Friday, 30 August 2019

സയ്യിദ് മുഹമ്മദ് അഹ്ദല്‍ കോയഞ്ഞിക്കോയ തങ്ങള്‍:ആദര്‍ശ വഴിയിലെ ആള്‍രൂപം

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച (9400397681)

രാപാരായണത്തില്‍ ലയിച്ച മകനിലാണ് ഉമ്മയുടെ ശ്രദ്ധ. കേട്ടുകേള്‍വിയില്ലാത്ത ആശയങ്ങളുടെ സംഹാരമാണ് തന്റെ മകന്‍ വായിക്കുന്നതെന്നറിഞ്ഞ ഉമ്മ പുസ്തകത്തിന്റെ കിടപ്പ് ശ്രദ്ധിച്ചു. മകന്‍ ഉറങ്ങി എന്നുറപ്പ് വരുത്തിയതിന് ശേഷം പ്രസ്തുത പുസ്തകം കൈയ്യിലെടുത്തു.പൊതുവെ വായന പ്രേമിയായ ഉമ്മക്ക് മകന്‍ വായിച്ച പുസ്തകം കൈയ്യില്‍ കിട്ടണമെന്ന നിര്‍ബന്ധ ബുദ്ധി ഉദിച്ചു. ചുരുക്കത്തില്‍ പുസ്തകം ഉമ്മയുടെ കസ്റ്റഡിയിലായി. ഒറ്റനോട്ടത്തില്‍ തന്നെ പുസ്തകം ആപത്താണെന്ന് ഉമ്മ മനസ്സിലാക്കി.
നേരം വെളുത്ത് സ്‌കൂളില്‍ പോകാന്‍ നേരത്താണ് രാത്രി വായിച്ച പുസ്തകം കാണ്‍മാനില്ലെന്ന വിവരം മകന്‍ അറിയുന്നത്. പ്രതീക്ഷകളുടെ വാതായനമായ ഉമ്മയോട് കാര്യം തിരക്കിയപ്പോള്‍ പുസ്തകം കസ്റ്റഡിയിലാണെന്ന് മകന് ബോധ്യമായി. തിരിച്ച് പിടിക്കാനുള്ള ശ്രമം പതിനെട്ടും പയറ്റിയെങ്കിലും 'വാപ്പച്ചിയെ ഏല്‍പ്പിച്ചതിന് ശേഷം തരാമെന്ന നിലപാടില്‍ ഉമ്മ ഉറച്ച് നിന്നു.' സംഗതി
അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ മകന്‍ ഭയചിത്തനായി സ്‌കൂളിലേക്ക് പുറപ്പെട്ടു. മദ്‌റസ കഴിഞ്ഞ് വീട്ടിലെത്തിയ പിതാവിന്റെ കൈയ്യില്‍ പുസ്തകം വെച്ച് കൊടുത്ത് ഉമ്മ ഇങ്ങനെ പറഞ്ഞു' മോന്‍ക്ക് സ്‌കൂളില്‍ നിന്നും കിട്ടിയ പുസ്തകമാണിത്, രാത്രി നല്ല വായനയിലായിരുന്നു അവന്‍. പഠിച്ച ആശയത്തിന് വിപരീതമാണ് ഇതില്‍ ഉള്ളതെന്ന് അവന്റെ വായനയില്‍ മനസ്സിലായത് കൊണ്ട് പിടിച്ചു വെച്ചതാണ്.''

വായനയും ആദര്‍ശവും നന്നായി അറിയുന്ന സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ അഹ്ദല്‍ തങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ കാര്യം പിടികിട്ടി. സ്‌കൂള്‍ അധ്യാപകന്മാരായി വരുന്ന ബിദഈ ആദര്‍ശ മിഷണറിമാരായ അറബിക് മുന്‍ഷിമാര്‍ കുട്ടികളെ പിഴപ്പിക്കാന്‍ ചെയ്യുന്ന ഗൂഡതന്ത്രത്തിന്റെ ഭാഗമായി തന്റെ മകന്റെ കൈയ്യില്‍ കൊടുത്തുവിട്ടതാണെന്ന് മനസ്സിലാക്കുകയും യാഥാര്‍ത്ഥ്യം അറിയാന്‍ മകന്‍ വരുന്നത് വരെ വീട്ടില്‍ കാത്ത് നില്‍ക്കുകയും ചെയ്തു.
സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയ മകനെ ആദ്യം വിസ്തരിച്ചു. നവീന-ഭീകര വാദികളായ  ജമാഅത്തെ ഇസ്ലാമിക്കാരുടെ പുസ്തകം വായിച്ചതിന് പ്രഹരിച്ചു. മുറ്റത്ത് കെട്ടിയിട്ട് പ്രഹരം തുടര്‍ന്നപ്പോള്‍ അയല്‍വാസി ഓടി വന്ന് അടിയില്‍ നിന്ന് രക്ഷിച്ചു... മരണം വരെ ബിദ്അത്ത് കാരന്റെ പുസ്തകം വായിക്കാന്‍ പാടില്ലെന്ന് മകനോട് താക്കീത് നല്‍കി.
മമ്പാട്ടിലെ അധികാരിയായ ഹസന്‍ മോയിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന സ്‌കൂളിലെ മുന്‍ഷിയാണ് കുട്ടികളോട് ഈ അപരാധം ചെയ്തത്.
ധീരനും ആദര്‍ശ വീരനുമായ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങള്‍ തനിക്കുണ്ടായ അനുഭവം അധികാരി ഹസന്‍ മോയിനോട് നേരിട്ട് ബോധിപ്പിക്കുകയും അധ്യാപകനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
  
കുട്ടികളെ പിഴപ്പിക്കാന്‍ വരുന്ന ബിദ്അത്തുകാരായ അധ്യാപകരെ വെച്ച്പുറപ്പിക്കാന്‍ പാടില്ലെന്ന് അധികാരിയോട് ആവശ്യപ്പെട്ടതനുസരിച്ച് പ്രസ്തുത അധ്യാപകനെ സ്‌കൂളില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്തു. നാട്ടിലും പരിസരങ്ങളിലും ബിദഈ വിഷം ചീറ്റിയ നവീന വാദികളോട് സന്ധിയില്ലാ സമരം നടത്തിയ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മൂത്ത മകനിലാണ് ഈ അനുഭവം ഉണ്ടായത്. സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മക്കളില്‍ പ്രധാനിയാണ് ഉത്തരകേരളത്തിന്റെയും കര്‍ണാടകയുടെയും ആത്മീയ നായകനായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ (ഖ.സി)

ശൈഖുനാ ത്വാഹിര്‍ തങ്ങളെയും സഹോദരങ്ങളെയും ഇല്‍മിന്റെ വഴിയില്‍ വളര്‍ത്തി ആത്മീയതയുടെ ഉത്തുംഗസോപാനത്തില്‍ എത്തിച്ചത് പിതാവായ സയ്യിദ് മുഹമ്മദ് കോയ ഞ്ഞിക്കോയ തങ്ങളാണ്. രിഫായി ത്വരീഖത്തിന്റെ ശൈഖായിരുന്നു തങ്ങള്‍. ദിനം പ്രതി നൂറിലേറെ സന്ദര്‍ശകര്‍ തങ്ങളെ കാണാന്‍ കൂളിമാട്ടിലെ എര്‍ക്കോട്ടെ വീട്ടില്‍ എത്തിയിരുന്നു. ത്വാഹിര്‍ തങ്ങള്‍ തല്‍സമാവാത്ത് ചികിത്സ പഠിച്ചത് പിതാവില്‍ നിന്നാണ്. 

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സൂറത്തുല്‍ ഫാത്വിഹ, തല്‍സമാവാത്ത്, സുമ്മ്(വിഷ ചികിത്സ) എന്നിവയുടെ ഇജാസത്തും ഖാദിരിയ്യത്തുല്‍ ഐദ്രൂസിയ്യ, രിഫായിയ്യ എന്നീ ത്വരീഖത്തും സ്വീകരിച്ചത് പിതാവായ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ അഹ്ദല്‍ തങ്ങളില്‍ നിന്നാണ്.
പണ്ഡിതനും ആത്മീയ നായകനുമായ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങള്‍ ഹിജ്‌റ 1329 ജമാദുല്‍ അവ്വല്‍ 17നാണ് ജനിക്കുന്നത്.സയ്യിദ് മുഹമ്മദ് അസ്ഗര്‍ സീതിക്കോയ തങ്ങളാണ് പിതാവ്.

മുഹിമ്മാത്തെന്ന വിജ്ഞാന വിസ്മയ ഗോപുരത്തിലൂടെ ഒരു സമൂഹത്തെ പുനരുദ്ധാരണം നടത്തിയ ആത്മീയ നായകനായ ത്വാഹിര്‍ തങ്ങള്‍ക്ക് ആദര്‍ശ ബോധവും കരുത്തും നല്‍കിയ പിതാവായ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ അഹ്ദല്‍ തങ്ങള്‍ വഫാത്തായ ദിവസമാണ് ദുല്‍ഹിജ്ജ 29
ഹിജ്‌റ 1329 ജമാദുല്‍ അവ്വല്‍ 17ന് മമ്പാട് ജനിച്ച തങ്ങള്‍ ഹിജ്‌റ 1404 ദുല്‍ഹിജ്ജ 29 (A.D 25.9.1984)
ന് കൂളിമാടില്‍ വഫാത്തായി. കൊന്നാര മഖാമിലാണ് അന്ത്യവിശ്രമം.

സയ്യിദ് ശരീഫാ ഫാത്വിമ കുഞ്ഞിബീവിയാണ് ഭാര്യ.
മക്കള്‍: മര്‍ഹൂം സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങള്‍, മര്‍ഹൂം സയ്യിദത്ത് ശരീഫ ബീവി, സയ്യിദത്ത് ലത്വീഫ ഇമ്പിച്ചി ബീവി, മര്‍ഹൂം സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍, മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്ലക്കോയ അലി അഹ്ദല്‍, മര്‍ഹൂം സയ്യിദ് അബ്ദുറഹ്മാന്‍ അഹ്ദല്‍ ആറ്റക്കോയ പാഴൂര്‍ തങ്ങള്‍, സയ്യിദ് ഖാസിം ഇമ്പിച്ചിക്കോയ അഹ്ദല്‍ (തളങ്കര മാലിക്ദീനാര്‍ പള്ളിയില്‍ ഖാസി ഇ കെ ഹസന്‍ മുസ്ലിയാരുടെ അസിസ്റ്റന്റ് മുദരിസായിരുന്നു), മര്‍ഹൂം സയ്യിദത്ത് ഖദീജ ബീവി, സയ്യിദത്ത് ഉമ്മു സലമ ബീവി, സയ്യിദ് ഹസന്‍ പൂക്കോയ അഹ്ദല്‍ തങ്ങള്‍ (പുത്തൂര്‍ ബെള്ളാര തമ്പിനമക്കി ദാറുല്‍ ഹുദ ശില്‍പിയും പ്രസിഡണ്ടുമായ തങ്ങള്‍ മുഹിമ്മാത്ത് ഉപാധ്യക്ഷനും മുഹിമ്മാത്ത് കുല്ലിയ ശരീഅയുടെ വൈ.പ്രിന്‍സിപ്പളുമാണ്).


SHARE THIS

Author:

0 التعليقات: