കാസര്‍കോട് 56 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; വിവാഹവീട്ടില്‍ നിന്ന് പടര്‍ന്നതെന്ന് നിഗമനം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ അണങ്കൂര്‍ മേഖലയില്‍ 56 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുന്‍പ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

'കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം ബാധിച്ചവര്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെല്ലാം ഏതാണ്ട് ഒരു മാസം മുന്‍പ് ഇവിടെ നടന്ന ഒരു വിവാഹവേദിയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. പക്ഷെ വെള്ളമാണോ, മറ്റെന്തെങ്കിലും പാനീയമാണോ രോഗകാരിയായതെന്ന് അറിയില്ല,' കാസര്‍കോട് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡിഎംഒ ഡോ മനോജ് പ്രതികരിച്ചു.

മഞ്ഞപ്പിത്ത ബാധയുണ്ടെന്ന് സംശയിക്കുന്ന 20 പേര്‍ക്കും രോഗബാധ സ്ഥിരീകരിക്കാനാണ് സാധ്യതയെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് ഏറെ നാളുകളായതിനാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പ്രദേശത്ത് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും ഡോ മനോജ് അറിയിച്ചു.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍