Friday, 9 August 2019

അറഫാ സംഗമം

പ്രധാന പകലുകളില്‍ ഒന്ന്. പിശാച് ഏറ്റവും നിന്ദ്യനും നിരാശനും വഷളനുമായി കാണപ്പെടുന്ന ദിവസം. മോഹഭംഗം കൊണ്ട് പിശാച് ചെറുതാകുന്ന ദിനം. തല്‍ബിയത്തിന്റെ വാചകങ്ങളാല്‍ പ്രകൃതിമനോഹരമാകുന്ന മുഹൂര്‍ത്തം. അറഫാ മണ്ണില്‍ ഹാജിമാര്‍ ഒത്തുചേരുന്ന നിമിഷം.

അറഫാ സംഗമത്തില്‍ ഭാഗഭാക്കാകാന്‍ കഴിയാത്തവര്‍ക്കും നന്മയില്‍ വ്യാപൃതരായി ഈ ദിനത്തില്‍ ആത്മീയ ചൈതന്യം നേടിയെടുക്കാന്‍ സാധിക്കും. നരകത്തില്‍നിന്നും കൂടുതല്‍ ജനങ്ങള്‍ മോചിപ്പിക്കപ്പെടുന്ന ദിനമാണ് അറഫാ ദിനം. ഹാജിമാരുടെ അറഫയിലെ നിര്‍ത്തമാണ് ഹജ്ജിന്റെ ഏറ്റവും ശ്രദ്ധേയമായ കാതലായ ഭാഗം. അതുകൊണ്ടാണ് നബി തങ്ങള്‍ (സ) പറഞ്ഞത്.
ഹജ്ജ് എന്നത് അറഫയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന മില്യണ്‍ കണക്കിന് ജനം അറഫാ മൈതാനിയില്‍ ഒരുമിച്ചുകൂടുന്നു. അതാണ് അറഫയുടെ മഹത്വം. മക്കയില്‍നിന്ന് ഏകദേശം ഇരുപത്തിഒന്ന് കിലോമീറ്റര്‍ ദൂരെ പതിനഞ്ച് കിലോ മീറ്റര്‍ നീളവും ഏഴ് കിലോമീറ്റര്‍ വീതിയുമുള്ള വിശാലമായ ഒരു മൈതാനിയാണ് അറഫാ മൈതാനം. മൂന്ന് ഭാഗവും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടതാണ്മ. 
പുണ്യനബിയുടെ വാചകങ്ങളില്‍ അറഫ എന്നും വിശുദ്ധ ഖുര്‍ആനില്‍ അറഫാത്ത് എന്നും വിശേഷിക്കപ്പെടുന്നു.
ദുല്‍ഹിജ്ജ ഒമ്പതിന് അറഫാദിനം എന്ന് പറയപ്പെടും. നബിതങ്ങള്‍ പറഞ്ഞു: ദിവസങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് അറഫാ ദിവസമാണ്  (ശ്രേഷ്ഠമായ പകല്‍ അറഫാ പകല്‍). നബി തങ്ങള്‍ പറഞ്ഞു : അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ഭൂമിയുടെ, ആകാശത്തേക്ക് ഇറങ്ങിവരുന്നു. അല്ലാഹു ഭൂമിയിലെ ആളുകളെ കൊണ്ട് മലക്കുകളോട് അഭിമാനം പറയും. 
നിങ്ങള്‍ എന്റെ അടിമകളായ അറഫയില്‍ ഒരുമിച്ചുകൂടിയവരിലേക്ക് നോക്കൂ, അവര്‍ എന്റെ അടിമകളാണ്. ലോകത്തിന്റ എല്ലാ മുക്കുമൂലകളില്‍ നിന്നാണവര്‍ എത്തിച്ചേര്‍ന്നത്. ജഡകുത്തിയവരായി, ശരീരം ക്ഷീണിച്ചവരായി, മണ്ണ് പുരണ്ടവരായി അവര്‍ എന്നോട് യാചിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.... എന്നുപറഞ്ഞ് അല്ലാഹു അഭിമാനിക്കും.
എന്റെ കാരുണ്യപ്രതീക്ഷിച്ചാണ് അവര്‍ എത്തിച്ചേര്‍ന്നത്. യഥാര്‍ത്ഥത്തില്‍ എന്റെ ശിക്ഷ അവര്‍ കണ്ടിട്ടില്ല. ദുനിയാവില്‍ വെച്ച് കാണാന്‍ അവര്‍ക്ക് സാധ്യമല്ല. 

മരണശേഷം ഒരു ശിക്ഷയുണ്ട് എന്ന ഒരു താക്കീത് മാത്രമാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളത്. അതിലുളള വിശ്വാസമാണ് ഈ കാണുന്നത് എന്ന് മലക്കുകളോട് അല്ലാഹു പറയും. പുണ്യനബി അറഫയില്‍ നിന്ന ദിവസം ബിലാല്‍ (റ) യെ വിളിച്ച് ജനങ്ങളോട് മൗനമാകാന്‍ വിളിച്ചുപറയാന്‍ ആവശ്യപ്പെട്ടു. ബിലാല്‍ തങ്ങള്‍ അത് ചെയ്തു.
എല്ലാവരും നിശ്ശബ്ദരായി. ഉടനെ നബിതങ്ങള്‍ പറഞ്ഞു: നിശ്ചയം അല്ലാഹു അറഫയില്‍ ഹാജരായ എല്ലാവര്‍ക്കും പൊറുത്തിരിക്കുന്നു.  

ഉമര്‍ (റ) ചോദിച്ചു: ഇത് ഞങ്ങള്‍ക്ക് മാത്രമുള്ള അനുഗ്രഹമാേേണാ? ഞങ്ങള്‍ക്കു ശേഷം വരുന്ന സമൂഹങ്ങള്‍ക്ക് ഇത് ബാധകമാണോ? നബിതങ്ങള്‍ പറഞ്ഞു: എനിക്കുശേഷം വര്‍ഷാവര്‍ഷം ഇഖ്‌ലാസോടു കൂടി ഇവിടെ ഒരുമിച്ചുകൂടി പൊറുക്കലിനെ തേടുന്ന എല്ലാവര്‍ക്കും  പൊറുക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം തീരുമാനിക്കപ്പെട്ടിരിക്കുന്നു.
പ്രാര്‍ഥനകളില്‍ ഏറ്റവും ശ്രേഷ്ഠം അറഫാദിനത്തിലെ പ്രാര്‍ഥനയാണെന്ന് നബിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. 

അറഫാദിനത്തിലെ നോമ്പ്. അറഫാ ദിനം സംഭവിക്കുന്ന വര്‍ഷത്തിലെ പാപവും അതിന്റെ ശേഷമുള്ള വര്‍ഷത്തിലെ പാപവും പൊറുക്കപ്പെടും എന്ന് നബിതങ്ങള്‍ പറഞ്ഞു. 
ദുല്‍ഹിജ്ജ എട്ടിനും കൂടി നോമ്പെടുക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ്.

-അബ്ബാസ് സഖാഫി കാവുംപുറം


SHARE THIS

Author:

0 التعليقات: