Saturday, 8 June 2019

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 3 ലക്ഷം വിദ്യാര്‍ഥികളുടെ വര്‍ദ്ധന; മന്ത്രി ഇ ചന്ദ്രശേഖരന്‍




കാസര്‍കോട് : ഈ സര്‍ക്കാര്‍ അധികാരത്തില്‍എത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴേക്കും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മൂന്നു ലക്ഷത്തോളം കുട്ടികളുടെ വര്‍ധനയുണ്ടായിയെന്നും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും റവന്യൂ ഭവന നിര്‍മണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അരയി ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സമഗ്ര ശിക്ഷ കേരള അനുവദിച്ച ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച രണ്ടു ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാങ്കേതിക പരിജ്ഞാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നിന്ന് ആരംഭിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ എല്‍ പി, യുപി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കുന്നതിനുള്ള പണം എം എല്‍ എ ഫണ്ടില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ എല്‍.എസ് എസ്, യു.എസ്.എസ്. പരീക്ഷയില്‍ വിജയിച്ച കുട്ടികളെയും മന്ത്രി അനുമോദിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ മഹമൂദ് മുറിയനാവി, സി.കെ.വത്സലന്‍, ജഗദീശന്‍ വി, എസ്എസ്. എ ഉദ്യോഗസ്ഥന്‍മാരായ പി. കെ ജയരാജന്‍, പി.പി. വേണുഗോപാലന്‍, സുധ പി.വി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ജയരാജന്‍ പി.വി. തുടങ്ങിയവര്‍ പങ്കെടുത്തു. പി കെ ശ്രീകാന്ത് സ്വാഗതവും എ.സി ബിന്ദു നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: