Sunday, 7 July 2019

നോളജ് സിറ്റിയില്‍ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ദേശീയ മുഖ്യധാരയില്‍ നിന്ന് ചരിത്രപരമായ കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് മര്‍കസ് സ്ഥാപനങ്ങള്‍ നിര്വഹിക്കുന്നെതെന്നും പുതിയ തലമുറയെ ആഗോള പൗരരാക്കി മാറ്റാന്‍  നോളജ് സിറ്റിയിലൂടെ  നവീനമായ പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സേവനങ്ങള്‍ അഭിനന്ദനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

3000 കോടി മുതല്‍ മുടക്കില്‍ വിദ്യാഭ്യാസവും ഗവേഷണവും ചരിത്ര സംരക്ഷണവും പാര്‍പ്പിടവും  ചികിത്സയും വാണിജ്യവും ഉള്‍ക്കൊള്ളുന്ന നോളജ്  മഹാനഗരി ഒരുക്കുന്ന മര്‍കസ്  ജ്ഞാനം പകരുന്നതിലും പാവങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ശോഭനീയമായി നിലകൊള്ളുന്നു.  ബഹുസ്വരമായ മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ശക്തമാവുകയും ഒറ്റപ്പെടുത്തലുകളുടെ ഛിദ്രശക്തികള്‍ പ്രതിരോധിക്കപ്പെടുകയും വേണം. എല്ലാ ജാതി മത സമൂഹങ്ങള്‍ക്കും  വിദ്യാഭ്യസവും ജീവകാരുണ്യ സഹായങ്ങളും ചെയ്യുന്ന മര്‍കസ് പ്രസ്ഥാനം മാതൃകയാണ്. പൊതുവിദ്യാഭ്യാസത്തെ ശക്തമാക്കുന്നനിന്റെ  ഭാഗമായി എല്‍.പി, യു.പി സ്‌കൂളുകളിലേക്ക് കൂടി ഹൈടെക്ക് സംവിധാനം നടപ്പിലാക്കും: മുഖ്യമന്ത്രി പറഞ്ഞു.  മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വൈജ്ഞാനികവും സാങ്കേതികവും ശാസ്ത്രീയവുമായ മുന്നേറ്റത്തിനൊത്തു ജ്ഞാനവും അനുഭവവും നേടി വരാനിരിക്കുന്ന തലമുറയെ ആഗോളമായി നിയന്ത്രിക്കുന്ന പ്രതിഭകള്‍ രൂപപ്പെടുന്ന ഇടമാവും മര്‍കസ് നോളജ് സിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ പ്രവിശാലമായ 125 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന മര്‍കസ് നോളജ് സിറ്റിയിലെ വിശാലവും ഹരിതാഭവുമായ ക്യാംപസിലാണ് അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ നിലവില്‍ വന്നിരിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള പാരമ്പര്യ  വിദ്യാഭ്യാസ രീതിശാസ്ത്രത്തില്‍ നിന്ന് ഭിന്നമായി  ഒട്ടേറെ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചാണ് അലിഫ് ഗ്ലോബല്‍ സ്‌കൂളിന് തുടക്കമിടുന്നത്. സിദ്ധാന്തങ്ങളേക്കാള്‍ പ്രായോഗിക പാഠങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പാഠ്യപദ്ധതി പുതിയ അനുഭവമാകും.  രാജ്യാന്തര രംഗത്ത് ഒരു ദശകമായി  പ്രവര്‍ത്തിക്കുന്ന അലിഫ് എജ്യുകെയര്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളില്‍  ഇന്ത്യയിലും വിദേശത്തുമായി ഇരുപതിനായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എക്‌സല്‍ സോഫ്റ്റ് ആണ് അക്കാദമിക മേല്‍നോട്ടം വഹിക്കുന്നത്.

ദൈനംദിന ജീവിത രീതികള്‍ ചിട്ടപ്പെടുത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികച്ച പരിശീലനം ലഭിച്ച അധ്യാപകര്‍, വിപുലമായ ലാബ് സൗകര്യം, ദൈനംദിന പാഠ്യവിഷയങ്ങള്‍ പരിശീലിപ്പിക്കുന്നതിന് വര്‍ക്ഷോപ്പുകള്‍, ഇക്കോ ഫ്രന്റ്ലി നിര്‍മിതികള്‍, എല്ലാ കുട്ടികള്‍ക്കും ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് സൗകര്യം, ലോകപ്രശസ്തരും പരിചയ സമ്പന്നരുമായ വിദ്യാഭ്യാസ വിചക്ഷണര്‍ നേതൃത്വം നല്‍കുന്ന അക്കാദമിക് ബോര്‍ഡ്, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ഡിവലപ്മെന്റ് പ്രോഗ്രാമുകള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, ശിതീകരിച്ച ക്ലാസ് മുറികളും ഹോസ്റ്റലുകളും, വിവിധ ഭാഷാ പഠനങ്ങള്‍, തുടങ്ങിയ സവിശേഷതകള്‍ അലിഫ്  സ്‌കൂളില്‍ ലഭ്യമാവും.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ , കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ,   മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം, ജോര്‍ജ് എം. തോമസ് എം.എല്‍.എ, പി ടി എ റഹീം എം.എല്‍.എ, റസാഖ് കാരാട്ട് എം.എല്‍.എ, സ്വാമി തച്ചോലത്ത് ഗോപാലന്‍, ഫാദര്‍ ബെന്നി മുണ്ടനാട്ട്, മോഹനന്‍ മാസ്റ്റര്‍,ഹബീബ് തമ്പി, വി കെ ഹുസൈന്‍ കുട്ടി,  അലിക്കുഞ്ഞി മുസ്ലിയാര്‍, ലുഖ്മാന്‍ പാഴൂര്‍ , അമീര്‍ ഹസന്‍ പ്രസംഗിച്ചു


SHARE THIS

Author:

0 التعليقات: