Friday, 26 July 2019

കാസര്‍കോട് സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്

കാസര്‍കോട്: ബദിയടുക്കയില്‍ കുട്ടികള്‍ പനിബാധിച്ച് മരിച്ചത് മിലിയോഡോസിസ് മൂലമെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ അറിയിച്ചു.

കാസര്‍കോട് ബദിയടുക്ക കന്യാപാടി സിദ്ധീഖിന്റെ ആറ് മാസവും, നാലര വയസ്സും പ്രായമുള്ള മക്കളാണ് കഴിഞ്ഞ തിങ്കളാഴ്ച്ചയും, ചൊവ്വാഴ്ച്ചയുമായി ചികിത്സയിലിരിക്കെ മരിച്ചത്. പനി ബാധിച്ച് മരണം എന്നായിരുന്നു ആദ്യഘട്ടത്തില്‍ സ്ഥിരീകരണം. എന്നാല്‍, രണ്ട് കുട്ടികളും ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ കൂടുതല്‍ പരിശോധനക്കായി സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചത്.


മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന ഫലത്തിലാണ് കുട്ടികള്‍ മിലിയോഡോസിസ് മൂലമാണ് മരിച്ചതെന്ന് കണ്ടെത്തിയത്. നേരത്തെ കുട്ടികള്‍ ചികിത്സയിലായിരുന്ന മംഗലൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ നടത്തിയ സാമ്പിളുകളുടെ പരിശോധനയിലും മിലിയോഡോസിസ് സ്ഥിരീകരിച്ചിരുന്നു. ഇനി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധന ഫലം കൂടി വരാനുണ്ട്.


കുട്ടികളുടെ മാതാപിതാക്കളടക്കം കുട്ടികളോട് നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിനായി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കുട്ടികളുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ട്. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടുപിടിക്കുന്നതിനായാണ് പരിശോധന.

SHARE THIS

Author:

0 التعليقات: