അബ്ബാസ് മുസ്ലിയാര്‍; ആത്മാര്‍ത്ഥതയുടെ ആള്‍രൂപം

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച(9400397681)


സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന മഞ്ഞനാടി അബ്ബാസ് ഉസ്താദ് എന്ന ശറഫുല്‍ ഉലമയുടെ വിയോഗം പണ്ഡിതന്മാരിലെ പരിശുദ്ധനെയാണ് നഷ്ടമാക്കിയത്. 1947ല്‍ കര്‍ണാടകയിലെ കുടക് ജില്ലയില്‍ മടിക്കേരിക്കടുത്ത ആക്കത്തൂറിലാണ് ഉസ്താദിന്റെ ജനനം. ഒരു ബലിപെരുന്നാള്‍ ദിവസത്തിലായിരുന്നു അബ്ബാസ് മുസ്ലിയാര്‍ ഭൂജാതനാകുന്നത്. കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത പഴയകടപ്പുറത്താണ് അബ്ബാസ് മുസ്ലിയാരും കുടുംബവും ഇപ്പോള്‍ താമസിച്ചിരുന്നത്. കാസര്‍കോട് അഡൂരിനടുത്ത കൊട്ട്യാടിയിലെ ജനാബ് മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. കാഞ്ഞങ്ങാട്ടെ ബീഫാതിമ ഹജ്ജുമ്മയാണ് മാതാവ്. ഈ ദമ്പതികള്‍ കുടകില്‍ പോകുകയും അവിടെ താമസിക്കുകയുമായിരുന്നു. പിതാവായ മുഹമ്മദ് കുഞ്ഞി നിസ്വാര്‍തനായ പണ്ഡിതന സ്‌നേഹിയായിരുന്നു. സാദാത്തുക്കളെയും പണ്ഡിതന്മാരെയും ജീവന് തുല്യം സ്‌നേഹിച്ച  മുഹമ്മദ് കുഞ്ഞിയുടെ ജീവിതം നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. റമളാന്‍, റബീഊല്‍ അവ്വല്‍ തുടങ്ങിയ വിഷിഷ്ട മാസങ്ങളില്‍ ആരാധനയില്‍ മുഴുകിയിരുന്ന മുഹമ്മദ് കുഞ്ഞി നിശ്കളങ്കനായ പ്രവാചക സ്‌നേഹിയായിരുന്നു. 


ധര്‍മിഷ്ടയായ മാതാവ് ബീഫാതി ഹജ്ജുമ്മ തങ്ങളുടെ വീട്ടിലെത്തുന്ന ആരെയും അതീവ തല്‍പരതയോടെ സല്‍ക്കരിച്ചിരുന്നു. ഈ മാതാപിതാക്കളുടെ ജീവിതം ചെറു പ്രായത്തില്‍ തന്നെ അനുഗരിക്കുകയായിരുന്നു മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍. അനാഥകള്‍ക്ക് അന്നം നല്‍കാനും അഗതികള്‍ക്ക് ആശ്രയം നല്‍കാനും മുതഅല്ലിംകള്‍ക്ക് അറിവ് നല്‍കാനും ആഹോരാത്രം ശറഫുല്‍ ഉലമ പരിശ്രമിക്കാനുണ്ടായ നിദാനം സ്വമാതാപിതാക്കളുടെ ജീവിതിതമായിരുന്നു എന്നതാണ് ശരി. 

ആക്കത്തൂര്‍ ഓത്തുപള്ളിയില്‍ അഹ്മദ് മുസ്ലിയാരുടെ കീഴില്‍ ഖുര്‍ആന്‍ പഠിച്ചു. പിന്നീട് കൊടകിലെ കൊണ്ടങ്കേരിയില്‍ കെ സി അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ അടുത്ത് ദര്‍സ്സില്‍ അഞ്ച് വര്‍ഷം ജ്ഞാന തപസ്സിരുന്നു. ശേഷം കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളപ്പറമ്പിനടുത്ത തിരുവട്ടൂര്‍ സി പി മുഹമ്മദ് മുസ്ലിയാരുടെ കീഴിലും ഖിതാബ് ഓതി. സി പി ഉസ്താദ് എന്ന മുഹമ്മദ് മുസ്ലിയാരുടെ ജീവിതം അബ്ബാസ് ഉസ്താദിന്റെ ജീവിതത്തില്‍ പുതിയ ദിശാബോധം നല്‍കി. സൂഫി വര്യനായ തന്റെ ഉസ്താദിന്റെ അധ്യാത്മിക ജീവിതം വീക്ഷിക്കുകയും തനിക്കും ആ കാല്‍പ്പാടുകള്‍ പിന്തുടരണമെന്ന ജിജ്ഞാസ ഉദിക്കുകയുമിരുന്നു അബ്ബാസ് ഉസ്താദിന്. 

തിരുവട്ടൂരില്‍ നിന്ന് അബ്ബാസ് മുസ്ലിയാരുടെ പഠന മേഖല വീണ്ടും കര്‍ണാടകയിലേക്ക് തിരിച്ചു. കര്‍ണാടകയിലും കേരളത്തിലും വ്യഖ്യതമായ പള്ളി ദര്‍സ്സായുരുന്ന ഉള്ളാളമാണ് തെരഞ്ഞെടുത്തത്. സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി (ഖ.സി)യുടെ ദര്‍സ്സായിരുന്നു അവിടെ നടന്നിരുന്നത്. കന്‍സുല്‍ ഉലൂം എന്ന പേരില്‍ ഉണ്ടായിരുന്ന താജുല്‍ ഉലമയുടെ ദര്‍സ്സില്‍ മൂന്ന് വര്‍ഷം അബ്ബാസ് ഉസ്താദ് പടിക്കാനിരുന്നു. ശേഷം താജുല്‍ ഉലമുയുടെ നിര്‍ദേശ പ്രകാരം ഉത്തര്‍ പ്രദേശിലെ ദയൂബന്തിലേക്ക് ഉപരിപഠനത്തിന് പോകുകയും ഒരു വര്‍ഷത്തെ ഹദീസ് പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.

12 വര്‍ഷത്തെ വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ജ്ഞാന പ്രസരണ വഴിയില്‍ സൂര്യ തേജസായി മാറാന്‍ അബ്ബാസ് ഉസ്താദിന് സാദിച്ചത് അവിടത്തെ ജീവിത പരിശുദ്ധി കൊണ്ടാണ്. സേവന മേഖലയില്‍ നാന്ദി കുറിച്ചത് കാസര്‍കോട് ജില്ലയിലെ ദേലംപാടിയിലായിരുന്നു. 5 വര്‍ഷത്തെ സേവനത്തിന് ശേഷം കര്‍ണാടകയിലെ ഉജിറയിലേക്ക് മാറി. 3 വര്‍ഷം ഉജിറയില്‍ മുദരിസായി തുടര്‍ന്നു. പിന്നീട് ചരിത്ര പ്രസിദ്ധമായ മഞ്ഞനാടിയിലേക്കാണ് ഉസ്താദ് സേവനത്തിന് എത്തിയത്. 1977ലാണ് മഞ്ഞനാടിയില്‍ അബ്ബാസ് ഉസ്താദ് മുദരിസായി എത്തുന്നത്. 

താജുല്‍ ഉലമയുടെ കീഴില്‍ നടന്നിരുന്ന ഉള്ളാളിലെ പള്ളി ദര്‍സ്സില്‍ പഠിക്കുമ്പോള്‍ തന്നെ മഞ്ഞനാടിയുമായി അബ്ബാസ് ഉസ്താദിന് അഭേദ്യമായ ബന്ധമായുരുന്നു. മഞ്ഞനാടിയില്‍ ദര്‍സ്സ് നടത്തിയിരുന്ന സി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ എന്ന മഞ്ഞനാടി ഉസ്താദുമായുള്ള ബന്ധമായിരുന്നു ആ നാടുമായി ബന്ധം സ്ഥാപിക്കാനുള്ള പ്രധാന കാരണം. നിരവധി മശാഇഖന്‍മാരുടെ ഇജാസത്തുകള്‍ കൊണ്ടും ബ്രഹത്തായ പള്ളി ദര്‍സ്സ് കൊണ്ടു പ്രസിദ്ധനായ മഹോന്ന വ്യക്തിത്വമായിരുന്ന മഞ്ഞനാടി സി പി മുഹമ്മദ് മുസ്ലിയാരുമായുള്ള അബ്ബാസ് ഉസ്താദിന്റെ ബന്ധം ജീവിതത്തിന്റെ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കാന്‍ കാരണമായി. അബ്ബാസ് മുസ്ലിയര്‍ക്ക് മഞ്ഞനാടി ഉസ്താദിനോടുള്ള സ്‌നേഹവും ആദരവും മനസ്സിലാക്കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ മഞ്ഞനാടി ഉസ്താദിന്റെ മകളെ അബ്ബാസ് മുസ്ലിയാര്‍ക്ക് വിവാഹം ചെയ്ത് കൊടുത്തു. താജുല്‍ ഉലമയും മഞ്ഞനാടി ഉസ്താദും തമ്മിലുണ്ടായ പൊരുത്തം അനിര്‍വചനീയമാണ്. 25 വര്‍ഷത്തെ ദര്‍സ്സ് സേവനത്തിന് ശേഷം മഞ്ഞനാടിയില്‍ നിന്നും സി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ വിരമിച്ചപ്പോള്‍ തന്റെ ജാമാതാവായ അബ്ബാസ് മുസ്ലിയാരെ പ്രസ്തുത നാട്ടിലേക്ക് മുദരിസായി നിയമിക്കുകയും ചെയ്തു. മഞ്ഞനാടി ഉസ്താദ് കൊളുത്തി വെച്ച വിജ്ഞാന ദീപശിക കെടാതെ സൂക്ഷിക്കാന്‍ ശറഫുല്‍ ഉലമക്ക് സാധിച്ചു എന്നതാണ് ചരിത്രം.  21 വര്‍ഷം മഞ്ഞനാടി ജുമുഅത്ത് പള്ളിയില്‍ മുദരിസ്സായി സേവനം അനുഷ്ടിക്കുകയും ആയിരത്തിലേറെ പണ്ഡിതന്മാരെ വാര്‍ത്തെടുത്തതിന് ശേഷം പുതിയൊരു വിജ്ഞാന വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു അബ്ബാസ് മുസ്ലിയാര്‍. 


മഞ്ഞനാടിയുടെ മണ്ണും മനസ്സും വായിച്ച അബ്ബാസ് ഉസ്താദിന്റെ പ്രവര്‍ത്തന രംഗത്ത് പുതിയൊരു വിപ്ലവം തീര്‍ക്കാന്‍ നാട്ടുകാര്‍ കരുത്ത് പകര്‍ന്നു. അബ്ബാസ് മുസ്ലിയാര്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു മഞ്ഞനാടിയുടേത്. തങ്ങളുടെ മുദരിസ് ഉസ്താദിന്റെ ഓരോ ഉയര്‍ച്ചയിലും അഭിമാനം കൊണ്ട നാട്ടുകാര്‍ ഉസ്താദിനെ ഹൃദ്യമായി സ്‌നേഹിച്ചു. 1994ല്‍ മാര്‍ച്ച് 17ന് കാഞ്ഞങ്ങാടിലുള്ള അബ്ബാസ് ഉസ്താദിന്റെ വീട്ടില്‍ ശിഷ്യ സംഗമം നടത്തുകയും സ്ഥാപന പദ്ധതിയെക്കുറിച്ച് ഉസ്താദ് ശിശ്യന്മാരോട് ഉണര്‍ത്തുകയും ചെയ്തു. പ്രിയപ്പെട്ട ഗുരുവിന്റെ ജീവിത സ്വപ്‌നം എന്ത് കൊണ്ടും പൂവണിയക്കണമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ഗോതയിലിറങ്ങിയ അരുമ ശിഷ്യന്മാരുടെ പിന്തുണയോടെ ആരംഭിച്ച മഹനീയ സ്ഥാപനമാണ് മഞ്ഞനാടിയിലെ അല്‍ മദീന എജ്യുക്കേഷന്‍ സെന്റര്‍. 

ആശിക്കുറസൂലായിരുന്ന അബ്ബാസ് ഉസ്താദ് 4444 നാരിയത്ത് സ്വലാത്ത് ചൊല്ലി ഖിള്ര്‍ നബിയുടെ പേരില്‍ യാസീന്‍ പാരായണം ചെയ്ത് 11 അനാഥ മക്കളെ ഏറ്റെടുത്ത് തുടക്കം കുറിക്കുകയായിരുന്നു അല്‍ മദീന എന്ന സ്ഥാപനത്തിന്. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് പിന്നീട് അല്‍ മീനയുടെ പ്രവര്‍ത്തന രംഗത്തുണ്ടായത്. വിജയത്തിന്റെ വാതായനങ്ങള്‍ ഓരോന്നായി തുറക്കപ്പെടുകയും കര്‍ണാടകയുടെ തരിഷ്ഭൂമികയില്‍ വിജ്ഞാന മലര്‍വാടിയായി ഉയരുകയും ചെയ്തു. കര്‍ണാടകയുടെ വിവിധ നാടുകളില്‍ നിന്ന് കുട്ടികള്‍ അല്‍ മദീനയിലെത്തുകയും മത പ്രബോതകരായി സമൂഹത്തിലേക്കിറങ്ങുകയും ചെയ്തപ്പോള്‍ സ്ഥാപനത്തെ കര്‍ണാടകയിലെ സുന്നീ സമൂഹം ഏറ്റെടുക്കുകയായിരുന്നു. ചുരുങ്ങിയ കാലയളവില്‍ വിജ്ഞാന രംഗത്ത് അത്ഭുതം തീര്‍ക്കാന്‍ അല്‍ മദീനക്ക് സാദിച്ചത് ശറഫുല്‍ ഉലമയെന്ന വിജ്ഞാന സ്‌നേഹിയുടെ അവിശ്രമ പരിശ്രമമായിരുന്നു. പേരുകേട്ട പ്രഭാഷകനോ സംഘാടകനോ ആയിരുന്നില്ല അബ്ബാസ് ഉസ്താദ്. ആത്മാര്‍ത്തതയുടെ ആള്‍രൂപമായിരുന്നു ശറഫുല്‍ ഉലമ. വിനയം നിറഞ്ഞ അദ്ധേഹത്തിന്റെ ജീവിതവും നിഷ്‌കളങ്കമായ വ്യക്തിത്വവും അല്‍ മദീനയുടെ നാള്‍ വഴികളില്‍ നാഴികകല്ലായി മാറി. 


അല്‍ മദീനയുടെ ആരംഭത്തിന് ശേഷം സമൂഹ മധ്യത്തിലേക്കും ജനമനസ്സുകളിലേക്കും ആഴ്‌നിറങ്ങിയ അബ്ബാസ് മുസ്ലിയാര്‍ കര്‍ണാടകയുടെ നേതൃ നിരയില്‍ മകുടം വെക്കാത്ത രാജകുമാരനായി മാറി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ശ്രമ ഫലമായി രൂപം കൊണ്ട ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യനായ നേതാവാകാന്‍ അബ്ബാസ് ഉസ്താദിന് സാധിച്ചു. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമക്ക് യശസ്സ് ഉണ്ടാക്കാന്‍ അബ്ബാസ് മുസ്ലിയാര്‍ക്ക് അല്‍ മദീനയിലൂടെ സാധിച്ചു എന്നത് വസ്തുതയാണ്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് കര്‍ണാടകയുടെ ഭൂപടത്തില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കാന്‍ അല്‍ മദീനക്കും അബ്ബാസ് മുസ്ലിയാര്‍ക്കും കഴിഞ്ഞു എന്നതും യാഥാര്‍ത്യമാണ്. കര്‍ണാടകയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു അബ്ബാസ് ഉസ്താദ്. സദാസമയം സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയേയും പ്രബോതന രംഗത്തെ കുറവുകളെയും പ്രവര്‍ത്തകര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്ന പണ്ഡിതനെയാണ് കര്‍ണാടകയ്ക്ക് നഷ്ടമായത്. അറബി ഗ്രന്ഥ കര്‍ത്താവായ അബ്ബാസ് മുസ്ലിയാര്‍ 1976ല്‍ മന്‍ഖൂസ് മൗലിദിന് അറബി മലയാളത്തില്‍ പരിഭാഷ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അജ്മീര്‍ ഖാജ മൗലിദും അല്‍ ബുന്യാനുല്‍ മര്‍സൂസ് ഫീ ശറഹി മൗലിദുല്‍ മന്‍ഖൂസ് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 


അല്‍ മദീനയുടെ ശില്‍പിയും ചെയര്‍മാനുമായ അബ്ബാസ് മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍, സുന്നി കോ-ഓഡിനേഷന്‍ കമ്മിറ്റി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍, കുടക് ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, നിരവധി മഹല്ലുകളുടെ ഖാളി, എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.

കുടുംബം

കാഞ്ഞങ്ങാട് പഴയ കടപ്പുറം സി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ (മഞ്ഞനാട് ഉസ്താദ്) മകള്‍ ആസിയ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ ഖാദിര്‍ സഖാഫി (ജനറല്‍ മാനേജര്‍ അല്‍ മദീന), മുഹമ്മദ് കുഞ്ഞി അംജദി(ഡയറക്ടര്‍ അല്‍ മദീന), അബ്ദുല്ല ദുബൈ, അബൂബക്കര്‍ സിദ്ധീഖ് (എന്‍ജിനിയര്‍), അബൂ സ്വാലിഹ്, ആയിശ, ഫാതിമ, സൈനബ. മരുമക്കള്‍: അബൂബക്കര്‍ മദനി, അബ്ദുല്‍ റഹ്മാന്‍ മദനി പടന്ന, അബ്ദുല്‍ ജബ്ബാര്‍ മിസ്ബായി. 

മഞ്ഞനാടിയിലെ കൊട്ടപ്പാറയില്‍ വിജ്ഞാനത്തിന്റെ വടവൃക്ഷം നട്ടുപിടിപ്പിച്ച അബ്ബാസ് ഉസ്താദ് കാലയവനികക്കുള്ളില്‍ മണ്‍മറഞ്ഞെങ്കിലും അവിടന്ന് കൊളുത്തി വെച്ച വിജ്ഞാന വിളക്ക് അണയാതെ പ്രകാശിച്ച് കൊണ്ടെയിരിക്കും. ഉസ്താദിന്റെ ജീവിതഭിലാഷം അല്‍ മദീനയിലൂടെ പൂവണിഞ്ഞപ്പോള്‍ സ്ഥാപന ക്യാമ്പസില്‍ അവിടത്തെ ഭൗതിക മേനി ആത്മീയ വെളിച്ചമായി പ്രശേഭിച്ചുനില്‍ക്കും, തീര്‍ച്ച


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍