Friday, 12 July 2019

യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവം; 5 പേര്‍ അറസ്റ്റില്‍

പള്ളുരുത്തി: കുമ്പളം മന്ദനാട്ടുവീട്ടില്‍ അര്‍ജുനെ (20) കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. 

കുമ്പളം മാളിയേക്കല്‍ നിബിന്‍ (20), നെട്ടൂര്‍ എസ്എന്‍ ജങ്ഷന്‍ കുന്നലക്കാട്ട് റോണി (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ അനന്തു (21), കുമ്പളം തട്ടാശേരി അജിത് (22) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് നെട്ടൂര്‍ നോര്‍ത്ത് റെയില്‍പ്പാളത്തിനു പടിഞ്ഞാറ് ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു. ഫോറന്‍സിക് വിദഗ്ധരും പൊലീസുമെത്തി പുറത്തെടുത്തശേഷം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. 

പ്രതികളിലൊരാളായ നിബിന്റെ സഹോദരന്‍ എബിന്‍ ഒരുവര്‍ഷംമുമ്പ് പുലര്‍ച്ചെ കളമശേരിയിലുണ്ടായ ബൈക്ക് അപകടത്തില്‍  മരിച്ചു. എബിനും അര്‍ജുനും ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. എബിന്‍ മരിക്കുകയും അര്‍ജുന്‍ രക്ഷപ്പെടുകയും ചെയ്തതില്‍ നിബിന് തന്നോട് വൈരാഗ്യമുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും അര്‍ജുന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വീട്ടുകാര്‍  പറഞ്ഞു.

ജൂലൈ രണ്ടിന് രാത്രി പത്തോടെ നിബിന്റെ നിര്‍ദേശപ്രകാരം റപ്പായി എന്ന് വിളിപ്പേരുള്ള ഇവരുടെ സുഹൃത്ത് വീട്ടിലെത്തി അര്‍ജുനെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നിബിനും റോണിയും ചേര്‍ന്ന് പട്ടികയും കല്ലുംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പിച്ചശേഷം നാലുപേരും ചേര്‍ന്ന് മൃതദേഹം ചതുപ്പില്‍ ചവിട്ടിത്താഴ്ത്തി. മൃതദേഹം പൊങ്ങാതിരിക്കാന്‍ മുകളില്‍ കല്ലുകള്‍ വച്ചശേഷം മടങ്ങുകയായിരുന്നു.

അര്‍ജുന്‍ തിരികെ വരാത്തതിനാല്‍ അച്ഛന്‍ വിദ്യന്‍ മൂന്നിന് രാവിലെ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ നിബിന്റെയും റോണിയുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പൊലീസ്  റപ്പായിയെയും നിബിനെയും വിളിച്ച് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വ്യാഴാഴ്ച രാത്രി മജിസ്‌ട്രേട്ടിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ  റിമാന്‍ഡ് ചെയ്തു.




SHARE THIS

Author:

0 التعليقات: