പാണ് ബൈക്ക് പാളത്തിലൂടെ ഓടിച്ച് പോകുന്നത് ഗേറ്റ് കീപ്പര്‍ കണ്ടത്.


SHARE THIS

Author:

0 التعليقات: