Wednesday, 31 July 2019

വഹാബിനെതിരെ യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ്; രാജിവെച്ച് ഒഴിയുന്നതാണ് നല്ലത്

കോഴിക്കോട്: സുപ്രധാനമായ മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഭയില്‍ പങ്കെടുക്കാതിരുന്ന മുസ്ലിം ലീഗ് എംപി പി വി അബ്ദുല്‍ വഹാബിനെതിരേ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ രംഗത്ത്. എത്രയോ സമയമുണ്ടായിട്ടും സഭയില്‍ എത്താതിരുന്നത് അംഗീകരിക്കാനാവില്ലെന്നും സമയമില്ലെങ്കില്‍ രാജിവച്ച് പോവുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലീഗ് എംപിമാരെ പാര്‍ലിമെന്റില്‍ അയക്കുന്നത്. എത്രയോ സമയമുണ്ടായിട്ടും ചര്‍ച്ചയ്ക്കെത്തിയില്ല. അതുവഴി സംഘടനയുടെ നിലപാട് പറയാത്തതിന് അദ്ദേഹം തന്നെയാണ് പൂര്‍ണ ഉത്തരവാദി. ഇതുകാരണം പാര്‍ട്ടി വലിയ പ്രയാസത്തിലാണെന്നും മുഈനലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. നിര്‍ണായകസമയത്ത് ലീഗ് എംപിമാര്‍ പാര്‍ലമെന്റില്‍ ഹാജരാവാതിരിക്കുന്നത് തുടര്‍സംഭവമാകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 


മുത്തലാഖ് ബില്ല് ചര്‍ച്ചയ്ക്കിടെ പേര് വിളിച്ച സമയത്ത് അബ്ദുല്‍ വഹാബ് എംപി സ്ഥലത്തില്ലാതിരുന്നതിനാല്‍ ലീഗിന്റെ ഏക രാജ്യസഭാ എംപിയായ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് 12 മുതല്‍ നാലുമണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ അഞ്ചുമണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും വഹാബ് എത്തിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമത്താണ് എത്തിയത്. തുടര്‍ന്ന് സംസാരിക്കാന്‍ അവസരം ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതുകാരണം ചര്‍ച്ചയിലൊന്നും സംസാരിക്കാതെ വോട്ടിങിനിടെ എതിര്‍ത്തു വോട്ട് ചെയ്യാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. സംഭവം ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കിയതോടെയാണ് യൂത്ത് ലീഗ് നേതാവും പരസ്യവിമര്‍ശനവുമായെത്തിയത്. ലീഗ് അണികള്‍ക്കിടയിലും വഹാബിനെതിരേ ശക്തമായ വികാരം ഉയര്‍ന്നിട്ടുണ്ട്. 


SHARE THIS

Author:

0 التعليقات: