Wednesday, 17 July 2019

കറന്തക്കാട്ട് യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്ന സംഭവം; പതിവാകുന്നു പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസ് കര്‍ശന നടപടിയിലേക്ക്

കാസര്‍കോട്: കറന്തക്കാട്ട് വഴി യാത്രക്കാരെയും വാഹന യാത്രക്കാരെയും ഭീഷണിപ്പെടുത്തുകയും അതിക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസ് നടപടി കര്‍ശനമാക്കുന്നു. 

ഇവിടെ കൂടുതല്‍ പോലീസിനെ നിയമിക്കും. രണ്ടു മാസങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത് പരക്കേ ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചൂരി സ്വദേശിയും പഴയ ബസ്സ്റ്റാന്‍ഡിലെ കാന്റീന്‍ നടത്തിപ്പുകാരനുമായ അര്‍ഷാദി(24)നെ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കിയ സംഭവത്തില്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കറന്തക്കാട് കേന്ദ്രീകരിച്ച് കുറെനാളായി വാഹനങ്ങളെയും വഴി യാത്രക്കാരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായിട്ടുണ്ട്. 

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കാറില്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേര്‍ ആക്രമിക്കപ്പെട്ടിരുന്നു. പലരും ഭയം മൂലം പരാതി നല്‍കാറില്ല. ചാരായ ഗുണ്ടാ മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. 

കറന്തക്കാട്ട് സദാനേരവും പോലീസ് ബന്തവസ് ഉണ്ടെങ്കിലും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് പലരിലും ഭീതി പരത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തി വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് നടപടി കര്‍ശനമാക്കുന്നത്.




SHARE THIS

Author:

0 التعليقات: