Saturday, 20 July 2019

കനത്ത മഴ: മൊഗ്രാല്‍ തീരദേശം ഒറ്റപ്പെട്ടു; 25ഓളം വീടുകളില്‍ വെള്ളം കയറി.

മൊഗ്രാല്‍: കനത്ത മഴയെ തുടര്‍ന്ന് മൊഗ്രാല്‍  തീരപ്രദേശത്തും, വളച്ചാല്‍, മീലാദ് നഗര്‍ പ്രദേശങ്ങളിലും ദുരിതം വിതച്ചു. 25 ഓളം വീടുകള്‍ വെള്ളക്കെട്ട് കാരണം ഒറ്റപ്പെട്ട നിലയിലാണ്. അഞ്ചോളം വീടുകളില്‍ വെള്ളം കയറി. കൊപ്പളം, നാങ്കി തീരദേശ റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം സംവിധാനവും നിലച്ചു. ഇതോടെ തീരപ്രദേശം തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായി.

നാങ്കിയില്‍ അബ്ദുള്ളകല്‍സി, അഷ്‌റഫ്, എം എസ് അബ്ദുല്ല കുഞ്ഞി, അബൂബക്കര്‍, ഫാറൂഖ്, നീന്തല്‍ താരം മുഹമ്മദ് കുഞ്ഞി തുടങ്ങിയവരുടെ പതിനഞ്ചോളം വീടുകളും, ഒളച്ചലില്‍  ഇബ്രാഹിം, ഖാദര്‍, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കൊപ്പളം തുടങ്ങിയവരുടെ പത്തോളം വീടുകളിലും, മീലാദ്‌നഗറില്‍ ഇബ്രാഹിമിന്റെ വീടും വെള്ളം കയറി.

അശാസ്ത്രീയമായ ലിങ്ക് റോഡ് നിര്‍മ്മാണങ്ങളും, ചുറ്റുമതിലുകലുമാണ്  നാങ്കി കടപ്പുറത്തു  വെള്ളക്കെട്ടിന് കാരണമാകുന്നത്. ഓളച്ചലിലാകട്ടെ  പുഴയിലേക്ക് വെള്ളം ഒഴുകി പോകുന്ന ഓവുചാലുകള്‍ അടഞ്ഞതാണ്  വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്. കോപ്പളത്തിലെ ആവിയില്‍ കെട്ടികിടക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടാന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ നാങ്കി പ്രദേശത്തെ  വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികൃതരുടെ സന്ദര്‍ശനവും സൗജന്യറേഷന്‍ പ്രഖ്യാപനവും ഒഴിവാക്കി ജീവിക്കാനുള്ള സുരക്ഷിത മാര്‍ഗമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ദുരിതമനുഭവിക്കുന്നവര്‍ പറയുന്നു.



SHARE THIS

Author:

0 التعليقات: