Sunday, 11 August 2019

ബലി പെരുന്നാളിന്റെ ത്യാഗ കഥ

നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖിന്റെ ഇരുളടഞ്ഞ ഇടനാഴികയില്‍ ജീവിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച യുഗ പ്രഭാവനായ പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹിത മാതൃകകള്‍ തീര്‍ത്ത് വീണ്ടും ഒരു ബലിപെരുന്നാള്‍ സുദിനം ആഗതമായിരിക്കുന്നു. ലോകത്തുള്ള ഏതാണ്ട് എല്ലാ ജന വിഭാഗത്തിനും പിതാവാണ് ഇബ്രാഹിം നബി (അ). ക്രൈസ്തവരും യഹൂദരും ഇബ്രാഹിം നബിയെ അവരുടെ പിതാവായി കാണുന്നു. കാരണം ഇബ്രാഹിം നബിയുടെ പുത്രന്‍ ഇസ്ഹാഖ് നബിയുടെ പുത്രന്‍ യഅ്ഖൂബ് നബിയുടെ സന്താന പരമ്പരയാണ് ഇസ്‌റാഈല്‍ സമൂഹം. ജൂതരും ക്രൈസ്തവരും  ഇസ്‌റാഈല്‍  സമൂഹത്തില്‍ പിറന്നവരാണ്. നബിയുടെ സന്താന പരമ്പരയിലാണ് ലോകമുസ്ലിംകളുടെ നേതാവ് റഹ്മത്തുല്‍ ആലമീന്‍ പുണ്യനബി (സ) ജനിക്കുന്നത്. അതിനാല്‍ മുസ്ലിം സമൂഹം അവരുടെ നാഗരികതയുടെ പിതാവായി ഇബ്രാഹിം നബിയെ ഉള്‍ക്കൊള്ളുന്നു. വിശുദ്ധ റസൂല്‍ (സ) ലോക ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ 'മില്ലത്ത അബീക്കും ഇബ്രാഹിം' നിങ്ങളുടെ പിതാവായ ഇബ്രാഹിമി ചര്യയിലേക്ക് എന്ന് പ്രത്യേകം പറഞ്ഞതായി കാണാം. ഖുര്‍ആന്‍ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഏക ദൈവത്വവും ഏക മാനവികതയുമാണ് ഇബ്രാഹിം നബി ഉയര്‍ത്തിക്കാട്ടിയ പ്രധാന സന്ദേശം. ഇബ്രാഹിം നബിയെ സ്മരിച്ച് നടത്തപ്പെടുന്ന പ്രധാന ആരാധനായാണ് ഹജ്ജ് കര്‍മ്മം. ഹജ്ജിന്റെ സന്ദേശം മനുഷ്യ മഹത്വവും പവിത്രതയും സമത്വവും വിളിച്ചോദുന്നതാണ്. ഈ സന്ദേശം ലോകത്തുടനീളം പ്രചരിപ്പിക്കാന്‍ കടപ്പെട്ടവരാണ് മുസ്ലിംകള്‍. അള്ളാഹുവിന്റെ കല്‍പ്പനക്ക് പരിപൂര്‍ണ്ണമായി അംഗീകരിച്ച് നാഥന് വഴിപ്പെട്ട ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കുന്ന പ്രധാന കര്‍മ്മമാണ് ബലിപെരുന്നാളിലെ ഉളുഹിയ്യത്ത്. 

ഈദ് സൃഷ്ടാവിന്റെ അനുഗ്രഹമാണ്. അത് കൊണ്ട് അവന്റെ പ്രീതി നേടുന്ന കാര്യങ്ങള്‍ മാത്രമാണ് ആഘോഷങ്ങളില്‍ അനുവദിക്കപ്പെട്ടത്. പെരുന്നാളിന്റെ അലങ്കാരം തഖ്ബീര്‍ ധ്വനികളാണ് അത് സൃഷ്ടാവിനെ പ്രകീര്‍ത്തിക്കലുമാണ്. 

നമ്മള്‍ മലയാളികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ബലിപെരുന്നാളാണിത്. നിരവധി വിശ്വാസികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പ്രളയ ദുരന്തത്തിന്റെ നടുവില്‍ പ്രയാസങ്ങള്‍ ഏറ്റു വാങ്ങിയ മലയാളികള്‍ക്ക് ബലിപെരുന്നാള്‍ വലീയ കരുത്തും ആത്മ വിശ്വാസവുമാണ് നല്‍കുന്നത്. കാരണം മഹാപരീക്ഷണങ്ങളും പ്രതിസന്ധിയും വെല്ലുവിളിയും ജീവിതത്തിലുടനീളം ഏറ്റു വാങ്ങിയ ഒരു പിതാവിന്റെയും ഒരു മാതാവിന്റെയും ഒരു മകന്റെയും ചരിത്രമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്

അബ്ബാസ് സഖാഫി കാവുംപുറം 
(മുഹിമ്മാത്ത് ഖത്തീബ്)


SHARE THIS

Author:

0 التعليقات: