Wednesday, 10 July 2019

ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

ആദ്യം ഇന്ത്യ കനത്ത പരാജയം രുചിക്കുമെന്നും പിന്നീട് പൊരുതി വിജയം നേടുമെന്നും തോന്നിച്ച കളി ന്യൂസീലാന്റ് വെട്ടിപ്പിടിച്ചു. 18 റണ്‍സിനാണ് കിവീസിന്റെ ലോകകപ്പ് സെമി ഫൈനല്‍ വിജയം. ആറ് വിക്കറ്റ് നഷ്ടത്തില്‍ ജഡേജ-ധോണി സഖ്യം ഇന്ത്യയെ വിജയിപ്പിക്കും എന്ന് തോന്നല്‍ ഉണ്ടാക്കിയെങ്കിലും ആരാധകര്‍ നിരാശരായി. 

ഇതോടെ ഇന്ത്യ ലോകകപ്പില്‍നിന്ന് പുറത്തായി. നാളെ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലാന്റ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 239 റണ്‍സെടുത്തത്. 46.1 ഓവറുകളാണ് ഇന്നലെ കിവീസ് ബാറ്റ് ചെയ്തത്. ശേഷിച്ച 23 പന്തുകളില്‍ ഇന്ന് 28 റണ്‍സാണ് അവര്‍ നേടിയത്. 90 പന്തില്‍നിന്ന് 74 റണ്‍സെടുത്ത റോസ് ടെയ്ലറും 95 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണുമാണ് ന്യൂസീലാന്റ് ബാറ്റിംഗിന്റെ നട്ടെല്ലായത്. പത്ത് ഓവറില്‍ 43 റണ്‍സ് മാത്രം വിട്ടുനല്‍കി 3 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയത്.

ഒറ്റയാള്‍ പോരാട്ടമാണ് ജഡേജ നടത്തിയത് എന്നുതന്നെ പറയാം. 59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ കെയ്ന്‍ വില്യംസണ്‍ ക്യാച്ചെടുത്താണ് പുറത്താക്കിയത്. നിരവധി തവണ ലൈഫുകള്‍ കിട്ടിയെങ്കിലും തരക്കേടില്ലാത്ത ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നാല് ബൗണ്ടറികള്‍ക്ക് പുറമെ ഗ്യാലറിയിലേക്ക് പറത്തിയ നാല് വലിയ സിക്സറുകളായിരുന്നു ജഡേജയുടെ ഇന്നിംഗ്സിന്റെ അഴക് എന്ന് പറയാം.


ധോണി 77 പന്ത് ചെലവിട്ട് 49 റണ്‍സ് എടുത്തതിന് പുറമെ 56 പന്തില്‍ 32 റണ്‍സ് എടുത്ത ഋഷഭ് പന്തും 62 പന്തില്‍ 32 റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് അല്‍പമെങ്കിലും പൊരുതിയത്. വിഖ്യാതമായ ഇന്ത്യയുടെ ബാറ്റിംഗ് നിര ആദ്യം അവിശ്വസനീയമായ തകര്‍ച്ചയാണ് നേരിട്ടത്. അഞ്ച് റണ്ണില്‍ രണ്ട് വിക്കറ്റുകളും 24 റണ്ണുകളില്‍ നാല് വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. രോഹിതും രാഹുലും കോലിയും ഓരോ റണ്ണുവീതമാണ് നേടിയത്.


SHARE THIS

Author:

0 التعليقات: