Monday, 15 July 2019

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്‍. നസീം എന്നിവരാണ് പിടിയിലായത്. കേശവദാസപുരത്തെ വീട്ടില്‍വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ഇവരെ പിടികൂടിയത്.

ശിവരഞ്ജിത് കോളജ് എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്. വധശ്രമക്കേസില്‍ നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. അദ്വൈത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവരാണ് നേരത്തെ പിടിയിലായത്. വധശ്രമക്കേസില്‍ എട്ട് പ്രതികള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ പോലീസ് പുറത്തിറക്കിയ പ്രതി പട്ടികയില്‍ നേമം സ്വദേശിയായ ഇജാബ് ഉണ്ടായിരുന്നില്ല. കുറ്റകൃത്യത്തില്‍ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇജാബിനെ റിമാന്റ് ചെയ്തു.

ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പിടികൂടിയെന്നാണു പോലീസ് അറിയിച്ചത്. എന്നാല്‍, സിപിഎം നേതൃത്വത്തിന്റെ ഉപദേശമനുസരിച്ച് ഇവര്‍ കീഴടങ്ങുകയായിരുന്നു എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

പ്രതികളുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു കേരള സര്‍വകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പോലീസ് പിടിച്ചെടുത്തിരുന്നു.




SHARE THIS

Author:

0 التعليقات: