Wednesday, 7 August 2019

കുഞ്ഞഹമ്മദ് ഹാജി:ധര്‍മ്മം കര്‍മ്മമാക്കിയ സുല്‍ത്താന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നീലേശ്വരം കോട്ടപ്പുറത്ത് നടന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വേദിയിലാണ് ആദ്യമായി സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജിയെ കാണുന്നത്. സമാപന സമ്മേളന വേദിയില്‍ സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുന്ന മത്സരാര്‍ത്ഥികളെ കൂട്ടത്തില്‍ വിനീതനും ഉണ്ടായിരുന്നു.ജില്ലാ പ്രസിഡണ്ടായിരുന്ന കളത്തൂര്‍ മൂസ സഖാഫിയുടെ സ്ഫുടമായ പ്രസംഗ ഭാഷയില്‍ സുല്‍ത്താന്‍ ഹാജിയെ സദസ്സിന് പരിചയപ്പെടുത്തി. പരിപാടിയുടെ മുഖ്യാഥിതിയായി എത്തിയ ഹാജിയുടെ വകയായിരുന്നു വിജയികള്‍ക്കുള്ള വിലപ്പെട്ട സമ്മാനങ്ങള്‍. അദ്ദേഹം നല്‍കിയ മനോഹരമായ ക്ലോക്കുകള്‍ ഒരു പക്ഷെ ചിതലരിയാതെ ഇന്നും പല ചുമരുകളിലും ദൗത്യ നിര്‍വഹണത്തിലായിരിക്കും...

  പ്രഭാഷകന്റെ വൈഭവം നിറഞ്ഞ വാക്കുകളില്‍ തിരമാലപോലെ അലയടിച്ച സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജിയെന്ന നാമം എന്റെ മനസ്സില്‍ ആദരവിന്റെ നൗക പണിതു. തൊപ്പിയും ശുഭ്രവസ്ത്രവും ധരിച്ച് മുന്‍നിരയില്‍ ഭവ്യതയോടെ ഇരിക്കുന്ന ആ രംഗം ഇന്നും മനസ്സില്‍ മിന്നുന്നു.
നൂറിലേറെ മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനം ഒരാള്‍ തന്നെ നല്‍കിയത് ആശ്ചര്യത്തോടെയാണ് കണ്ടത്. ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെ മനസ്സിലാക്കാനുള്ള പക്വതയും പാകതയും ഇളം മനസ്സിന് അന്നില്ലായിരുന്നു.

  പിന്നീട് മുഹിമ്മാത്ത് അടക്കമുള്ള സ്ഥാപന സംഘടന പരിപാടികളില്‍ നിറസാന്നിധ്യമായി കുഞ്ഞഹമ്മദ് ഹാജിയെ കാണാന്‍ തുടങ്ങി.സാധാരണയിലെ ബിസ്‌നസ്സുകാരന്‍ മാത്രമായിരുന്നില്ല കുഞ്ഞഹമ്മദ് ഹാജി.നാഥന്റെ പ്രീതി കാംക്ഷിച്ച നിശ്കളങ്കനായ ദീനീ സ്‌നേഹിയും ഉദാരമതിയുമായിരുന്നു അദ്ദേഹം.
 ദീനീ കാര്യങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍  നീരസം പ്രകടിപ്പിച്ചില്ല. പലപ്പോഴായി പല സംരംഭങ്ങള്‍ക്കും അദ്ദേഹത്തെ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അദ്ദേഹം ഉത്സാഹം കാട്ടി എന്നതാണ് നേര്.കുഞ്ഞഹമ്മദ് ഹാജി സഹായിക്കാത്ത സംഘടനാ സ്ഥാപന പരിപാടികള്‍ വിരളമായിരിക്കും എന്നതാണ് ശരി.
   
കുമ്പളയിലെ വസ്ത്രവ്യാപാരിയായി ബിസ്സ്‌നസ് മേഖലയിലേക്ക് വന്ന അദ്ദേഹം തികഞ്ഞ മത സ്‌നേഹിയായിരുന്നു. അനാഥത്വത്തിന്റെ കൈപ്പുനീര്‍ കുടിച്ച് വളര്‍ന്ന കുഞ്ഞഹമ്മദ് ഹാജിക്ക് അപരന്റെ വേദന മനസ്സിലാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടിയിരുന്നില്ല. 
 നാട്ടിലെ ജാതി മത കക്ഷിരാഷ്ട്രീയ പ്രായ വ്യത്യാസമന്യേ എല്ലാവര്‍ക്കും അഭയവും ആശ്രയവുമായിരുന്നു അദ്ദേഹം. അഭ്യാസിയായിരുന്ന ഹാജിയാരുടെ അടുക്കല്‍ തടവിക്കാനായി എത്തിയിരുന്ന ആബാലവൃദ്ധരോട് സൗമ്യതയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലാണ് നാട്ടുകാര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.
  നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ലിന് ക്ഷതമേറ്റ് വേദനയില്‍ പുളഞ്ഞവര്‍ക്ക് ഹാജിയാരുടെ തടവല്‍ സേവനം വലിയ ആശ്വാസമായിരുന്നു. 
 അപരന്റെ സുഖവും സന്തോഷവുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.

  വസ്ത്രവ്യാപാരത്തില്‍ നിന്ന് നേടിയെടുത്ത വിശ്വാസ്യതയും പിന്തുണയുമാണ് സ്വര്‍ണ്ണ വ്യാപാരത്തിലേക്ക് കുഞ്ഞഹമ്മദ് ഹാജിയെ എത്തിച്ചത്.ജീവിത വിശുദ്ധിയും വിശ്വാസ്യതയും മരണം വരെ കാത്ത് സൂക്ഷിക്കാന്‍ സാധിച്ചത് ഹാജിയാരുടെ ഗുണവിശേഷമാണ്.

കാസര്‍കോട് നിന്ന് ആരംഭിച്ച സുത്താന്‍ ഗോള്‍ഡിനെ അന്താരാഷ്ട്രതലത്തില്‍ ഇടംപിടിപ്പിച്ചത് ചെയര്‍മാനായ കുഞ്ഞഹമ്മദ് ഹാജിക്ക് ജനം നല്‍കിയ സ്‌നേഹവും അംഗീകാരവുമാണ്.  

  ബിസ്‌നസ്സ് ലോകം കെട്ടിപ്പടുക്കുമ്പോഴെല്ലാം ദീനീ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.ദിവസവും 4 മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിച്ചിരുന്ന അദ്ദേഹം സുബ്ഹ് നിസ്‌കാരത്തിന്റെ ജമാഅത്തിനായ് പള്ളിയുടെ മുന്‍നിരയിലുണ്ടാകും.വെള്ളിയാഴ്ചകളില്‍ കാസര്‍കോട് സുന്നീ സെന്റര്‍ പള്ളിയില്‍ നേരത്തെ തന്നെ ജുമുഅക്കായി എത്തുമെന്നാണ് ഖത്തീബായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പങ്ക് വെക്കുന്നത്. ബിസ്‌നസ് രംഗത്തെ തിരക്കുകള്‍ അദ്ദേഹത്തിന്റെ ആരാധനക്ക് തടസ്സമായിരുന്നില്ല.
സധാ ഖുര്‍ആനും ദിഖ്‌റുമായി ചുണ്ട് ചലിപ്പിച്ച ഹാജിയാര്‍ സയ്യിദന്മാരെയും പണ്ഡിതന്മാരെയും സ്‌നേഹിച്ചു.സ്ഥാപനങ്ങള്‍ക്കും ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭ സഹായം നല്‍കി.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം ഉസ്താദുമായുള്ള ബന്ധമാണ് തന്റെ മകനെ മര്‍ക്കസ്സില്‍ ചേര്‍ത്ത് പഠിപ്പിച്ചത്.സമ്പത്തിന്റെ പളപളങ്കില്‍ മക്കള്‍ വഴിതെറ്റാതിരിക്കാനായി ദീനീ സ്ഥാപനങ്ങളുമായും പണ്ഡിതന്മാരുമായും അവരെ ബന്ധിപ്പിച്ചു.

  കുമ്പോല്‍ തറവാടുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ്  ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് കൂറാ തങ്ങള്‍, എം എ ഉസ്താദ്, അലിക്കുഞ്ഞി ഉസ്താദ് ഷിറിയ തുടങ്ങിയ നേതാക്കളുമായും വേര്‍പിരിയാത്ത സ്‌നേഹ ബന്ധത്തിലായിരുന്നു.
   
നിശബ്ദമായ ജീവിതത്തിലൂടെ വിപ്ലവം തീര്‍ത്ത ഉമറാക്കളില്‍ പ്രമുഖനായിരുന്നു സുല്‍ത്താന്‍ ഹാജി.സഹായം ചോദിച്ചെത്തുന്നവര്‍ക്കെല്ലാം മനം നിറയെ സന്തോഷം നല്‍കി. സമ്പത്തില്‍ നിന്നും അര്‍ഹര്‍ക്ക് നല്‍കേണ്ട സകാത്തുകള്‍ മുറതെറ്റാതെ നിര്‍വഹിക്കാന്‍ നിര്‍ബന്ധ ബുദ്ധിയായിരുന്നു കുഞ്ഞഹമ്മദ് ഹാജിക്ക്.

തന്റെ വല്യുപ്പയുടെ നാമമായിരുന്ന *സുല്‍ത്താന്‍* ഒടുവില്‍ കുഞ്ഞഹമ്മദ് ഹാജിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെയും മേല്‍വിലാസമായി മാറി.'ധര്‍മ്മം കര്‍മ്മമാക്കിയ സുല്‍ത്താന്‍' അതാണ് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ പാരത്രീക ജീവിതം നാഥന്‍ പ്രകാശപൂരിതമാക്കട്ടെ, ആമീന്‍.

-ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681


SHARE THIS

Author:

0 التعليقات: