Monday, 26 August 2019

കരിങ്കല്‍ മുഹമ്മദ് കുഞ്ഞി: ഓര്‍മ്മകള്‍ വറ്റാത്ത നീരുറവ


കരിങ്കല്ലുകള്‍ക്കിടയില്‍ പൊട്ടിവരുന്ന തെളിനീര്‍ ശുദ്ധമായിരിക്കും. വറ്റാത്ത നീരുറവയായി എന്നും അവശേഷിക്കുന്ന പ്രകൃതിയുടെ അമൃതമായിമാറും.അതൊരു പ്രകൃതി വരദാനമാണ്...

കരിങ്കല്ലുകള്‍ക്കിടയിലെ നീരുറവപോലെ തെളിഞ്ഞതും ശുദ്ധവുമായ വ്യക്തിത്വമായിരുന്നു അംഗഡി മുഗറിലെ കരിങ്കല്‍ മുഹമ്മദ് കുഞ്ഞി. കൂട്ടു കുടുംബങ്ങള്‍ക്കിടയിലും ബന്ധു മിത്രങ്ങള്‍ക്കിടയിലും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയിലും സ്‌നേഹം മുറിയാത്ത നീരുറവയായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് ശരി. ആദര്‍ശ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ അതുല്യ വ്യക്തിത്വമാണ് കരിങ്കല്‍ മുഹമ്മദ് കുഞ്ഞി.

എസ് എസ് എഫിന്റെ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോഴാണ് അദ്ദേഹവുമായി പരിചയപ്പെടുന്നത്. സംഘടനയുടെ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ പോയാല്‍ ഭവ്യതയോടെ സ്വീകരിക്കുന്ന അദ്ദേഹം സാഹിത്യോത്സവങ്ങള്‍ക്ക് നിര്‍ലോഭമായി സഹായിച്ചിരുന്നു. സാഹിത്യ മത്സരങ്ങളെ കുറിച്ചും സംഘടനാ പ്രവര്‍ത്തനത്തെപ്പറ്റിയുമെല്ലാം ദീര്‍ഘനേരം സംസാരിച്ചിരിക്കുന്നത് അദ്ദേഹത്തിന് ഹരമാണ്. പഞ്ചായത്ത്, ഡിവിഷന്‍, ജില്ലാ സാഹിത്യോത്സവുകള്‍ക്കെല്ലാം സന്തോഷത്തോടെ സഹായിച്ചിരുന്ന അദ്ദേഹത്തിന്റെ ആദര്‍ശ സ്‌നേഹം ഇരുളാതെ നില്‍ക്കുമെന്നതില്‍ സന്ദേഹമില്ല.
രിസാലയുടെ വരിചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയാല്‍ പുഞ്ചിരിയോടെ സ്വീകരിക്കും.

എസ് എസ് എഫിലൂടെ തുടങ്ങിയ ബന്ധം മരണം വരെ നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. ബെദ്രംപ്പള്ളയില്‍ ഖത്വീബായി സേവനം ചെയ്യുമ്പോഴും അദ്ദേഹവുമായി ഇടപഴികിയിരുന്നു.

രാഷ്ട്രീയ രംഗത്തും ബിസ്‌നസ്സ് മേഖലയിലും നിറഞ്ഞ് നിന്ന കരിങ്കല്‍ മുഹമ്മദ് കുഞ്ഞിയുടെ ദീനീ ചിട്ടയും ആദര്‍ശ മമതയും നവ തലമുറക്ക് മാതൃകയാണ്.വിജ്ഞാന കുതുകികളായ മുതഅല്ലിംകളെയും സാദാത്തുക്കളെയും പണ്ഡിതരെയും അര്‍ഹമായ വിധത്തില്‍ ആദരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്.സൈനുല്‍ മുഹഖിഖീന്‍ ശൈഖുനാ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളെയും മുഹിമ്മാത്തിനെയും ആത്മാര്‍ത്തമായി സ്‌നേഹിച്ച നിസ്തുല്യ വ്യക്തിത്വമാണ് അദ്ദേഹം.

സ്വഗൃഹത്തില്‍ ഭാര്യക്കും മക്കള്‍ക്കും എല്ലാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും പണ്ഡിതന്മാരോടുള്ള സ്‌നേഹം കാരണം തന്റെ മകന്‍ നുസൈഫിനെ മുഹിമ്മാത്ത് ബോര്‍ഡിംഗില്‍ ചേര്‍ത്ത് മാതൃകയാകാന്‍ അദ്ദേഹത്തിന് സാധിച്ചു. 

മുഹിമ്മാത്തിന്റെയും പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ പങ്കാളിയാവുകയും സന്തോഷിക്കുകയും ചെയ്ത കരിങ്കല്‍ മുഹമ്മദ് കുഞ്ഞിയുടെ വിയോഗം തീരാനഷ്ടമാണ്.
ഒരുമാസം മുമ്പാണ് ഒടുവിലായി അദ്ദേഹത്തെ ഞാന്‍ കാണുന്നത്. കെട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു.'ഉസ്താദേ, സുഖമില്ല, പ്രത്യേകം ദുആ ചെയ്യണം. ഞാന്‍ ഇനി കുറേകാലം ഉണ്ടാവൂല, എന്നെ മറക്കരുത്. മുഹിമ്മാത്തില്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം'.

ദീനീ സ്‌നേഹിയും നിശ്കളങ്കരുമായവര്‍ക്ക് മാത്രം പറയാന്‍ സാധിക്കുന്ന വാക്കുകളാണിത്. ജീവിതം പോലെ സംശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വിയോഗവാര്‍ത്ത അറിഞ്ഞ് വീട്ടില്‍ എത്തിയ സാദത്തുക്കള്‍ പണ്ഡിതന്മാര്‍ മുതഅല്ലിംകള്‍ തുടങ്ങിയവരുടെ സാന്നിധ്യം മതി അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിന്. വറ്റാത്ത നീരുറവ പോലെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ജന ഹൃദയങ്ങളില്‍ ഒഴുകിക്കൊണ്ടേയിരിക്കും...

പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആത്മാര്‍ത്തമായി സ്‌നേഹിച്ച കരിങ്കല്‍ മുഹമ്മദ് കുഞ്ഞിക്ക് തിരിച്ച് നല്‍കാനുള്ളത് ആത്മാര്‍ത്ത പ്രാര്‍ത്ഥന മാത്രമാണ്. യൂണിറ്റുകളില്‍  അദ്ദേഹത്തിന് വേണ്ടി പ്രത്യേക മജ്‌ലിസുകള്‍ സംഘടിപ്പിച്ചും പള്ളികളില്‍ മയ്യിത്ത് നിസ്‌കരിച്ചും  അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കാന്‍ നമുക്ക് സാധിക്കണം.അദ്ദേഹത്തിന്റെ ആഗ്രഹം പ്രസ്ഥാനത്തിലൂടെ സഫലമാകട്ടെ...
നാഥന്‍ അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം സന്തോഷത്തിലാക്കട്ടെ.ആമീന്‍


മൂസ സഖാഫി കളത്തൂര്‍ SHARE THIS

Author:

0 التعليقات: