Saturday, 13 July 2019

നസീം പിടിച്ചുവച്ചു, ശിവരഞ്ജിത്ത് കുത്തി: അഖിലിന്റെ മൊഴി

തിരുവനന്തപുരം: തന്നെ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് എസ്എഫ്‌ഐ ശിവരഞ്ജിത്ത് തന്നെയെന്ന് വിദ്യാര്‍ത്ഥി അഖില്‍ മൊഴി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് അഖില്‍ മൊഴി നല്‍കിയത്. അഖിലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും പൊലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കാമെന്ന് പൊലീസിനോട് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുത്തിയത് ശിവരഞ്ജിത്താണെന്നും അതിന് സഹായിച്ചത് നസീമാണെന്നുമാണ് അഖില്‍ നല്‍കിയ മൊഴി. 'ഓടിയെത്തി നസീം എന്നെ പിടിച്ചു വച്ചു. പിന്നാലെ വന്ന ശിവരഞ്ജിത്ത് കുത്തി' - ഇതാണ് അഖില്‍ നല്‍കിയ മൊഴി.

നേരത്തേ, എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്ത് ഉമൈര്‍ പൊലീസിന് മൊഴി നല്‍കി. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യില്‍ കത്തി ഉണ്ടായിരുന്നു. എന്നാല്‍ കുത്തി വീഴ്ത്തിയത് ആരെന്ന് താന്‍ കണ്ടിട്ടില്ലെന്നാണ് ഉമൈര്‍ പറയുന്നത്.

കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖില്‍ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്‌ഐ നേതാക്കള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ഉമൈര്‍ പറഞ്ഞു. 

യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്‌ഐക്കാരുടെ അക്രമങ്ങള്‍ അരങ്ങേറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും പട്ടിയെ തല്ലുന്നത് പോലെ, തന്നെയും എസ്എഫ്‌ഐക്കാര്‍ തല്ലിയിട്ടുണ്ടെന്ന് ഉമൈര്‍ പറഞ്ഞു. തല്ലി അവശനാക്കി യൂണിറ്റ് മുറിയിലേക്ക് എടുത്ത് കൊണ്ട് പോയിട്ടുണ്ടെന്നും ഉമൈര്‍ പറഞ്ഞു.

SHARE THIS

Author:

0 التعليقات: