Friday, 19 July 2019

വിശ്വാസമാണ് പ്രധാനം

ആ പാവപ്പെട്ട മനുഷ്യന്‍ നടന്നുനീങ്ങുന്നു. പഴയ വസ്ത്രം, മുട്ടിയ വയറ്, സമ്പാദ്യവും സൗകര്യവുമില്ല. സ്വന്തമായി തലചായ്ക്കാന്‍ ഒരു വീടുമില്ല. പൊതു കിണറില്‍ നിന്ന് കുളിക്കും, പള്ളിയില്‍ ഉറങ്ങും. തന്റെ കൈയ്യാണ് തലയിണ. ചരക്കല്ലുകളാണ് വിരിപ്പ്. പക്ഷേ അദ്ദേഹം അല്ലാഹുവിനെ സ്മരിക്കും. ഖുര്‍ആന്‍ പാരായണം ചെയ്യും. നിസ്‌കാരത്തിന് ആദ്യ സ്വഫ്ഫില്‍ ഉണ്ടാകും. ധര്‍മ്മസമരത്തിലും മുന്നില്‍ തന്നെ. 

ഒരു ദിവസം അദ്ദേഹം നബി (സ) യുടെ സമീപത്തുകൂടി നടന്നുപോകുമ്പോള്‍ ഉറക്കെ നബിതങ്ങള്‍ അദ്ദേഹത്തിന്റെ പേര് വിളിച്ചു.
'യാ ജുലൈബീബ്, നിനക്ക് വിവാഹം കഴിക്കണ്ടേ?'
ജുലൈബീബ്: 'എനിക്ക് ആരെ നിക്കാഹം ചെയ്തു തരും. എനിക്ക് ഒന്നുമില്ല'.
മറ്റൊരു സമയത്തും നബിതങ്ങള്‍ ഈ വാക്ക് ആവര്‍ത്തിച്ചു. 
ജുലൈബീബ് മറുപടിയും. മൂന്നാം തവണ നബി തങ്ങള്‍ പറഞ്ഞു: 'ജുലൈബീബ് ഇന്നാലിന്ന അന്‍സാരിയുടെ വീട്ടില്‍ പോവുക. അവരോട് പറയുകയും ചെയ്യുക. നിങ്ങള്‍ക്ക് നബിതങ്ങള്‍ സലാം പറഞ്ഞിട്ടുണ്ട്. അസ്സലാമു അലൈക്കും. 
നിങ്ങളുടെ മകളെ എനിക്ക് വിവാഹം ചെയ്തുതരാനും. 

എല്ലാം കൊണ്ടും സമ്പന്നനായ വീട്ടിലേക്ക് ജുലൈബീബ് നടന്നുനീങ്ങുന്നു. വാതിലില്‍ തട്ടുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അന്‍സാരി പറഞ്ഞു: ഞാന്‍ എങ്ങിനെ സമ്പത്തും സൗകര്യവുമില്ലാത്ത നിനക്ക് എന്റെ മകളെ നിക്കാഹ് ചെയ്തുതരും? ഭാര്യയും അതേ വാക്കുതന്നെ. പക്ഷേ അകത്തളത്തില്‍ സംസാരം ശ്രവിക്കുന്ന മകള്‍ മാതാപിതാക്കളോട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂല്‍ ആവശ്യപ്പെട്ട ഒരു കാര്യം നിങ്ങള്‍ തട്ടിക്കളയുകയോ? പുണ്യറസൂലിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം'.

അങ്ങിനെ ജുലൈബീബും അവളും (റ) വിവാഹിതരായി. യുദ്ധത്തിന്റെ വിളിയാളം വരുന്നു. ജുലൈബീബും പങ്കെടുക്കുന്നു. പ്രസ്തുത യുദ്ധത്തില്‍ ഏഴോളം ശത്രുക്കളെ കൊന്നശേഷം ജുലൈബീബ് ശഹീദായി. ശഹീദായവരുടെ പേരുകള്‍ നബിതങ്ങള്‍ ചോദിക്കുന്നു. സ്വഹാബിരള്‍ പേര് നല്‍കുന്നു. കൂട്ടത്തില്‍ ജുലൈബീബിന്റെ പേര് അവര്‍ പറഞ്ഞില്ല.
നബിതങ്ങള്‍ പറഞ്ഞു: ഞാന്‍ ജുലൈബീബിനെയാണ് അന്വേഷിക്കുന്നത്. നോക്കുമ്പോള്‍ മഹാന്‍ ശഹീദായി കിടക്കുന്നു. അദ്ദേഹത്തിന്റെ മുഖത്തെ മണ്ണ് നീക്കി നബിതങ്ങള്‍ പറഞ്ഞു. 
'നീ ഏഴ് ശത്രുക്കളെ കൊന്ന് ശഹീദായി അല്ലേ. നീ എന്നില്‍നിന്നും ഞാന്‍ എന്നില്‍ നിന്നുമാണ്'. നബി(സ) യുടെ ഈ വാക്ക് എത്ര വലുതാണ്. എന്തുകൊണ്ടെന്നാല്‍ ജുലൈബീബിന്റെ മുതല്‍ക്കൂട്ട് വിശ്വാസവും പ്രവാചക സ്‌നേഹവുമാണ്.

വിശ്വാസമാണ് പ്രധാനം.
സമ്പത്തും സൗകര്യങ്ങളുമല്ല.

-അബ്ബാസ് സഖാഫി കാവുംപുറം
(മുഹിമ്മാത്ത് ഖത്വീബ്)




SHARE THIS

Author:

0 التعليقات: