Friday, 16 August 2019

ഞാനാണ് നടക്കുന്നവന്‍

ഇബ്‌റാഹിം ഇബ്‌നു അദ്ഹം (റ) വിശുദ്ധ കഅ്ബയിേേലക്ക് നടന്നുപോവുകയാണ്. നടക്കുന്നതിനിടയ്ക്ക് ഒട്ടകത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സഞ്ചാരിയെ കണ്ടുമുട്ടി. ആ മനുഷ്യന്‍ ഇബ്‌റാഹിം ഇബ്‌നു അദ്ഹമിനോട് ചോദിച്ചു.
നിങ്ങള്‍ എങ്ങോട്ടാണ്?
ഇബ്‌റാഹിം ഇബ്‌നു അദ്ഹം: ഞാന്‍ കഅ്ബയിലേക്ക്
സഞ്ചാരി: നിങ്ങള്‍ക്ക് ഭ്രാന്താണോ? വാഹനമില്ലാതെ നടന്നുപോകുന്നു. ഭക്ഷണവും യാത്രാസാമഗ്രികളും നിങ്ങളുടെ കൂടെയില്ല. യാത്ര ദീര്‍ഘവുമാണ്. 

ഇബ്‌റാഹിം ഇബ്‌നു അദ്ഹം: എനിക്ക് ധാരാളം വാഹനമുണ്ട്. നിനക്ക് കാണാന്‍ കഴിയുന്നതല്ല എന്നുമാത്രം.

സഞ്ചാരി: എവിടെ വാഹനങ്ങള്‍? ഏത് വാഹനമാണ്

ഇബ്‌റാഹിം ഇബ്‌നു അദ്ഹം ഓരോ വാഹനവും പറഞ്ഞുകൊടുത്തു. എനിക്ക് വിപത്ത് എത്തിയാല്‍ ക്ഷമ എന്ന വാഹനത്തില്‍ കയറും. രണ്ടാമത്തെ വാഹനം എനിക്ക് അനുഗ്രഹം നല്‍കപ്പെട്ടാല്‍ ഞാന്‍ നന്ദിയാകുന്ന വാഹനത്തില്‍ കയറും. മൂന്നാമത്തെ വാഹനം അല്ലാഹുവിന്റെ തീരുമാനം എന്നില്‍ നടപ്പാക്കപ്പെട്ടാല്‍ ഞാന്‍ തൃപ്തിയെന്ന വാഹനത്തില്‍ കയറും.
നാലാമതായി എന്റെ ശരീരം ആഗ്രഹിക്കുന്ന ഭാഗത്തേക്ക് നീങ്ങുമ്പോള്‍ ഞാന്‍ ശരീരത്തോട് പറയും. നിന്റെ ആയുസ്സ് കഴിഞ്ഞുപോയ ആയുസ്സിനേക്കാള്‍ കുറവാണ്. ഇതുകേട്ട ആ മനുഷ്യന്‍ ഇബ്‌റാഹിം ഇബ്‌നു അദ്ഹമിനോട് പറഞ്ഞു: നിങ്ങളാണ് വാഹനം കയറിയവന്‍. ഞാനാണ് നടക്കുന്നവന്‍.

ഈ വാഹനങ്ങളാണ് നാം ഉടമയാക്കേണ്ടത്. 
ഒന്ന് ക്ഷമ. എല്ലാ മേഖലയിലും അത്യാവശ്യമാണ് ക്ഷമ. ക്ഷമയേക്കാള്‍ വിശാലവും ഉന്നതവുമായ ഒന്നും ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ല എന്ന് നബിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. ക്ഷമകൊണ്ട് അല്ലാഹുവിന്റെ സഹായം ലഭിക്കും. അവന്റെ പ്രീതി വര്‍ധിക്കും. സ്വര്‍ഗലോകം കൊണ്ട് വിജയം ലഭിക്കും.

രണ്ട്:  നന്ദി. നമ്മള്‍ നന്ദിയുള്ള അടിമകളാകണം. ആദ്യം സ്രഷ്ടാവിനോട് കാരണം ഏത് അനുഗ്രഹവും റബ്ബിന്റെ പക്കല്‍നിന്നുള്ളതാണ്. സൃഷ്ടികളോടും നന്ദി കാണിക്കണം. നബി തങ്ങള്‍ പറഞ്ഞു: ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവിനും നന്ദി കാണിക്കുകയില്ല. 

മൂന്ന്: റബ്ബിന്റെ തീരുമാനത്തില്‍ തൃപ്തിയടയുക. ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ചതിന് വിപരീതമാകും  നമുക്ക് നേരിടേണ്ടിവരുന്നത്. എന്നാലും റബ്ബിന്റെ വിധിയില്‍ തൃപ്തിയാവുക. എന്നെ പടച്ചവന്‍ അവനാണ്. അവനാണ് എന്നെ പരിപാലിക്കുന്നത്. എനിക്ക് വേണ്ടതും വേണ്ടാത്തതും അവനറിയാം എന്ന ബോധമാണ് നമ്മില്‍ ഉദിക്കേണ്ടത്. 

നാല്: ശരീരത്തിന്റെ ആഗ്രഹം തടുക്കുക. ശരീരത്തിന് വഴിപ്പെടരുത്. കാരണം പിന്നീട് ദുഃഖിക്കേണ്ടിവരും.

-അബ്ബാസ് സഖാഫി കാവുംപുറം 
(മുഹിമ്മാത്ത് ഖത്വീബ്)


SHARE THIS

Author:

0 التعليقات: