Friday, 9 August 2019

സംസ്ഥാനത്ത് അതിതീവ്രമഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി; ഓരോരുത്തരും രക്ഷാപ്രവര്‍ത്തകരാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മുഖമന്ത്രി. മഴക്കെടുതിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം ചേരുന്നത് വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 22 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രതികൂലസാഹചര്യം നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്-

മൂന്ന് ദിവസമായിട്ട് കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. നദികളില്‍ അപകടകരമാം വിധം വെള്ളമുയരുന്നു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിള്‍ അതിതീവ്രമഴയാണ്. ആഗസ്റ്റ് 15 ന് വീണ്ടും മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യംപ് തുറന്നിട്ടുണ്ട്. 5936 കുടുംബങ്ങളിലായി 22165 പേര്‍ ക്യാംപില്‍ കഴിയുന്നു.

വയനാടാണ് കൂടുതല്‍ പേര്‍ ക്യാംപില്‍ കഴിയുന്നത്- 9951 പേര്‍. സംസ്ഥാനത്ത് 24 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.

മേപ്പാടിയില്‍ വലിയ ഉരുള്‍പൊട്ടലാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കുന്നുകള്‍ക്കിടയിലുള്ള സ്ഥലം ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്സിന്റെ സേവനം ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് മതിയായ യന്ത്രങ്ങള്‍ ഇല്ലാത്ത സാഹചര്യമുണ്ട്. അത് ഒരുക്കേണ്ടതുണ്ട്. മേപ്പാടിയിലും നിലമ്ബൂരും കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തിലാണ് പ്രളയം നേരിടേണ്ടിവന്നത്. അതില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തില്‍ നിന്നാണ് പുതിയ ദുരന്തം ഉണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലുള്ള തീവ്രപ്രളയത്തിന് സാധ്യതയില്ല.

അതേസമയം ജാഗ്രത പാലിക്കണം. ദുരന്തബാധിത ജില്ലകളിലേക്ക് മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അണക്കെട്ട് തുറക്കുമ്‌ബോള്‍ മുന്നറിയിപ്പ് നല്‍കും.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 ടീം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്സിന്റെ 3 ടീം തയ്യാറാകുന്നു. 3 കോളം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പാലക്കാട്ടേക്ക് മദ്രാസ് റെജിമെന്റ് ടീം പുറപ്പെടും


SHARE THIS

Author:

0 التعليقات: