Friday, 30 August 2019

വിലപ്പെട്ടത്

കൈകുഞ്ഞുമായി അവള്‍ പ്രയാണം തുടരുകയാണ്... 
പ്രവിശാലമായ മരുഭൂമിയുടെ സങ്കീര്‍ണ്ണതകള്‍ താണ്ടിയുളള യാത്ര!..
പാല്‍പല്ല് കാട്ടി പുഞ്ചിരിക്കുന്ന ഓമനയുടെ ചെങ്കവിളില്‍ ഇടക്കിടെ അവള്‍ ചുടുമുത്തം വെക്കുന്നുണ്ട്.  

വെയില്‍ ആറിയ സായാഹ്നത്തില്‍ അവള്‍ വലിയൊരു ഗുഹക്ക് സമീപം എത്തി. ഉള്ളില്‍ നിന്ന് മധുരമായ ഒരു ശബ്ദം പുറമേക്ക് ഒഴുകുന്നത് അവള്‍ ശ്രവിച്ചു,
' നിങ്ങള്‍ക്ക് വേണ്ടതെല്ലാം അകത്ത് ഉണ്ട്. കയറി എടുത്തുകൊള്ളുക പക്ഷേ വിലപ്പെട്ടവയൊന്നും വിട്ടേക്കരുത് '.
മോഹന വാഗ്ദാനത്തില്‍ അകൃഷ്ടയായ അവള്‍ കൗതുകത്തോടെ ഗുഹാമുഖത്തേക്ക് ഓടി.  വിളമ്പരം ഒന്നു കൂടി ആവര്‍ത്തിക്കപ്പെട്ടു. 
'അകത്ത് കടന്നു നിങ്ങള്‍ക്ക് വേണ്ടതെല്ലാം എടുക്കാം, അല്പം സമയം മാത്രം. പിന്നെ ഗുഹാമുഖം അടക്കപ്പപെടും. പിന്നീടൊരിക്കലും തുറക്കപ്പെടില്ല . സൂക്ഷിക്കുക  നിങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവയൊന്നും മറന്നു പോകരുത് '.
പൊടുന്നനെ അവര്‍ക്കു മുന്നില്‍ കവാടം തുറക്കപ്പെട്ടു.
ജിഞ്ജാസവതിയായി ഉള്ളില്‍ കടന്ന അവളുടെ കണ്ണുകള്‍ തള്ളിപ്പോയി...

നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത തിളക്കത്തില്‍ വിലപ്പെട്ട രത്‌നങ്ങളും മുത്തുകളും!...
വൈഡൂര്യത്തില്‍ കോര്‍ത്ത മാലകള്‍ !.
വര്‍ണ്ണാതീതമായ സൗന്ദര്യ പ്രപഞ്ചത്തില്‍  മതിമറന്ന അവള്‍ ചാടിച്ചാടി അവ ഓരോന്നും വാരിക്കൂട്ടാന്‍ തുടങ്ങി. ഇരുകൈകളും നിറഞ്ഞപ്പോള്‍ ഒക്കത്തിരുന്ന കുഞ്ഞിനെ എടുത്ത് അവിടെ കണ്ട പീഠത്തില്‍ ഇരുത്തി. 
ഓരോന്ന് എടുക്കുമ്പോഴും അതിനേക്കാള്‍ മനോഹരമായവ അതിനപ്പുറം തെളിയുന്നു..
വിളംബരം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. 
കൂടെ ശേഷിക്കുന്ന സമയത്തെ കുറിച്ച് അറിയിപ്പും...

അവസാനമായി കനത്ത ശബ്ദത്തില്‍ അന്ത്യശാസനം വന്നു. 'നിങ്ങളുടെ സമയമിതാ അവസാനിക്കുന്നു. കവാടം അടക്കപ്പെടും. ഉടന്‍ പുറത്ത് കടക്കുക. വിലപ്പെട്ടവ ഉപേക്ഷിക്കാത്തവര്‍ സന്തുഷ്ടരാകും'.

പരിഭ്രമത്തോടെ തിരക്കിട്ട് അവള്‍ പുറത്തേക്ക് ചാടിയിറങ്ങി.   
അതോടെ വലിയ ശബ്ദത്തില്‍ കവാടം കൊട്ടിയടക്കപ്പട്ടു...

അപ്രതീക്ഷിത സൗഭാഗ്യത്തില്‍ മതിമറന്ന അവളുടെ ആനന്ദാഘോഷം നീണ്ടില്ല. പൊടുന്നനെ അവളുടെമനസ്സില്‍ കൊള്ളിയാന്‍ മിന്നി!
കുഞ്ഞെവിടെ ? എന്റെ കുഞ്ഞേ......
അവള്‍ നീട്ടി വിളിച്ചു.. 
ഇരുകൈയിലും വാരിക്കൂട്ടിയ മുത്തുരത്‌നാതികള്‍ വലിച്ചെറിഞ്ഞവള്‍ ഗുഹാകവാടത്തിലേക്ക് തിരിഞ്ഞോടി.. 
അവിടം ശൂന്യം.!
അടയാളം ബാക്കി വെക്കാതെ അവയൊന്നായി അപ്രത്യക്ഷമായിരിക്കുന്നു.
അവള്‍ നിലവിളിച്ചു. ആര്‍ത്തട്ടഹസിച്ചു... മണല്‍തരികള്‍ വാരി തലയില്‍ കമിഴ്ത്തി....
ആടയാഭരണ വിസ്മയത്തില്‍ അന്ധാളിച്ചു പോയ നിമിഷത്തെ അവള്‍ ശപിച്ചു...
കേള്‍ക്കാന്‍ കാതുകളില്ലാത്ത മണലരണ്യത്തില്‍ അവളുടെ തൊണ്ട പൊട്ടിയ ആര്‍ത്തനാദം മുഴങ്ങിക്കൊണ്ടേയിരുന്നു.... 

**    **   **
 മനുഷ്യാ ഇതാണ്  ഐഹിക ജീവിതം! .
ഇവിടുത്തെ സുഖലോലുപതയില്‍ പരിലസിച്ചു  നിന്റെ 'വിലപ്പെട്ടത്' നീ മറക്കരുത്. 
നിനക്ക് വിലപ്പെട്ടത് നിന്റെ ഈമാനാണ്.
അത് മറക്കാതെ സൂക്ഷിക്കാന്‍ നാഥന്റെ സന്ദേശ വാഹകരും മഹത് ഗ്രന്ഥവും  മുന്നറിയിപ്പ് നല്കിക്കൊണ്ടേയിരിക്കുന്നു!...
നൈമിഷിക ആനന്ദത്തില്‍ ആഹ്‌ളാദിച്ച് നീയത് നഷ്ടപ്പെടുത്തരുത്.
ലക്ഷ്യ ബോധമുള്ളവന്‍ വഴിയോരക്കാഴ്ചകളില്‍ ഭ്രമിക്കില്ല !

-------------     -------      ----------
അല്‍ അസാസ് എന്ന അറബിക്കഥയുടെ 
സ്വതന്ത്ര മൊഴിമാറ്റം. 

         -അബ്ദുല്‍ ഫത്താഹ് സഅദി


SHARE THIS

Author:

0 التعليقات: