Tuesday, 4 June 2019

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി വീണ്ടും നിപ; ആരും ഭയപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

കൊച്ചി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വീണ്ടും ഭീതിയിലാഴ്ത്തി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.

വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21കാരനിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് . 

കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധയനയ്ക്ക് അയച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.
അതേസമയം ഇയാളുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും മന്ത്രി കെകെ ഷൈലജ വ്യക്തമാക്കി.


SHARE THIS

Author:

0 التعليقات: