യുവാവിനെ അഞ്ചംഗ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ക്രൂരമായി ആക്രമിച്ചു

കാസര്‍കോട്: ഖത്തറിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവിനെ അഞ്ചംഗ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ക്രൂരമായി ആക്രമിച്ചു. കീഴൂര്‍- ചെമ്പിരിക്ക റോഡിലെ അബ്ദുല്ലയുടെ മകന്‍ എ എം അഷ്റഫ് (38) ആണ് അക്രമത്തിനിരയായത്. പരിക്കേറ്റ അഷ്റഫിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.

സഹോദരന്റെ മകന്‍ സാബിത്തിനൊപ്പം (ഒമ്പത്) കീഴൂര്‍ ടൗണ്‍ മസ്ജിദില്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ടംഗ സംഘം ബൈക്ക് തടയുകയായിരുന്നു. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ സമീപത്ത് ഒളിച്ചിരിക്കുകയായിരുന്ന മുഖംമൂടി ധരിച്ച മൂന്നംഗ സംഘം മരവടി, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് അഷ്റഫിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അഷ്റഫ് പറഞ്ഞു. സാബിത്ത് സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷരപ്പെട്ടിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ അഷ്റഫിനെ ആശുപത്രിയിലെത്തിച്ചത്. അടിയേറ്റ് അഷ്റഫിന്റെ കൈകള്‍ ഒടിയുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒന്നര മാസം മുമ്പ് അഷ്റഫിന്റെ സഹോദരന്റെ മകന്‍ പ്രണയത്തിലായിരുന്ന യുവതിയുമായി നാടുവിട്ടിരുന്നു. 10 ദിവസം കഴിഞ്ഞാണ് ഇവര്‍ തിരിച്ചെത്തിയത്. ഈ സംഭവത്തിനു ശേഷം ഭീഷണിയുള്ളതിനാല്‍ 19 കാരനായ യുവാവിനെ ബന്ധുക്കള്‍ ഇടപെട്ട് ഗള്‍ഫിലേക്കയച്ചു. ഇതിനു പിന്നാലെയാണ് അഷ്റഫിനു നേരെ ആക്രമണമുണ്ടായത്. യുവതിയുടെ സഹോദരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ആശുപത്രിയില്‍ കഴിയുന്ന അഷ്റഫ് പരാതിപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഖത്തറിലേക്ക് പോകാനിരിക്കുകയായിരുന്നു അഷ്റഫ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍