Sunday, 25 August 2019

സ്വാദ് മാറാത്ത കൂമ്പ്ല്‍ കറി

എന്‍ കെ എം ബെളിഞ്ച
9400397681

അടുക്കളയില്‍ ഇരുന്ന്  പ്രാതല്‍ കഴിക്കുന്നതിനിടയിലാണ് നഫീസമ്മായി പ്ലെറ്റ് നിറയെ കൂമ്പുലുമായി(കൂണ്‍) കോലായിലെത്തിയത്. പൊന്നുമ്മന്റെ പ്രതിരൂപമെത്തിയ പ്രതീതിയായിരുന്നു എനിക്ക്.

മനസ്സ് ഓര്‍മ്മയുടെ ഓളങ്ങളില്‍ ആനന്ദത്തിന്റെ അശ്രുകണങ്ങള്‍ പൊഴിച്ചു. ആഹ്ലാദചിത്തനായി മുറ്റത്തിറങ്ങിയപ്പോഴാണ് പൊന്നുമോന്‍ ഹഫിയും കളിക്കൂട്ടുകാരും വീട്ടുവളപ്പില്‍ കൂണ്‍ തെരയുന്നത് കണ്ടത്.എട്ടും പട്ടും തിരിയാത്ത ഹഫി മോന്‍ക്ക് കൂണ്‍(കൂമ്പ്ല്‍) എന്തെന്നറിയില്ലെന്നനിക്കറിയാം. എങ്കിലും കുട്ടികള്‍ക്കൊപ്പം പുല്ല് പൊടിയാക്കി തെരയുന്നത് ഒരു ഹരമാണ്. ചുരുക്കത്തില്‍ വീട്ടുകാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇന്നലെ പെരുന്നാളായിരുന്നു.അത്രയ്ക്കും ഇഷ്ടമാണ് കൂമ്പ്ല്‍ കറി..

ബെളിഞ്ചയിലെ നടുക്കുന്ന് തറവാട് വീട്ടിലാണ് എന്റെ താമസം. പൊന്നുമ്മ ഉണ്ടാക്കിയ കൂമ്പ്ല്‍ കറിയുടെ രുചിയോര്‍ത്ത് ഇടയ്‌ക്കൊക്കെ വായില്‍ നിന്ന് വെള്ളമീറാറുണ്ട്. അണ്ഡഗടാഹം വിറയ്പ്പിക്കുന്ന ഇടിനാദം വരുമ്പോള്‍ മുട്ട് വിറയുമെങ്കിലും കൂമ്പ്ല്‍ കറിയോര്‍ത്ത് മനസ്സ് നിറയുമായിരുന്നു.പ്രകൃതിയുടെ ചൈതന്യവും വരദാനവുമായ കൂണ്‍ പണ്ടൊക്കെ വീട്ടുവളപ്പില്‍ പൊന്തി വരുന്നത് കാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കും. വീട്ടുവളപ്പില്‍ ഉണ്ടായിരുന്ന കശുമാവിന്‍ ചുവട്ടിലും കുറ്റിക്കാടിലുമെല്ലാം ഉണ്ടായിരുന്ന കൂമ്പ്ല്‍ പറിക്കാന്‍ പ്ലാസ്റ്റിക് കൊട്ടയെടുത്ത് ഉമ്മയ്‌ക്കൊപ്പം വാല് പോലെ പോയ കാലം പഴങ്കഥയായി മാറി.

വീടിന്റെ പടിഞ്ഞാറ് വശത്ത് ഉണ്ടായിരുന്ന കശുമാവിന് നീരുള്ളിമരം എന്നാണ് ഓമനപ്പേര്. നിരുളളി പോലോത്ത പഴം കായ്ക്കുന്നതിനാലാണ് ആ പേരിന് കാരണം. കാണാന്‍ ചേലായിരുന്ന് അത്. ഭൂമിയെ ഉമ്മ വെക്കും വിധത്തില്‍ ചാഞ്ഞ് കിടക്കുന്ന നീരുള്ളി മരത്തില്‍ ദിവസവും കയറുക എന്നത് എന്റെ സന്തോഷമായിരുന്നു. മഴക്കാലമായാല്‍ ചിലപ്പോള്‍ അവന്‍ ചതിച്ചെന്ന് വരും. ഏതെങ്കിലും കൊമ്പ്‌പൊട്ടി മണ്ണില്‍ മലര്‍ന്ന് വീണിരുന്ന രംഗം ഓര്‍ക്കുമ്പോള്‍ അറിയാതെ ചിരിപ്പൊട്ടും. മരത്തില്‍ നിന്ന് വീണ് വീണ് മണ്ണിന് പോലും വേണ്ടാത്തവനായ കഥ കഴിഞ്ഞു പോയി... മഴക്കാലത്ത് കൂണ്‍ കൂടുതലും കിട്ടിയിരുന്നത് അതിന്റെ ചുവട്ടില്‍ നിന്നായത് കൊണ്ട് പെരുത്തിഷ്ടമായിരുന്നു അതിനെ.
  'ഉമ്മാ കൂമ്പ്‌ല്...കൂമ്പ്‌ല്'.. എന്നാര്‍ത്ഥു വിളിക്കുമ്പോള്‍ അരി ചേറിയിരുന്ന തട്‌പ്പെ(മുറം)യുമായി ഉമ്മ വരും.കുട പോലെ നിവര്‍ന്നും  കൂടി നില്‍ക്കുന്നതുമായ കൂണുകള്‍ ഓരോന്നായി പറിച്ചെടുത്തിരുന്ന നല്ല കാലം പ്രളയം കൊണ്ടുപോയി.?പറിച്ചെടുക്കുന്ന കൂണുകളെ നോവിക്കാനോ ചവിട്ടാനോ പാടില്ലെന്നാണ് ഉമ്മയുടെ മതം. കൂണിന് ഉമ്മ നല്‍കിയ ആദരവ് കാണുമ്പോള്‍ പലപ്പോഴും ചിരിവരും. അറിയാതെ ചവിട്ടിപ്പോയാല്‍ തന്നെ കിട്ടുന്ന കൊള്ളി കൊണ്ട് പുറം കാച്ചും.ഉമ്മയുടെ അടി കാണുമ്പോള്‍ ഏതോ തങ്ങളുട്ടിയെ ചവിട്ടിയ പോലെയാണ്. 
അത്യാവശ്യം വലിപ്പമുള്ള തട്‌പ്പെ (മുറം) യാണ് അന്നുണ്ടായിരുന്നത്. നടുക്കുന്നില്‍ ഒരു ജുമുഅന്റെ ആളുണ്ടെന്നാണ് ചിലര്‍ പറയാറ്. എല്ലാവര്‍ക്കും വേണ്ടി വലിയ ചെമ്പില്‍ ചോറിന് അരി ഇടും. അരിയില്‍ എന്തെങ്കിലും കൂറയോ, പുഴുവോ, പൊടിയോ ഉണ്ടെങ്കില്‍ പെറുക്കി നന്നാക്കി എടുക്കാനാണ് തട്‌പ്പെ ഉപയോഗിച്ചിരുന്നത്. അരിസേറ്ന്ന തട്‌പ്പെ, എന്നാണ് അതിന്റെ നാട്ടു ഭാഷ.

ചിലപ്പോള്‍ ഒന്നോ രണ്ടോ മുറം കൂണ്‍ കിട്ടും.വീട്ടുവളപ്പില്‍ ഉണ്ടായിരുന്ന മൊള്ക്കാല്‍(മുള) ചുവട്ടിലും നിറയെ കൂണ്‍ കിട്ടിയിരുന്നു.പ്രത്യേക തരം മണം അടിച്ചു വീശിയാല്‍ എവിടെയോ കൂമ്പ്ല്‍ മുളച്ചിട്ടുണ്ടെന്നാണ് ജ്ഞാനം.പിന്നെ കാടടക്കി തെരയലാണ് പണി. അന്നുണ്ടായിരുന്ന നീരുള്ളി മരവും,മുളക്കാലുമെല്ലാം വീടിന് വഴിമാറി. ഇപ്പോള്‍ ഒരേ വളപ്പില്‍ മൂന്ന് വീട്. 

മഴക്കാലമായാല്‍ ഇടിയും മിന്നലും വരാന്‍ കാത്തിരിക്കും. ഇടി വന്നാല്‍ കൂമ്പ്ല്‍ കിട്ടുമെന്ന സന്തോഷമാണ് കാരണം. കൂമ്പ്ല്‍ കറി മാംസക്കറിയുടെ സ്ഥാനത്തായിരിക്കും.കല്യാണ വീടുകളില്‍ പോലും അപൂര്‍വ്വമായാണ്  മാംസക്കറികള്‍ കിട്ടിയിരുന്നത്.ഉണ്ടെങ്കില്‍ തന്നെ രണ്ട് കഷ്ണം ഇറച്ചി കിട്ടാന്‍ യുദ്ധത്തിനിറങ്ങണം. ടേബിളില്‍ മൂന്ന് കളമുള്ള സ്റ്റീല്‍ബട്ട(പ്ലെയ്റ്റ്) യില്‍ ചോറ് വിളമ്പി വെച്ചാല്‍ ഓരോര്‍ത്തരും ഇരുന്ന് സീറ്റ് പൂര്‍ത്തിയാക്കും.ഏതെങ്കിലും പ്ലൈറ്റ് ബാക്കിയായാല്‍ ആരും അറിയാതെ നമ്മുടെ പ്ലെയ്റ്റിലേക്ക് ചോറും കറിയും തട്ടും. അങ്ങനെ ഒരു ഇറച്ചി കഷ്ണം കൂടുതല്‍ കിട്ടും. കിട്ടിയവന് ഭാഗ്യം...

ചുരുക്കത്തില്‍ ഇറച്ചിക്കറിയോടുള്ള ഹുബ്ബ് തീര്‍ന്നിരുന്നത് കൂണ്‍ കറി കിട്ടുമ്പോഴായിരുന്നു.വീട്ടില്‍ കൂമ്പ്ല്‍ കറി ഉണ്ടാക്കിയ ദിവസം തീറ്റ മത്സരമായിരിക്കും.ചിലപ്പോള്‍ എനിക്കും കഞ്ചൂനും(അനുജത്തി ഖദീജ) ചെറിയ കിണ്ണത്തില്‍(കറി പാത്രം) കിട്ടിയിരുന്ന കറിയില്‍ കൂമ്പ്‌ലിന്റെ മണം മാത്രമായിരിക്കും. എങ്കിലും പള്ള നിറയെ ചോറ് തിന്നിരുന്നു...
   
തട്‌പ്പെ നിറയെ കൂമ്പ്ല്‍ കിട്ടിയാല്‍ ഉമ്മ ഓതി (ഓഹരി) വെക്കും.ഗുണ്ടിളം മറിയമ്മായിക്ക് കൊടുത്തില്ലെങ്കില്‍ ഉമ്മാക്ക് ഉറക്കം വരൂല. ഗുരിയടുക്കം കാക്കാമാര്‍ക്ക് (അമ്മാവന്‍മാര്‍) കറി കൊടുത്തയക്കലാണ് പതിവ്. ചിലപ്പോള്‍ അവര്‍ വീട്ടിലെത്തും. പാചകത്തില്‍ ഉമ്മാക്ക് ഭയങ്കര കൈയ്‌പൊല്‍സെന്നാണ് കേളി.അത്രയ്ക്കും സ്വാദാണ് ഉമ്മാന്റെ ചോറും കറിയും.കുടുംബത്തില്‍ പരിപാടികളുണ്ടെങ്കില്‍ ഉമ്മയായിരിക്കും പാചക മാസ്റ്റര്‍.ഉമ്മ കൈവെച്ചാല്‍ ചക്കക്കറിപോലും തങ്കക്കറിയാകും. അതാണ് നടുക്കുന്നിലെ ഇഞ്ഞ..

പള്ളിയിലെ ഉസ്താദിനാണ് മറ്റൊരു ഓതി. അതൊരു നേര്‍ച്ചയായാണ് കാണുന്നത്.അപൂര്‍വ്വമായി ഉണ്ടാക്കുന്ന കറികള്‍ പള്ളിയിലെ ഉസ്താദുമാര്‍ക്ക് കൊടുക്കുക എന്നത് പഴയ നാട്ടുനടപ്പാണ്.അതില്‍ പ്രത്യേകം ബര്‍ക്കത്തുണ്ടെന്നാണ് വിശ്വാസം.വീട്ടുകാര്‍ക്കില്ലെങ്കിലും ഉസ്താദുമാര്‍ക്ക് കൊടുക്കണമെന്നത് ഉമ്മയുടെ സൂക്കടാണ്. കൂമ്പ്ല്‍ കറി കൊടുത്താലും തല്ലിന് ഒരു കുറവും വരുത്തൂല.മൂസ മുക്രിക്കാണ് കൂടുതലും കറി കൊടുക്കാറ്. നുച്ചി വടിയില്‍ അദ്ദേഹം തരുന്ന തല്ല് ഓര്‍ത്താല്‍ പച്ച വെള്ളം പോലും കൊടുക്കൂല.പക്ഷെ  അടിയുടെ കാര്യം ആരോട് പറയാന്‍.പള്ളിയില്‍ പോയാല്‍ ഉസ്താദിനും വീട്ടിലെത്തിയാല്‍ ഉമ്മാക്കും കൊട്ടാനുള്ള ചെണ്ടയായിരുന്നു ഞാന്‍....

    നഫീസമ്മായി തന്ന കൂമ്പ്ല്‍ കണ്ടപ്പോള്‍ കൊതിതീര്‍ത്ത് കറി കൂട്ടാമെന്ന് കരുതി.പക്ഷെ ഓക്കെന്ത് കൂണ്.എങ്കിലും കറി കലക്കി.കൂണ്‍ കറിക്കായി കാത്തിരുന്ന പൊന്‍ കാലം മിന്നി മറഞ്ഞു. ഒരു കറി ഒരാഴ്ച വരെ നീട്ടി വെക്കും. അത്രയും പോരിശയായിരുന്നു കൂണ്‍ ല്‍ കറിക്ക്.
കൂണ്‍ മരുന്നാണെന്ന് ഉമ്മ പറയുമ്പോള്‍ കളിയാക്കി ചിരിച്ചിരുന്ന കുട്ടിക്കാലമോര്‍ത്ത് തേങ്ങാനെ എനിക്കാവൂ.ഉമ്മയാണ് ശരിയെന്ന് പിന്നെ യും പിന്നെയും തെളിയിക്കുകയാണ് ഓരോ കൂണ്‍ കാലവും.

കൂണ്‍ പ്രകൃതിയുടെ പ്രതിഭാസം മാത്രമല്ല. വിലപ്പെട്ട ഔഷധമാണ് 
 പ്രോട്ടീന്‍, വൈറ്റമിന്‍, ധാതുക്കള്‍, അമിനോആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത് ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും.

കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് കൂണ്‍. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കുറവാണ്. കൊഴുപ്പും തീരെ കുറവ്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകളും എന്‍സൈമുകളുമാണ് ഇതിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നത്.

പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും.

  
അസുഖങ്ങള്‍ തടയാനും കൂണ്‍ നല്ലതാണ്. ഇവയില്‍ എര്‍ഗോതയോനൈന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. പെന്‍സിലിന് സമാനമായ നാച്വറല്‍ ആന്റിബയോട്ടിക്സ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫംഗസ് അണുബാധ തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്ന അപൂര്‍വം ഭക്ഷണസാധനങ്ങളില്‍ ഒന്നാണ് മഷ്റൂം. ഇവയില്‍ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സാധാരണയായി സെലേനിയം മാംസ്യത്തില്‍ നിന്നാണ് ലഭിക്കുക. ഇതുകൊണ്ടു തന്നെ സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ക്ക് മാംസ്യഗുണം നല്‍കുന്ന ഭക്ഷണമായി കൂണ്‍ മാറുന്നു.


SHARE THIS

Author:

0 التعليقات: