Wednesday, 14 August 2019

ദുല്‍ഹിജ്ജ 12:സൂര്യന്‍ നട്ടുച്ചക്ക് അസ്തമിച്ച ദിവസം

മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന റൂട്ട് ബസ് മഞ്ചേശ്വരത്ത് പാടത്തേക്ക് മറിഞ്ഞ് നിരവധിക്ക് യാത്രക്കാര്‍ക്ക് സാരമായ പരിക്ക് പറ്റുകയും  രണ്ട് പേര്‍ മരിക്കുകയും ചെയ്ത സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയി. റോഡും പാടവും തിരിച്ചറിയാത്ത വിധം വെള്ളം കെട്ടിനിന്നതാണ് ബസ് അപകടത്തിന് കാരണം. നിര്‍ത്താതെ പെയ്ത കനത്ത മഴ കാരണം റോഡും തോടും ഒന്നായി.ശക്തമായ മഴ പെയ്തിട്ടും അതിനെ പ്രളയകാലമായി പറയുന്നില്ലെന്ന് മാത്രം...

ബസില്‍ ഉണ്ടായ യാത്രക്കാരില്‍ ഒരാള്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും സാരവും നിസാരവുമായ പരിക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ട യാത്രികനെ കണ്ടപ്പോള്‍ നാട്ടുകാര്‍ സ്തബ്ധരായി. പൊസോട്ട് ജുമുഅത്ത് പള്ളിയിലെ മുദരിസ് ഉസ്താദായിരുന്നു രക്ഷപ്പെട്ട യാത്രക്കാരന്‍.*സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി എന്ന പൊസോട്ട് തങ്ങളാണ് അന്നത്തെ മുദരിസ്..

ആ രക്ഷ ജനങ്ങളുടെ പരിരക്ഷക്ക് വേണ്ടിയായിരുന്നു വെന്ന് പിന്നീട് കാലം തെളിയിച്ചു. ഒരാളില്‍ നിന്നും ഒരായിരം പേര്‍ രക്ഷപ്പെട്ട ചരിത്രമാണ് ശൈഖുന ഉമറുല്‍ ഫാറൂഖ് തങ്ങളുടെ ജീവ ചരിത്രത്തില്‍ വായിക്കാനാവുക..

  അനാഥരുടെ അത്താണിയും നിരാശ്രയന്റെ പരാശ്രയവും നിരാലംബന്റെ അഭയവുമായിരുന്ന ശൈഖുന ജന മനസ്സില്‍ സൂര്യതേജസായി പ്രകാശം പരത്തുന്നതിനിടയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി 2015 സെപ്തംബര്‍ 22 ഹിജ് 1437 ദുല്‍ഹിജ്ജ 12ന് ഇഹലോകവാസം വെടിഞ്ഞത്.അക്ഷരാര്‍ത്ഥത്തില്‍ സൂര്യന്‍ നട്ടുച്ചക്ക് അസ്തമിച്ച പ്രതീതിയായിരുന്നു അന്ന്.
[*ആഗസ്ത് 22 മുതല്‍ 25 വരെ മള്ഹറില്‍ നടക്കുന്ന ഉറൂസ് മുബാറകും ഓര്‍മ്മയില്‍ കുറിക്കുമല്ലോ.]
   1961 സെപ്തംബര്‍21(മുഹര്‍റം 24)ബുധനാഴ്ചയാണ് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ ജനനം.തൃകരിപ്പൂര്‍ തങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പ്രമുഖ ആത്മീയ പണ്ഡിതന്‍ ഹാഫിള് സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളുടെ മകള്‍ സയ്യിദത്ത് ഫാത്തിമാ ഇമ്പിച്ചി ബീവിയാണ് മാതാവ്.ഇവരുടെ മക്കളില്‍ രണ്ട് പേര്‍ക്ക് ശാഹുല്‍ ഹമീദെന്ന് പേരിടുകയും അവര്‍ രണ്ട് പേരും മരണ പ്പെടുകയും ചെയതപ്പോള്‍ ഇനി എന്റെ മക്കള്‍ക്ക് ശാഹുല്‍ ഹമീദെന്ന് പേരിടില്ലെന്ന് തീരുമാനിക്കുകയുണ്ടായി.

സയ്യിദ് ഉമര്‍ എന്നാണ് പിതാമഹന്‍ പേര് വിളിച്ചത്.രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ വിശേഷ ഗുണങ്ങള്‍ തന്റ മകനിലുണ്ടാകണമെന്ന് ആഗ്രഹിച്ച പിതാവാണ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് എന്ന് വിളിച്ചത്.
    കരുവന്‍തിരുത്തിയില്‍ സേവനം ചെയ്തിരുന്ന പിതാവ് അഹ്മദുല്‍ ബുഖാരിയുടെ ശിക്ഷണത്തിലാണ് തങ്ങള്‍ വളര്‍ന്നത്.അയല്‍ പക്ക വീട്ടില്‍ കളിക്കാന്‍ പോയ മകനെ കുറിച്ച് ഉമ്മ പിതാവിനോട് പറഞ്ഞപ്പോള്‍ പുത്തനുടുപ്പ് ധരിച്ച് കരുവന്‍തിരുത്തിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.മൂന്നര വയസാണ് അന്ന് തങ്ങളുടെ പ്രായം.മറ്റ് സംസ്‌കാരം പഠിക്കാതിരിക്കാനും അച്ചടക്കത്തോടെ വര്‍ത്താനുമാണ് പിതാവ് സ്വന്തം ശിക്ഷണത്തില്‍ വളര്‍ത്തിയത്.എന്നും നിഴല്‍ പോലെ പിതാവ് കൂടെ നടന്നു.

   ഖത്തീബും ഖാളിയുമായിരുന്ന പിതാവ് മാതൃകായോഗ്യനായ അധ്യാപകന്‍ കൂടിയാണ്.സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രൈനറായിരുന്ന അബ്ദുല്‍ ഖാദിര്‍ ലബ്ബയില്‍ നിന്ന് നേരിട്ട് ട്രൈനിംഗ് പഠിച്ചയാളാണ് പിതാവ്.പഠിച്ച ട്രൈനിംഗ് തന്റെ മക്കളില്‍ പയറ്റി .പതിനൊന്ന് വയസ് വരെ പിതാവില്‍ നിന്നാണ് അറിവ് പഠിച്ചത്.പതിനൊന്നാം വയസില്‍ പള്ളിദര്‍സിലേക്ക് പോകുമ്പോള്‍ അല്‍ഫിയയുടെ 200 ബൈത്തും ഫത്ഉല്‍ മുഈനും പഠിച്ച് തീര്‍ത്തിരുന്നു.പതിനൊന്നാം വയസില്‍ പഠിച്ച് തീര്‍ക്കുക എന്നത് ചിന്താര്‍ഹനീയമാണ്.
   ഭൗതിക പഠനവും വീട്ടില്‍ തന്നെ.ട്യൂഷന്‍ സമ്പ്രദായമാണ് ഇതിന് തെരെഞ്ഞടുത്തത്. 

മലയാളം,ഇംഗ്ലീഷ്,കണക്ക് എന്നിവിഷയങ്ങളാണ് പ്രധാന പഠന വിഷയം.കൂര്‍മ്മ ബുദ്ധിക്കാരനായ തങ്ങള്‍ക്ക് എല്ലാം എളുപ്പത്തില്‍ സ്വായത്തമാക്കാനും കഴിഞ്ഞു.
  കോടമ്പുഴ ബീരാന്‍ കോയ മുസ്ലിയാരുടെ ദര്‍സിലാണ് ജ്ഞാന തപസ്യക്ക് വിത്തെറിഞ്ഞത്.പാരമ്പര്യമായി ഇവിടെത്തെ ഖാളിയും ഖത്തീബുമാണ് പിതാവും പിതാമഹന്മാരും.അതിനാല്‍ സുപരിചിതമായ നാടാണ് കോടമ്പുഴ.ഓരോ ചലനങ്ങളിലും പിതാവിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു.ബീരാന്‍ കോയ മുസ്ലിയാരുടെ സൂക്ഷ്മ ജീവിതവും ആരാധന നിഷ്ഠയും അഗാധ പാണ്ഡിത്യവും അഹ്മദുല്‍ ബുഖാരി നേരിട്ട് മനസിലാക്കിയത് കൊണ്ടാണ് മൂത്ത മകനായ പൊസോട്ട് തങ്ങളെ കോടമ്പുഴയിലാക്കാന്‍ കാരണം.പതിനൊന്നാം വയസില്‍ കോടമ്പുഴ ദര്‍സിലെ ഒരുവനായി തങ്ങള്‍ മാറി.

തങ്ങളുടെ പഠന തല്‍പരതയും കൂര്‍മ ബുദ്ധിയും മനസിലാക്കി കൊടുക്കാനുള്ള കഴിവും അടുത്തറിഞ്ഞ ബീരാന്‍ കോയ ഉസ്താദ് ദര്‍സിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓതിക്കൊടുക്കാന്‍ തങ്ങളെയാണ് ചുമതലപ്പെടുത്തിയത്.
    മഹല്ലി,ജംഉല്‍ ജവാമിഉം സ്വന്തം കരം കൊണ്ട് എഴുതി നന്നാക്കിയാണ് ഓതിത്തീര്‍ത്തത്. ആകര്‍ഷണീയവും മനോഹരവുമായിരുന്നു തങ്ങളുടെ കൈയക്ഷരം.ബീരാന്‍ കോയ മുസ്ലിയാര്‍ക്ക് തങ്ങളോടുണ്ടായിരുന്ന പ്രത്യേക സ്‌നേഹത്തിന് കാരണം കുടുംബ മഹിമ മാത്രമായിരുന്നില്ല പഠന രംഗത്തെ ഒല്‍സുക്യവും ഇതിനു പിന്നിലുണ്ട്.

    തങ്ങളുടെ പഠന പുരോഗതിയും ശിഷ്യത്വവും ലക്ഷ്യം വെച്ച് പിതാവ് ഇടക്ക് ഒ.കെ ഉസ്താദിന്റെ ദര്‍സില്‍ പേകണമെന്നാഗ്രഹം പ്രകടിപ്പിച്ചു.പക്ഷെ തങ്ങള്‍ക്ക് അതില്‍ തൃപ്തനായില്ല.പിതൃ തുല്യനായ ഗുരു,ഒരു ഉഖ്‌റവിയായ പണ്ഡിതനുണ്ടായിരിക്കേണ്ട സര്‍വ ഗുണങ്ങളും ഉസ്താദിലുണ്ട് .പിന്നെന്തിന് ഞാന്‍ മാറിചിന്തിക്കണം.പിതാവിനും ഉസ്താദിനും ഇടമയില്‍ അഭിപ്രായ വ്യത്യാസമായി.ഒടുവില്‍ ഇരുവരും ഇസ്തിഖാറത്ത് നടത്തിയപ്പോള്‍ കോടമ്പുഴയില്‍ തുടരാനാണ് സൂചന ലഭിച്ചത്.ഇരുവര്‍ക്കും ലഭിച്ചതും ഒരേ സൂചന.അതിന് ശേഷം ഇനി എന്റെ മക്കളുടെയും ഉസ്താദ് ബീരാന്‍ കോയ മുസ്ലിയാരാകണമെന്ന് പിതാവ് തീരുമാനിച്ചെങ്കിലും ഖലീല്‍ തങ്ങള്‍ മാത്രമാണ് പിന്നീട് പഠിച്ചത്.മറ്റ് സഹോദരങ്ങള്‍ പഠിക്കാനാവുമ്പോള്‍ ഉസ്താദ് ഇഹലോക വാസം വെടിഞ്ഞു.

    എട്ട് വര്‍ഷത്തെ കോടമ്പുഴയിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിന് വേലൂര്‍ ബാഖിയാത്താണ് തെരെഞ്ഞടുത്തത്.1981ല്‍ ബാഖിയാത്തില്‍ പോവുകയും 1983ല്‍ ബാഖവി ബിരുദദാരിയായി പുറത്തിറങ്ങി.ബാഖിയാത്തില്‍ സഹപാഠികള്‍ക്ക് ക്ലാസെടുക്കാനുള്ള വിധി ഉസ്താദിനുണ്ടായി.അറിവിലെ അവഗാഹവും അവതരണ ശൈലിയും മനസിലാക്കിയ സഹകൂട്ടുകാര്‍ അധികവും ഉസ്താദിന്റെ ക്ലാസില്‍ പങ്കെടുത്തു.മൈബതി കിതാബ് ഓതിത്തരാനായിരുന്നു കുട്ടികളുട ആവശ്യം.തങ്ങളാണെങ്കില്‍ അതില്‍ ചുരുങ്ങിയ ഭാഗമേ ഓതിയുള്ളൂ.

സഹോദരിയുടെ വിവാഹത്തിന് അവധിയിലായിരുന്ന പ്പോഴാണ് ബീരാന്‍ കോയ ഉസ്താദ് കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തത്.പക്ഷെ,സഹപാഠികളുടെ മൂര്‍ച്ചയേറിയ സംശയങ്ങള്‍ക്ക് കൂസലില്ലാതെ മറുപടി പറയാന്‍ ഉസ്താദിനു കഴിഞ്ഞു.ജീവിച്ചിരുന്ന ബീരാന്‍ കോയ ഉസ്താദിനെ തവസുലാക്കി ഫാതിഹ ഓതിയാണ് മൈബതി മുതാഅല ചെയ്തിരുന്നത്. അത് കൊണ്ടാണ് സഹപാഠികളുടെ സംശയങ്ങള്‍ക്ക് തൃപ്തിപരമായ മറുപടി പറയാന്‍ കഴിഞ്ഞതെന്ന് തങ്ങള്‍ ലേഖകനോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

    കോളേജില്‍ പോകുന്നതിന് മുമ്പ് വിവാഹിതനായി.താജുല്‍ ഉലമയുടെ മകളുടെ മകള്‍ സയ്യിദത്ത് ഉമ്മുഹാനിയ്യ് ആണ് ഭാര്യ.താജുല്‍ ഉലമയുടെ തീരുമാനമായിരുന്നു ഇത്.

  പിതാവ് നല്‍കിയ പ്രചോദനങ്ങള്‍ പ്രബോധന ഗോഥയില്‍ തങ്ങള്‍ക്ക് തണലായി.പ്രസംഗ വേദിയില്‍ ആത്മവിശ്വാസം നല്‍കിയത് പിതാവാണ്.വിദ്യാര്‍ത്ഥിയായിരിക്കെ റമളാനില്‍ കരുവന്‍തിരുത്തി പള്ളിയില്‍ പ്രസംഗിച്ചാണ് തുടക്കം.ഇമാമായിരുന്ന പിതാവ് നിസ്‌കാരം കഴിഞ്ഞാല്‍ ഇന്ന് മൂത്തമകന്‍ ഉമറുല്‍ ഫാറൂഖ് പ്രസംഗിക്കുമെന്ന് പറയും,.അവിചാരിതമായി വരുന്ന ക്ഷണം, എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങും.പിതാവിന്റെ കല്‍പന നിരസിക്കാന്‍ വയ്യ.രണ്ടും കല്‍പിച്ച് എഴുന്നേറ്റ് നില്‍ക്കും.ഇടറുന്ന തൊണ്ടയും പതറുന്ന മേനിയും...സലാം പറയുന്ന ആയുസ് മാത്രമേ ആ പ്രസംഗങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. എന്തിനാണ് ഇങ്ങെനെ ചെയ്യുന്നതെന്ന് ഉപ്പയോട് ചോദിച്ചാല്‍ അങ്ങനെതന്നെയല്ലേ,പ്രസംഗിച്ചു പഠിക്കല്‍??എന്നായിരിക്കും പിതാവിന്റെ മറുപടി.പതിയെ പ്രസംഗിച്ചു പഠിച്ചു.പിന്നീട് ചാലിയത്തെ ജുമുഅത്ത് പള്ളിയില്‍ റമളാനിലെ മുപ്പത് ദിവസം മണിക്കൂറുകള്‍ നീളുന്ന മസ്അല ക്ലാസെടുത്തിരുന്നു.

  1983 മുതല്‍ കര്‍മ്മഗോഥയിലിറങ്ങി.പടിക്കോട്ട് പടിയാണ് പ്രഥമ സേവന മണ്ഡലം.ഒരുവര്‍ഷം ഇവിടെ തുടര്‍ന്നു.പിന്നീട് ആക്കോടിലേക്ക് മാറി.കോളേജ് കഴിഞ്ഞാല്‍ ഗള്‍ഫില്‍ പോകാനാണ് തങ്ങളുടെ ആഗ്രഹം.പക്ഷെ പിതാവ് ഈരംഗത്ത് തുടരാന്‍ പറഞ്ഞു.ഖല്‍ബില്‍ വസ്വാസ് കൂടി വന്നു,ആയിടെയാണ് പരിചയപ്പെട്ട സാധാരണക്കാരന്‍ കണ്ണിയത്ത് ഉസ്താദിന്റെ അനുഭവം പറഞ്ഞുകൊടുത്തത്.എന്നാല്‍ എനിക്കും ഉസ്താദിനെ കാണണമെന്നായി തങ്ങള്‍ക്ക്.ശേഷം കണ്ണിയത്തുസ്താദിനെ കണ്ട് ദുആ ചെയ്യിപ്പിച്ചു.പ്രത്യേക മൂന്ന് ആവശ്യങ്ങള്‍ക്ക് കൂടി ഉസ്താദ് ദുആ ചെയ്തുതരണമെന്ന് കണ്ണിയത്തിനെ ഉണര്‍ത്തി.

സ്വഭാവ ശുദ്ധീകരണം,കുടുംബംസമ്പത്ത്‌വിജ്ഞാനം എന്നീ മേഖലയില്‍ ബര്‍ക്കത്തുണ്ടാകാന്‍,ജീവിതത്തില്‍ ഖൈറായതില്‍ മനസും ശരിരവും ഉറച്ചു നില്‍ക്കാന്‍ എന്നീ കാര്യങ്ങളാണ് തങ്ങള്‍ ഉസ്താദിനോട് പറഞ്ഞത്.ദര്‍സ് നടത്താനുള്ള ഇജാസത്തുണ്ടോയെന്ന് കണ്ണിയത്തുസ്താദ് തങ്ങളോട് ചോദിക്കുകയും നടത്താനുള്ള ഇജാസത്ത് നല്‍കുകയും ചെയ്തു.തുടര്‍ന്ന് ഉസ്താദ് കുടിക്കുകയായിരുന്ന ഹോര്‍ളിക്‌സിന്റെ ബാക്കി ഉസ്താദിന് നല്‍കി കുടിക്കാന്‍ പറഞ്ഞു.വീണ്ടും ഫാതിഹ ഓതി ദുആ ചെയ്തു.പിന്നീട് ഖല്‍ബിന് ചാഞ്ചല്യമുണ്ടായിട്ടില്ലെന്ന് 
തങ്ങള്‍പറയാറുണ്ടായിരുന്നു.
   പടിക്കോട്ടു പടിയില്‍ നിന്ന് കോഴിക്കോട് ആക്കോടിലേക്ക് മാറി.അവിടെയും ഒരു വര്‍ഷം തുടര്‍ന്നു.അപ്പോഴാണ് ഉള്ളാളത്ത് ഉറൂസ് നടക്കുന്നത്.ഉറൂസിന് അതിഥിയായിരുന്ന കണ്ണിയത്ത് ഉസ്താദിനെ അവിടെ എത്തിക്കാനുള്ള ചുമതല തങ്ങളെയാണ് താജുല്‍ഉലമാ ഏല്‍പിച്ചത്.അപ്രകാരം കണ്ണിയത്ത് ഉസ്താദിന്റെ കൂടെ ഉള്ളാളത്ത് പോയപ്പോഴാണ് മഞ്ചേശ്വരം പൊസോട്ടില്‍ മുദരിസായി നില്‍ക്കാന്‍ താജുല്‍ ഉലമാ നിര്‍ദ്ദേശിക്കുന്നത്.കടലുണ്ടിയില്‍ നിന്നും മഞ്ചേശ്വരത്തേക്ക് എത്താനുള്ള ദൂരമോര്‍ത്ത് തങ്ങള്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും താജുല്‍ ഉലമയുടെ ക്ഷണത്തിന് മുമ്പില്‍ പിതാവടക്കം കീഴടങ്ങേണ്ടി വന്നു.1985 മുതല്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ടിലായി.പിന്നെ പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ഖ്യാതി നേടുകയും ചെയ്തു.
  
മഞ്ചേശ്വരം, തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു. ആത്മീയവും പ്രസ്ഥാനികവുമായ വളര്‍ച്ച തങ്ങളെ തേടിയെത്തി. മഞ്ചേശ്വരം ഭാഗങ്ങളില്‍ ബിദ്അത്ത് പ്രചരിപ്പിക്കാനും ജനങ്ങളെ വശീകരിക്കാനും പള്ളികള്‍ പിടിച്ചടക്കാനുമുള്ള ആന്തരിക ലക്ഷ്യവുമായി പ്രവര്‍ത്തിച്ചിരുന്ന 33ജമാഅത്ത്. 
പൊതുജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ജനിക്കാതിരിക്കാനാണ് പ്രസ്തുത പേര് സ്വീകരിച്ചത്. പരിസര പ്രദേശങ്ങളിലും പള്ളികളിലും അവര്‍ നടത്തുന്ന കാമ്പയിനുകള്‍..സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തിയ ഈദ് ഗാഹ്..ഇതില്‍ സഹിക്കെട്ട തങ്ങള്‍ വേരറുക്കാന്‍ തീരുമാനിച്ചു.ഇവരുടെ ആദര്‍ശങ്ങള്‍ ഓരോന്നായി മനസിലാക്കിയ തങ്ങള്‍ ജനങ്ങളെ ഒറ്റയായും സമൂഹമായും ഉപദേശിച്ചു. തെക്കന്‍ ജില്ലകളില്‍ നിന്ന് നവീന ചിന്തക്കാരായ പ്രഭാഷകരെ കൊണ്ട് വന്ന് മീലാദ് പരിപാടിയെന്ന പേരില്‍ അവര്‍ നടത്തുന്ന പ്രചരണപരിപാടികളെ കുറിച്ചെല്ലാം സമൂഹത്തിന് ബോധ്യപ്പെടുത്തി. ഒടുവില്‍ പരസ്യ യുദ്ധത്തിനൊരുങ്ങി. 33 ജമാഅത്തിന്റെ ജനറല്‍ ബോഡിയില്‍ തങ്ങള്‍ക്കും ക്ഷണം വന്നു. അത് അവരുടെ അന്ത്യത്തിനുള്ള നിമിത്തമായിരുന്നു. അധ്യക്ഷ പ്രസംഗം കഴിഞ്ഞ് ആശംസ പ്രസംഗത്തിന് തങ്ങളെ ക്ഷണിച്ചു. 33 ജമാഅത്തിന്റെ അധ്യക്ഷനായ പ്രമുഖ സയ്യിദായിരുന്നു യോഗാധ്യക്ഷന്‍. തങ്ങളുടെ പ്രസംഗത്തിലുടനീളം സുന്നത്ത് ജമാഅത്തായിരുന്നു പരാമര്‍ശം. പ്രസംഗ വിഷയം നേതാക്കളെ ചൊടിപ്പിച്ചെങ്കിലും സ്രോതാക്കള്‍ക്ക് പുത്തനറിവാണ് നല്‍കിയത്. പ്രസംഗത്തിനിടക്ക് നിര്‍ത്ത്നുള്ള കുറിപ്പുമായി അധ്യക്ഷന്‍ സമീപിച്ചെങ്കിലും തങ്ങള്‍ കൂസാക്കിയില്ല.പ്രസംഗം നിര്‍ത്തി തല്‍സ്ഥാനത്തിരുന്നപ്പോള്‍ അധ്യക്ഷന്റെ വക സ്രോതാക്കളോട് ക്ഷമാപണം.പ്രസംഗകന്റെ അതിക പ്രസംഗത്തിനും അതിര് കവിഞ്ഞതിനും ക്ഷമചോദിക്കുന്നു വെന്നാണ് അദ്ധേഹം പറഞ്ഞത്. ഉടനെ തങ്ങള്‍ മൈക്കെടുത്ത് പറഞ്ഞു അതികമായി ഞാന്‍ ഒന്നും പ്രസംഗിച്ചിട്ടില്ല, സുന്നത്ത് ജമാഅത്ത് പറഞ്ഞതാണോ അതിക പ്രസംഗം? ഈ സംഘടനാ ഞാന്‍ പറഞ്ഞ ആദര്‍ശത്തിനെതിരാണെങ്കില്‍ അധിക പ്രസംഗമായി തോന്നിയേക്കാം! 
  
വാദവും പ്രതിവാദവും നടക്കുന്നതിനിടയില്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഭരണഘടന ആവശ്യപ്പെട്ടു.തരാന്‍ പറ്റില്ലെന്നായി മറുവിഭാഗം.യോഗം അലങ്കോലമായി.ജനം രണ്ട് തട്ടിലും.ഒടുവില്‍ 33 ജമാഅത്തിനെ വിചാരണ ചെയ്തു.ആയിരങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡിയില്‍ തങ്ങള്‍ നടത്തിയ പ്രസംഗം പ്രസ്തുത സംഘടനയുടെ ചരമഗീതം പാടാന്‍ കാരണമായി.ശൈഖുനാ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്കു മുമ്പില്‍ പിടിച്ച് നില്‍ക്കാനാവാതെ കാലക്രമേണ ഒലിച്ചു പോയി. മഞ്ചേശ്വരത്ത് ബിദ്അത്തുകാരുടെ സ്ഥാപനങ്ങള്‍ പണിയാന്‍ വാങ്ങിക്കൂട്ടിയ ഏക്കര്‍ സ്ഥലങ്ങള്‍ തരിശ്ഭൂമിയാകാന്‍ കാരണം ഉമറുല്‍ ഫാറൂഖ് തങ്ങളെന്ന വിപ്ലവകാരിയാണ്.പിന്നീടവര്‍ തലപൊക്കിയില്ല.

    പന്ത്രണ്ട് വര്‍ഷത്തെ പൊസോട്ട് പള്ളിയിലെ സേവനം വിരമിച്ച് മള്ഹര്‍ നൂരില്‍ ഇസ്ലാമിത്തഅ്‌ലീമിയെന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് വിത്ത് പാകുമ്പോള്‍ തങ്ങളുടെ ലക്ഷ്യം ഒരു പള്ളിദര്‍സായിരുന്നു.ബാഖിയാത്തില്‍ പഠിക്കുമ്പോള്‍ അവിടത്തെ ബാനീ ഹസ്‌റത്തിന്റെ മഖാമില്‍ നിത്യവും വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കാണുമ്പോള്‍ മനസില്‍ ഉദിച്ച ആഗ്രഹമായിരുന്നു മരിച്ചു കഴിഞ്ഞാല്‍ എനിക്കും ഇതുപോലെ അന്തിയുറങ്ങണമെന്ന്. ഉസ്താദിന്റെ കൊതിയും നാഥന്റെ വിധിയും ഒരുപോലെയായിരുന്നെന്നറിഞ്ഞത് മരണശേഷമാണ്. അവിടുത്തെ ആഗ്രഹം പോലെ രാജകീയ പ്രൗഡിയില്‍ മള്ഹറിന്റെ ചാരത്തായി അന്തിയുറങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചു.

  ഒ.കെ ഉസ്താദിന്റെ ആശീര്‍വാദവും പിന്തുണയുമാണ് മള്ഹറിന്റെ തുടക്കത്തിന് പ്രചോദന ഘടകം.ഇന്ന് നിരവധി സ്ഥാപനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിച്ച് വരുന്നു.മള്ഹറിന്റെ തുടക്കം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.അവിടെ നടക്കുന്ന സ്വലാത്ത് മജ്‌ലിസ് ആയിരങ്ങള്‍ക്ക് സാന്ത്വനമായ്.സംഘടനയില്‍ പിച്ചവെച്ച് കയറിയ തങ്ങളെ വളര്‍ത്തിയതിനു പിന്നില്‍ ശൈഖുനാ കാന്തപുരം ഉസ്താദ്,സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍,സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി എന്നിവരുടെ നിസ്തുലമായ പങ്ക് ഇടയക്ക് ഉണര്‍ത്താറുണ്ടായിരുന്നു.

   പിതാവിന്റെ മരണശേഷം കടലുണ്ടി മഹല്ല് ഖാളിയായ തങ്ങള്‍ മരിക്കുമ്പോള്‍ കാസര്‍കോട് ജില്ലാ സംയുക്ത ജമാഅത്ത് ഖാളിയായിരുന്നു.എസ് വൈ എസ് സംസ്ഥാന ട്രഷറര്‍,സമസ്ത കേന്ദ്ര മുശാവറ അംഗം,മള്ഹര്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.ആഖിറുല്‍ ഉംറ് ആയാല്‍ അല്‍ മസ്ലകുല്‍ ഖരീബ് എന്ന കിതാബ് മുതാല ചെയ്ത് അമല്‍ ചെയ്യണമെന്ന ശൈഖിന്റെ നിര്‍ദ്ധേശം പോലെ ഒടുവിലെത്തെ മുഴു സമയവും ഈ കിതാബിന്റെ പാരയണത്തില്‍ മുഴുകി ഇബാദത്തെടുകയായിരുന്നു ഉസ്താദ്.ചാലിയം സയ്യിദ് അഹ്മദ് സൈനുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു ഉമറുല്‍ ഫാറൂഖ് തങ്ങളുടെ ആത്മീയ ശൈഖ്.ബാഅലവി ത്വരീഖത്തായിരുന്നു തങ്ങള്‍ സ്വീകരിച്ചത്.അതിന്റെ  ഖലീഫയായിരുന്നു തങ്ങള്‍.അവിടുത്തെ പരലോക ജീവിതം നാഥന്‍ പ്രകാശ പൂരിതമാക്കട്ടെ!ആമീന്‍

-ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച,9400397681

SHARE THIS

Author:

0 التعليقات: