Thursday, 25 July 2019

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി

ദില്ലി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായി. മുത്തലാഖ് ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം ലോക്‌സഭ തള്ളി. 303 പേര്‍ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 82 പേര്‍ അനുകൂലിച്ചു. ബില്ല് പാസ്സാക്കിയെടുക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള വലിയ കടമ്പ രാജ്യസഭയാണ്.

ബില്ലില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോണ്‍ഗ്രസ് വോട്ടു ചെയ്തു. മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. 

മുസ്ലീം സമുദായത്തില്‍ ഭാര്യയുമായി വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനുള്ള ചട്ടങ്ങള്‍ ബില്ലിലുണ്ട്.

ബില്ലിനെതിരെ ഇന്ന് മുഴുവന്‍ സഭയില്‍ വലിയ പ്രതിപക്ഷ ബഹളം നടന്നിരുന്നു. ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡടക്കം ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എന്‍ഡിഎയ്ക്ക് നാണക്കേടായി. സമുദായത്തിന്റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസ്സാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്. 

അതേസമയം, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ലിന് വേണ്ടി സഭയില്‍ ശക്തമായി വാദിച്ചു. ''പാകിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചതാണ്. മതേതര ഇന്ത്യയില്‍ എന്തുകൊണ്ട് ഈ മതനിയമം നിരോധിച്ചുകൂടാ?'', രവിശങ്കര്‍ പ്രസാദ് ചോദിച്ചു. 

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ബിജെപി എംപിമാര്‍ക്ക് വിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ബില്ലിലെ പല വ്യവസ്ഥകളും വിവേചനപരമാണെന്നും, ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്തുകൊണ്ടാണ് മുത്തലാഖ് ബില്ല് മാത്രം ഇത്ര പെട്ടെന്ന് പാസ്സാക്കിയെടുക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. 

മുസ്ലീം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍ പെട്ട സ്ത്രീകളെ കാണുന്നില്ല? എന്തുകൊണ്ട് മുസ്ലിം പുരുഷന്‍മാര്‍ക്കെതിരെ മാത്രം ക്രിമിനല്‍ നടപടി ശുപാര്‍ശ ചെയ്യുന്ന ബില്ല് എന്‍ഡിഎ പാസ്സാക്കാന്‍ ധൃതി പിടിച്ച് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. 

''ഇന്ന് ബില്ലവതരിപ്പിക്കുന്നു എന്ന കാര്യം ഇന്നലെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. എന്തുകൊണ്ടാണത്? എന്തിനാണ് സര്‍ക്കാര്‍ ഈ ബില്ലവതരണം ഒളിച്ചു കടത്തിയത്?'', കോണ്‍ഗ്രസ് ചോദിക്കുന്നു. 

ബുധനാഴ്ച സംയുക്ത പ്രതിപക്ഷത്തിന്റെ യോഗം പാര്‍ലമെന്റില്‍ ചേര്‍ന്നിരുന്നു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലെ ചില്ല ബില്ലവതരണങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. മുത്തലാഖ് ബില്ലടക്കമുള്ളവ സെലക്ട് കമ്മിറ്റിക്ക് വിടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നീക്കം. 

SHARE THIS

Author:

0 التعليقات: