Wednesday, 10 July 2019

ദേശീയപാതയില്‍ കൂറ്റന്‍ ആല്‍മരം കടപുഴകിവീണു; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ദേശീയപാതയില്‍ മൊഗ്രാല്‍-പുത്തൂരിനടുത്ത കുന്നുരുവില്‍ കൂറ്റന്‍ ആല്‍മരം കടപുഴകിവീണ് അഞ്ചുമണിക്കൂറിലേറെ ഗതാഗതം മുടങ്ങി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ വാഹനങ്ങള്‍ പോകുന്നതിനിടെയാണ് സംഭവം. അടിവേരറ്റ് പതിയെ മരം ചെരിഞ്ഞുവരുന്നുത് കാണാന്‍ കഴിഞ്ഞതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തി. ഇതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

രാത്രി പത്തരയ്ക്കും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡി.ശില്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസര്‍കോട്, ഉപ്പള അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും മരം മുറിച്ചുമാറ്റാന്‍ തീവ്രശ്രമം നടത്തി. രണ്ടുമണിക്കൂറോളം കാത്തിട്ടും ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ചൗക്കിയില്‍നിന്ന് ഉളിയത്തടുക്ക സീതാംഗോളി വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഒട്ടേറെ വാഹനങ്ങള്‍ ദേശീയപാതയോരത്ത് കുടുങ്ങിക്കിടന്നു. 


ഇരുട്ടായതിനാല്‍ മരം മുറിച്ചുനീക്കല്‍ജോലി വേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ദേശീയപാതയുടെ വീതിയും കടന്ന് തൊട്ടടുത്തുള്ള വൈദ്യുതക്കമ്പിയും തകര്‍ത്താണ് കൂറ്റന്‍മരം കടപുഴകിയത്.


SHARE THIS

Author:

0 التعليقات: